ഹരിത ഹിന്ദുത്വവും ഭക്ഷണത്തിന്റെ നവ-സാമൂഹികതയും

ഭക്ഷണത്തിലെയും പരിസ്ഥിതിയുടെയും ഇടപെടലുകളിലൂടെ പുതിയ സദാചാരങ്ങളെ നിര്‍ണ്ണയിക്കുകയും, ”നല്ല സ്ത്രീ” ”നല്ല പുരുഷന്‍” ”ചീത്ത സ്ത്രീ” ”ചീത്ത പുരുഷന്‍” തുടങ്ങിയ സ്ഥിരമായ ദ്വന്ദ്വങ്ങള്‍ക്കുപുറമേ ദേശത്തിലെ ”നല്ല പ്രജ” ”ചീത്ത പ്രജ” എന്ന ദ്വന്ദ്വത്തിന്റെ സ്ഥിരപ്പെടുത്തലുകള്‍കൂടി ഹിന്ദുത്വം നടത്തുന്നു. അങ്ങിനെ ചരിത്രത്തിന്റെ ഒഴുക്കിനെയും, സാമൂഹ്യബന്ധങ്ങളുടെ പരിണാമങ്ങളെയും മാറ്റിനിര്‍ത്തി ”ശുദ്ധിയെ”യും ”പവിത്രതയെയും” ഉയര്‍ത്തിക്കാണിക്കുന്ന പുതിയ ഹിന്ദു രാഷ്ട്രീയമാണ് ഹരിത-ഭക്ഷണ രാഷ്ട്രീയത്തിലൂടെ കേരളത്തിലും ഹിന്ദുത്വം മുന്നോട്ടുവെക്കാന്‍ പോകുന്നത്. ഈ രണ്ടു വിഷയങ്ങളിലൂടെ ഹിന്ദുത്വം എന്നത് ജനാധിപത്യത്തിന്റെ നീട്ടിവെക്കപ്പെട്ട ഒരു യുക്തിമാത്രമാണെന്ന് വരുത്തിത്തീര്‍ക്കുക എന്നതും അവര്‍ ആഗ്രഹിക്കുന്നു.

 ”അസുരന്‍ കൊണ്ടുപോയി നശിപ്പിക്കുന്ന ഭൂമി വീണ്ടെടുക്കാന്‍, അസുരനെ നിഗ്രഹിച്ചു വരാഹവതാരമെടുത്തു ഭൂമിയെ തേറ്റയില്‍ പോക്കിക്കൊണ്ടുവന്നു യഥാസ്ഥാനത്തു പ്രതിഷ്ഠിച്ച ശ്രീ മഹാവിഷ്ണുവിനെ നമുക്കറിയാം… ഇവിടത്തെ ഹിന്ദുവിന്റെ മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നതു ആ വരാഹവതാരമാരാണെന്ന് എനിക്കറിയാം” (ആറന്മുളയില്‍ ശശികല ടീച്ചര്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്)
ഴിഞ്ഞ നാല് ദശകങ്ങളായി ഉത്തരേന്ത്യയിലെ പലമേഖലകളിലും, ഇപ്പോള്‍ കേരളത്തിലും ഹിന്ദുത്വത്തിന്റെ മുഖ്യഅജണ്ടയായിരിക്കുകയാണ് പരിസ്ഥിതി രാഷ്ട്രീയം. പരിസ്ഥിതി-വൃത്തി-സസ്യഭക്ഷണം എന്നിവയെ കോര്‍ത്തിണക്കി ശ്രേണീബന്ധിതമായ ഒരു ഗ്രാമ-സാമൂഹ്യ വ്യവസ്ഥയെയും, വിഭാഗീയതയെ സ്ഥിരമായി നിലനിര്‍ത്തുന്ന നഗര ഇടങ്ങളെയും നിര്‍മ്മിക്കുക എന്നതാണ് ഈ രാഷ്ട്രീയത്തിന്റെ കാതല്‍. പരിസ്ഥിതി രാഷ്ട്രീയം ഹിന്ദുത്വയുടെ സാംസ്‌കാരിക-രാഷ്ട്രീയ അജണ്ടകളെ ശക്തിപ്പെടുത്തുന്ന സംവിധാനമായി എങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ കൃത്യമായ ചിത്രം, ഈ വിഷയത്തെ ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്തവരില്‍ ഒരാളായ മുകുല്‍ ശര്‍മയുടെ ‘Green and  Saffron’ എന്ന പഠനം വരച്ചുവെക്കുന്നു. ”പച്ച” (പരിസ്ഥിതി) യുടെ ”കാവിവല്‍ക്കരണത്തിലൂടെയും’, ”കാവിയുടെ പച്ചവല്‍ക്കരണത്തിലൂ”ടെയും ഹിന്ദുത്വ രാഷ്ട്രീയം എങ്ങിനെയാണ് പൊതുജന സ്വീകാര്യത പിടിച്ചുപറ്റുന്നത് എന്നത് വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ കൃതി. അണ്ണാഹസാരെയുടെ സനാതന-ധാര്‍മിക ഗ്രാമവും, ”വിശുദ്ധ” നഗരമായ മഥുരയിലെ വൃന്ദാവനിലെ വനനശീകരണവും, ഹിന്ദുത്വ രാഷ്ട്രീയത്തിന് ആകര്‍ഷണീയമാകുന്നതിന്റെ യുക്തിയും ഇതുതന്നെയാണ്.
തങ്ങള്‍ താല്പര്യപ്പെടുന്ന ഗ്രാമ സാമൂഹികതയുടെ മാതൃകയായ അണ്ണാഹസാരയുടെ ഗ്രാമം കാല്‍പ്പനികതകള്‍ക്ക് പുറത്തു ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകള്‍ക്കകത്താണ് വായിക്കപ്പെടേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദങ്ങളില്‍ പ്രമുഖം. പരിസ്ഥിതി ഇടപെടലുകളും ”ശുദ്ധീകരണമെന്ന പുതിയ സാംസ്‌കാരിക സംരംഭങ്ങളും, ”ഗ്രാമങ്ങളെ ഏറ്റെടുക്കലുകളും” ജാതി-വര്‍ഗ്ഗ-തൊഴില്‍ സമൂഹങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാനപരമായ വര്‍ഗീകരണത്തെ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ തന്നെയാണ് കൂടുതലുള്ളത്. രാലെഗാന്‍ സിദ്ധി സന്ദര്‍ശിച്ച ഒരാളെന്ന നിലക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ഗ്രാമത്തെ ”അശുദ്ധമാക്കാന്‍” അവകാശമുള്ള ഉപരിജാതികളുടെ സേവകരായി ചമാര്‍ പോലെയുള്ള ദളിത് സമൂഹങ്ങളെ സ്ഥിരമായി ആശ്രിതരായി നിലനിര്‍ത്തുന്ന സാംസ്‌കാരിക പരിസരങ്ങളുടെ നിര്‍മ്മാണവും പരിസ്ഥിതിശുദ്ധി- ഇടപെടലുകളുടെ സ്വാഭാവിക പരിണിതിയായി ഇത് മാറിയിട്ടുണ്ട് എന്നാണ്.
ഇങ്ങനെയുള്ള ശ്രേണി ബദ്ധിതമായ സാമൂഹികതയില്‍ പുതിയ ”ശുദ്ധീകരണ” പ്രക്രിയകളുടെ വ്യാകരണം സമൂഹത്തിലെ ഒരു ജനവിഭാഗത്തിന് ബാധ്യതയായി മാറുന്ന സാമൂഹ്യാവസ്ഥ അതുകൊണ്ട് തന്നെ തള്ളിക്കളയാന്‍ പറ്റില്ല. നവ-ലിബറല്‍ രാഷ്ട്രീയ-സാമ്പത്തിക പരിസരങ്ങളില്‍ വികസിത മാലിന്യങ്ങളെ ചുമക്കേണ്ടി വരുന്ന വികസ്വര രാജ്യങ്ങളുടെ അവസ്ഥതന്നെയാണ്, മധ്യ വര്‍ഗ-ജാതികളുടെ ഗ്രാമ-നഗര മാലിന്യങ്ങളെ വഹിച്ച് ശുദ്ധീകരിക്കേണ്ട ദളിത്-പിന്നോക്ക ശരീര-വാസ സ്ഥലങ്ങള്‍ കാണിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ശുദ്ധി-വൃത്തി-പരിസ്ഥിതി ഭക്ഷണം എന്നിവ വ്യവഹരിക്കുന്നത് മത-ജാതി പരിസരങ്ങളിലാണെന്നത് കൊണ്ടുതന്നെ വൃത്തിയാകാന്‍ നിയോഗിക്കപ്പെടുന്നവര്‍, ബനഘി പോലുള്ള ദളിത് സമൂഹങ്ങള്‍, ജാതിയിലധിഷ്ഠിതമായ ചൂഷക ഉല്പാദന-വ്യവഹാര മണ്ഡലങ്ങളിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിപ്പോകുന്നതും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കാം.
   ഇത്തരത്തിലുള്ള പരിസരങ്ങളുടെ സാധ്യതകള്‍ ആരായുന്ന ഹിന്ദുത്വത്തിന്റെ ശക്തമായ ദൃശ്യങ്ങള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത് കൂടുതല്‍ ശക്തമാക്കുകയാണ് പരിസ്ഥിതിയും ഭക്ഷണ സംബന്ധവുമായുള്ള പുതിയ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും. പുരോഗമന, മതേതര കാഴ്ചപ്പാടുകളുള്ള സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും കൈകാര്യം ചെയ്തിരുന്ന പരിസ്ഥിതി ഇടപെടലുകള്‍ വി.എച്ച്.പി, ഹിന്ദു ഐക്യവേദി പോലുള്ള തീവ്ര-ഹിന്ദുത്വ സംഘടനകള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതിന്റെ രാഷ്ട്രീയം ആരായുന്നത് കേരളത്തിന്റെ സാമൂഹ്യ അവസ്ഥയില്‍ അനിവാര്യമാകുന്നതും അതുകൊണ്ടുതന്നെ. വലതുപക്ഷ ഹിന്ദു സംഘടനകള്‍ ആദ്യമായി, ആവരണങ്ങളില്ലാതെ എല്ലാ പ്രകടനാല്മകതകളും പുറത്തെടുത്തുകൊണ്ട് ഇടപെട്ട ആറന്മുള വിമാനത്താവള വിഷയത്തിന്റെ പരിസരത്തില്‍നിന്നാണ് ഈ വിഷയത്തെ അതുകൊണ്ട് തന്നെ സമീപിക്കുന്നത്.
പരിസ്ഥിതി വിഷയങ്ങളിലൂടെ വലതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സ്വീകാര്യതയുടെ മുഖം സൃഷ്ടിക്കുകയും അതിലൂടെ പുതിയ സാമൂഹ്യക്കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന രാഷ്ട്രീയത്തിനെ പരീക്ഷിക്കുകയായിരുന്നു ഹിന്ദുത്വം നേരിട്ടിടപെട്ട ആറന്മുള വിമാനത്താവള വിഷയം. വിമാനത്താവളമെന്ന ”മതേതര” പ്രശ്‌നത്തെ മുന്‍നിര്‍ത്തി, ”ആറന്മുള ക്ഷേത്രം”, ”പൈതൃകം”, ”ധാര്‍മിക ശുദ്ധി” എന്നിവ ചര്‍ച്ചയാക്കാനായിരുന്നു മേല്‍പറഞ്ഞ സംഘടനകള്‍ കൂടുതലായും ശ്രമിച്ചത്. വിമാനത്താവള പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന വലതുപക്ഷ-അതിദേശീയതയുടെ കേരളത്തിലെ ഏറ്റവും ശക്തരായ വക്താക്കളായ കുമ്മനം രാജശേഖരന്റെയും, ശശികല ടീച്ചറുടെയും വാക്കുകളില്‍ നിരന്തരം മുഴങ്ങിയിരുന്നത് ആറന്മുളയുടെ ”ഹിന്ദു സ്വത്വം” ആയിരുന്നു. അതേസമയം, ആറന്മുളയുടെ ”വിശുദ്ധ ഹിന്ദു സ്വത്വത്തെ” ചുററിയുള്ള പരിസ്ഥിതി ഇടപെടലുകള്‍ കേരളത്തില്‍ വലിയ ചര്‍ച്ചകളായി മാറിയിട്ടില്ല എന്നതുതന്നെ കേരളത്തില്‍ മാറിവന്ന ഒരു പൊതുബോധത്തിനെ കുറിക്കുന്നു എന്ന് പറയാന്‍ കഴിയും.

__________________________________________
 പരിസ്ഥിതി വിഷയങ്ങളിലൂടെ വലതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സ്വീകാര്യതയുടെ മുഖം സൃഷ്ടിക്കുകയും അതിലൂടെ പുതിയ സാമൂഹ്യക്കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന രാഷ്ട്രീയത്തിനെ പരീക്ഷിക്കുകയായിരുന്നു ഹിന്ദുത്വം നേരിട്ടിടപെട്ട ആറന്മുള വിമാനത്താവള വിഷയം. വിമാനത്താവളമെന്ന ”മതേതര” പ്രശ്‌നത്തെ മുന്‍നിര്‍ത്തി, ”ആറന്മുള ക്ഷേത്രം”, ”പൈതൃകം”, ”ധാര്‍മിക ശുദ്ധി” എന്നിവ ചര്‍ച്ചയാക്കാനായിരുന്നു മേല്‍പറഞ്ഞ സംഘടനകള്‍ കൂടുതലായും ശ്രമിച്ചത്. വിമാനത്താവള പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന വലതുപക്ഷ-അതിദേശീയതയുടെ കേരളത്തിലെ ഏറ്റവും ശക്തരായ വക്താക്കളായ കുമ്മനം രാജശേഖരന്റെയും, ശശികല ടീച്ചറുടെയും വാക്കുകളില്‍ നിരന്തരം മുഴങ്ങിയിരുന്നത് ആറന്മുളയുടെ ”ഹിന്ദു സ്വത്വം” ആയിരുന്നു. അതേസമയം, ആറന്മുളയുടെ ”വിശുദ്ധ ഹിന്ദു സ്വത്വത്തെ” ചുററിയുള്ള പരിസ്ഥിതി ഇടപെടലുകള്‍ കേരളത്തില്‍ വലിയ ചര്‍ച്ചകളായി മാറിയിട്ടില്ല എന്നതുതന്നെ കേരളത്തില്‍ മാറിവന്ന ഒരു പൊതുബോധത്തിനെ കുറിക്കുന്നു എന്ന് പറയാന്‍ കഴിയും.

__________________________________________

മുകുല്‍ ശര്‍മയുടെ പഠനത്തെ മുന്‍നിര്‍ത്തി ഇവിടെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത്, മധുരയിലെ ”വൃന്ദാവന്‍ പരിരക്ഷണ പ്രൊജക്ടില്‍” ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ നടത്തിയ ഇടപെടലുകള്‍ക്ക് സമാനമായവ ആറന്മുളയിലും കാണാന്‍ കഴിയും എന്നതാണ്. പാര്‍ത്ഥസാരഥി ക്ഷേത്രവും, ”വിശുദ്ധ” പമ്പാനദിയും, കാവുകളുടെയും അമ്പലങ്ങളുടെയും ശൃംഖലകളും ഉള്ള ഈ പ്രദേശത്തെ ഒരു ”ശുദ്ധ” ഹിന്ദു സാംസ്‌കാരിക ഭൂമിയായി” അവതരിപ്പിക്കുന്നതിലൂടെ ഹരിതഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ഔദ്യോഗികമായ തുടക്കം കുറിച്ചു എന്ന് പറയാന്‍ സാധിക്കും. വടക്കേ ഇന്ത്യയുമായും, മഹാഭാരത കഥകളുമായും ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിലെ മറ്റുള്ള ”ഹിന്ദു വിശുദ്ധ ഭൂമികളില്‍” നിന്ന് വ്യത്യസ്തമായിട്ടുള്ള ”പുണ്യഭൂമിയായി” ആറന്മുളയെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ ”വിശുദ്ധ”, ”പുണ്യം” ”മതം”എന്നിവയുമായി ബന്ധിപ്പിക്കുവാനാണെന്ന് മനസ്സിലാക്കുവാനും പ്രയാസമില്ല. അതുകൊണ്ടുതന്നെയാണ് ഹരിത ഹിന്ദുത്വയുടെ വ്യവഹാരങ്ങളില്‍ ക്ഷേത്രവും കാവുകളും, ”പുണ്യ ഗ്രാമങ്ങളും” നിരന്തര സാന്നിധ്യമറിയിക്കുന്നത്. ഹിന്ദുത്വം വിഭാവന ചെയ്യുന്ന പൗരുഷ രാഷ്ട്രീയത്തിനെ (Masculine Politics) അതിന്റെ പൂര്‍ണ്ണ നിറവില്‍ അവതരിപ്പിക്കാന്‍, പുരുഷ-നായക-രക്ഷക സങ്കല്പങ്ങളുടെ അവസാന വാക്കായ പാര്‍ത്ഥസാരഥി/ശ്രീകൃഷ്ണന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആറന്മുള കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളിലേക്ക് കടക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ പുതിയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ട് തന്നെയാണ് അനുഭവപ്പെടുന്നത്. മാത്രമല്ല ശബരിമലയുടെ ഒരു തുടര്‍ച്ചയായി, ശാരീരികവും വൈകാരികവും, ധാര്‍മികവുമായുള്ള ഒരു അര്‍ത്ഥത്തില്‍ ഈ പ്രദേശം നിലനില്ക്കുന്നതും ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം ആകര്‍ഷണനീയമാണ്. ആഴത്തിലുള്ള ഹൈന്ദവഭാവം നിലനിന്നിരുന്ന മധുരനഗരത്തെ വടക്കേ ഇന്ത്യന്‍ പരിസ്ഥിതി ഇടപെടലുകളുടെ കേന്ദ്രമാക്കിയത് പോലെ, ആറന്മുള പരിസ്ഥിതി വിഷയങ്ങളിലേക്കും മറ്റ് രാഷ്ട്രീയ അജണ്ടകളിലേക്കും കടക്കുവാനുള്ള കവാടമാകുന്നതിന്റെ ശക്തമായ സൂചനയാണ് നല്കുന്നതെന്നു വിഴിഞ്ഞത്തെ പറ്റിയുള്ള പുതിയ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല കേരളത്തില്‍ ആദ്യമായി നടന്ന ”ഗര്‍-വാപസി” എന്ന മത-പരിവര്‍ത്തന പരിപാടി ഈ വിശുദ്ധ ഭൂമിയെ സ്പര്‍ശിച്ചു കഴിയുന്ന ഒരു പ്രദേശത്താകുന്നതും ഈ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടുതന്നെയാവാം.
അര്‍ജുനന്റെ ”സൈനിക-പൗരുഷ-ധാര്‍മ്മിക ഉപദേശകനും, ”പരിസ്ഥിത ദൈവവുമായ” (God od Environmentalism) ഭഗവാന്‍ കൃഷ്ണന്‍ ഇവിടെ കേന്ദ്രസ്ഥാനത്ത് വരുമ്പോള്‍, ശശികല ടീച്ചറുടെ പ്രസംഗങ്ങളിലെ സൂചനകള്‍ പ്രകാരം പൈതൃക ഗ്രാമത്തിന്റെ സമര നായകനായും, പരിസ്ഥിതി രക്ഷകനായും, അവതരിപ്പിക്കപ്പെട്ട കുമ്മനം രാജശേഖരന്‍ വരാഹ അവതാരമായി പുനര്‍ജ്ജനിക്കുകയും ചെയ്യുന്നു. ഭഗവാന്‍ കൃഷ്ണന്‍ പ്രണയ നായകനില്‍ നിന്ന് തേരാളിയിലേക്കും, അതില്‍നിന്നു യോദ്ധാവിലേക്കും, പിന്നെ പൗരുഷത്തിന്റെ പുതിയ തലങ്ങളിലേക്കും അവസാനം പരിസ്ഥിതിയുടെ സംരക്ഷകനുമാവുകയാണ്. അങ്ങിനെ കേരളത്തിലെ ഹരിതഹിന്ദുത്വ ചര്‍ച്ചകളിലും, മതവും, ശുദ്ധിയും, അര്‍ജുനനും, ശ്രീകൃഷ്ണനും, ആണത്വവും, അവതാര സങ്കല്പങ്ങളും അവതരിപ്പിക്കുവാന്‍ ഹിന്ദുത്വത്തിനു കഴിഞ്ഞു. ഹിന്ദുപുരുഷന്റെ ”നട്ടെല്ല് ഉയര്‍ത്തുന്ന” കര്‍തൃത്വമായാണ് ആറന്മുളയിലെ ഭഗവാന്‍ ”പാര്‍ത്ഥസാരഥി”യെ തന്റെ പ്രസംഗങ്ങളില്‍ ടീച്ചര്‍ വിശേഷിപ്പിക്കുന്നത്.
 പൈതൃകവും പരിസ്ഥിതിയും കൂട്ടിക്കലര്‍ത്തിയുള്ള പുതിയരാഷ്ട്രീയ സാധ്യത ഹിന്ദുത്വം കേരളത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത് നിലക്കല്‍ സമരം മുതലാണ്. 1980 കളില്‍ നിലക്കല്‍ സമരത്തില്‍ തുടങ്ങി ആറന്മുളയില്‍ എത്തുമ്പോഴേക്കും ഇടതുപക്ഷത്തെയും, ശാസ്ത്രസാഹിത്യ പരിഷത്തിനെയും, മറ്റ് സംഘടകളെയും പരിസ്ഥിതി വിഷയങ്ങളില്‍നിന്ന് തികച്ചും നിശബ്ദമാക്കുന്ന ഹിന്ദുത്വത്തെയാണ് നാ കാണുന്നത്. പുണ്യപുഴയും, കൃഷ്ണനും അര്‍ജുനനും, അമ്പലവും പൂര്‍ണ്ണസസ്യപ്രധാനമായ ”വള്ള സദ്യയും” പരിസ്ഥിതി ചര്‍ച്ചകളുടെ ഭാഗമാകുമ്പോള്‍, പരിസ്ഥിതിയിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് സ്വീകാര്യതയും സാധാരണത്വവയും സൃഷ്ടിക്കപ്പെടുകയുമാണ് കേരളത്തില്‍. ഈ രാഷ്ട്രീയത്തിന്റെ സ്വീകാര്യതയാണ് 2009 ല്‍ തിരഞ്ഞെടുപ്പിലെ 7.6 ശതമാനത്തില്‍ നിന്ന് 2014  ആകുമ്പോഴേക്കു ബി.ജെ.പി ക്ക് 15.98 ശതമാനം വോട്ടുകള്‍ ആറന്മുളയില്‍ ലഭിക്കുന്നത്. നവ-ലിബറല്‍ സാമ്പത്തിക താല്പര്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാതെയുള്ള ഈ ”ആറന്മുള” അജണ്ട യഥാര്‍ത്ഥ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് മാറി, ”വിമാനത്താവള’മെന്ന വിഷയത്തെ ഹിന്ദു പൈതൃകത്തിന്റെയും, വിശ്വാസത്തിന്റെയും മേലുള്ള മതേതര ജനാധിപത്യ കടന്നുകയറ്റമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതില്‍ കൂടിയാണ് ഹിന്ദുത്വത്തിന് ഇത് സാധ്യമാകുന്നത്.
ഇത്തരത്തിലുള്ള ഒരു അജണ്ടയിലൂടെ ആറന്മുളയും നിലക്കലും മറ്റു ബാധിത പ്രദേശങ്ങളും പ്രത്യേക വിശുദ്ധ-പുണ്യ പ്രദേശങ്ങള്‍ മാത്രമായി ചുരുങ്ങുകയും ഈ വിശുദ്ധിയുടെ സൂക്ഷിപ്പ് ആര്‍.എസ്.എസ്.,വി.എച്.പി തുടങ്ങിയ സംഘടനകളുടെ മതപരമായ ചുമതലയാണെന്ന് വരുത്തിത്തീര്‍ക്കാനും എളുപ്പം സാധിക്കുന്നു. തുടര്‍ന്ന് മതേതര സ്റ്റേറ്റും ജനാധിപത്യവും, ”അസുര”ന്മാരായി മാറുകയും അവയെ ഉണര്‍ന്നു നിഗ്രഹിക്കേണ്ടത് ഹിന്ദു ആണിന്റെ ധര്‍മ്മമാണെന്നും പ്രഖ്യാപിക്കുന്നു. ചുരുക്കത്തില്‍ ഹരിത ഹിന്ദുത്വത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനം എന്നത്, ഒരു പ്രത്യേക സാംസ്‌കാരിക-ധാര്‍മിക പരിശുദ്ധിയെ സൂക്ഷിക്കുക എന്ന ബൃഹത്തായ രാഷ്ട്രീയ അജണ്ടയുടെ ഒരു തുടര്‍ച്ച മാത്രമായി ചുരുങ്ങുകയും, അതിന്റെ ഫലമായി കൂടുതല്‍ ശക്തമായ അപരവല്ക്കരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

_______________________________________
 പൈതൃകവും പരിസ്ഥിതിയും കൂട്ടിക്കലര്‍ത്തിയുള്ള പുതിയരാഷ്ട്രീയ സാധ്യത ഹിന്ദുത്വം കേരളത്തില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത് നിലക്കല്‍ സമരം മുതലാണ്. 1980 കളില്‍ നിലക്കല്‍ സമരത്തില്‍ തുടങ്ങി ആറന്മുളയില്‍ എത്തുമ്പോഴേക്കും ഇടതുപക്ഷത്തെയും, ശാസ്ത്രസാഹിത്യ പരിഷത്തിനെയും, മറ്റ് സംഘടകളെയും പരിസ്ഥിതി വിഷയങ്ങളില്‍നിന്ന് തികച്ചും നിശബ്ദമാക്കുന്ന ഹിന്ദുത്വത്തെയാണ് നാ കാണുന്നത്. പുണ്യപുഴയും, കൃഷ്ണനും അര്‍ജുനനും, അമ്പലവും പൂര്‍ണ്ണസസ്യപ്രധാനമായ ”വള്ള സദ്യയും” പരിസ്ഥിതി ചര്‍ച്ചകളുടെ ഭാഗമാകുമ്പോള്‍, പരിസ്ഥിതിയിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് സ്വീകാര്യതയും സാധാരണത്വവയും സൃഷ്ടിക്കപ്പെടുകയുമാണ് കേരളത്തില്‍.
_______________________________________

സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ തെഹ്രി അണക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രക്ഷോഭങ്ങളെ ഹിന്ദുത്വ രാഷ്ട്രീയം വളരെ ബുദ്ധിപരമായി ഉപയോഗിക്കുന്നത് കേരളത്തിന്റെ അവസ്ഥയിലും ഓര്‍ക്കാവുന്നത് തന്നെയാണ്. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ബഹുഗുണ നടത്തിയിട്ടുള്ള വ്രതാനുഷ്ഠാനം പോലെയുള്ള പ്രതിഷേധ രൂപങ്ങള്‍ക്ക് കൃത്യമായ മത സ്വഭാവം കൊണ്ടുവരുന്നതിനും ആറന്മുള സാക്ഷ്യം വഹിക്കുന്നുണ്ട്. ആറന്മുളയുടെ സംരക്ഷണത്തിനായി സന്യാസ സംഘടനകളുടെ നേതൃത്വത്തിലുള്ള വ്രതാനുഷ്ഠാനം വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല. ഹൈന്ദവ സാംസ്‌കാരിക ആചാരങ്ങളെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കുകവഴി മുന്‍ജാതി-സമുദായങ്ങളുടെ വൈകാരിക പിന്തുണയും, വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യ ഇരകളാകുന്ന കീഴാള സമുദായങ്ങളെ പിന്തുണക്കുക എന്നതിലൂടെ അവരുടെ ശാരീരിക പിന്തുണയും ലഭ്യമാക്കുക എന്നത് ഹരിത-ഹിന്ദുത്വയുടെ പ്രവര്‍ത്തന ചരിത്രത്തിലെ പ്രധാന യുക്തികളില്‍ ഒന്നാണ്. ഈ യുക്തിയുടെ ഒടുവിലെ ഉദാഹരണമാണ് കോവില്‍ മലയില്‍ ആദിവാസി മൂപ്പന് ഭൂമിവാങ്ങിക്കൊടുത്തു പിന്തുണ ഉറപ്പാക്കുന്ന സംഘ് പരിവാറില്‍ നാം കാണുന്നത്.
ഹിന്ദുത്വം ഇടപെട്ട പരിസ്ഥിതി വിഷയങ്ങളിലെല്ലാം കാണാന്‍ കഴിയുന്ന ശ്രദ്ധേയമായ വേറൊരു വസ്തുതയാണ് അതതു പ്രദേശങ്ങളുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഒറ്റതിരിഞ്ഞുളള വായന. വൃന്ദാവനിലും, തെഹൃയിലും, നിലക്കലിലും, ആറന്മുളയിലും ഈ വായനാരീതി കാണാന്‍ കഴിയും. പ്രാദേശിക ചരിത്രങ്ങളുടെ ഒറ്റതിരിഞ്ഞുള്ള വായന ഈ പ്രദേശങ്ങളിലെ മറ്റു സമൂഹങ്ങളുടെ സാംസ്‌കാരിക-ചരിത്ര പങ്കാളിത്തത്തെ സമ്പൂര്‍ണ്ണമായി നിശബ്ദപ്പെടുത്തും. ഹിന്ദുത്വ വായനയില്‍ ആറന്മുളയുടെ ”ഭൂതകാലവും” ”വര്‍ത്തമാനവും” ”ഭാവിയും” ഹിന്ദുമത പരിസരങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതായി അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ വൃന്ദാവന്റെയും, തെഹ്രിയുടെയും കാര്യത്തില്‍ സംഭവിച്ചതുപോലെ ഹിന്ദു ദേശീയതാ വാദവും, അപരവല്ക്കരണവും, വംശീയതയും, ശത്രുവിന്റെ നിര്‍മ്മാണവും കേരളത്തിലും ശക്തമാക്കുവാനുളള രാഷ്ട്രീയ അജണ്ടയുടെ നിര്‍മ്മാണ പരിസരമായി പരിസ്ഥിതി വിഷയങ്ങള്‍ കടന്നുവരുമോ എന്നുള്ളത് പ്രധാനമായുള്ള ചോദ്യമായി അവശേഷിക്കുന്നു.

  • ഭക്ഷണ രാഷ്ട്രീയവും നവ സാമൂഹികതയും

പരിസ്ഥിതി ഇടപെടലുകള്‍ പോലെതന്നെ ദൈനംദിന നഗര ജീവിതത്തിലേക്ക് പുതിയ ദൃശ്യകളും, അനുഭവങ്ങളും, പ്രകടനാത്മകതയും കൊണ്ടുവന്നു പുതിയ സാമൂഹികതയും വ്യവഹാര ഇടങ്ങളും നിര്‍മ്മിക്കുക എന്നതും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെയാണ്. 1980 കളോടെയാണ് നഗരങ്ങളില്‍ നവഹിന്ദു-സാമൂഹികത സൃഷ്ടിക്കാനുള്ള രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഏറ്റവും ശക്തമായ വികാരമായി ”ഭക്ഷണം” എന്ന കര്‍തൃത്വം ഇടം പിടിക്കുന്നത്. അതായത് പരിസ്ഥിതി വിഷയങ്ങളിലേക്ക് ശക്തമായി കടന്നു വരുന്നതിനോടൊപ്പം, അതുമായി ബന്ധപ്പെടുത്തിക്കൊണ്ട് തന്നെ സസ്യാഹാര ഭക്ഷണ ശീലങ്ങളെ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയപ്രക്രിയയ്ക്ക് വലതുപക്ഷ രാഷ്ട്രീയം രൂപം കൊടുത്തു. പുതിയസസ്യാഹാര രീതികളും കഴിയിടങ്ങളും എങ്ങിനെയാണ് സാമൂഹ്യ-വര്‍ഗീയചേരിതിരിവുകള്‍ ഉണ്ടാക്കുന്നതെന്നും അത് എങ്ങിനെയാണ് ഹിന്ദുത്വവ്യവഹാരങ്ങളെ ശക്തിപ്പെടുത്തിയതെന്നും ഗുജറാത്തിനെയും, മഹാരാഷ്ട്രയെയും പറ്റിയുള്ള ആധികാരിക പഠനങ്ങള്‍ അടുത്ത കാലത്തായി പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
ഹിന്ദു ധാര്‍മിക-സംസ്‌കാരജീവിതത്തില്‍ മാംസാഹാരം ഉണ്ടാക്കുന്ന ഭയങ്ങളെ, നഗരകേന്ദ്രങ്ങളില്‍ ഒരു സമഗ്രഹിന്ദു സാമൂഹികത സൃഷ്ടിക്കുവാനുള്ള ത്വരകമായി മാറ്റുകയാണ് 1980കള്‍ മുതല്‍ ഹിന്ദുത്വം എന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാംസാഹാര രീതികളെ ”അപരഭക്ഷണം” എന്ന നിലയിലേക്ക് ചുരുക്കി, അവയുടെ ശുദ്ധി, തിന്നുന്നവരുടെ സംസ്‌കാരം എന്നിവയെ ഹിംസയുമായി യോജിപ്പിക്കുകയാണ് ഈ രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം. ചില ഭക്ഷണങ്ങള്‍ക്കും അത് കഴിക്കുന്നവര്‍ക്കും ഹിംസയുടേതായ ശാരീരിക-ധാര്‍മിക-ലൈംഗിക മാനങ്ങളുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ അവതരണത്തിന് കഴിഞ്ഞിട്ടുണ്ട്. മാംസാഹാര സമ്പ്രദായങ്ങളെ അശുദ്ധിയുമായും സാംസ്‌കാരിക  അധിനിവേശമായും ചിത്രീകരിച്ചു വിജയിപ്പിക്കാനായതും കൃത്യമായ മുസ്ലീം വിരുദ്ധത ഗുജറാത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ കാരണങ്ങളില്‍ ഒന്നായി ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു-മുസ്ലീം വേര്‍തിരിവ് പൂര്‍ണ്ണമായി ഉറപ്പിച്ച 1980 കളില്‍ നടന്ന വ്യാപക കലാപങ്ങളില്‍ ”മാംസഭുക്കായ മുസ്ലീംകള്‍” എന്നത് വലതുപക്ഷ സംഘടനകളുടെ പ്രധാന പ്രചരണ ആയുധമായിരുന്നുവെന്ന് ഒര്‍നിത് ശാന്തിയുടെ ‘Communalism Caste and Hindu Nationalism The Violence in Gujarat’ എന്ന പഠനത്തില്‍ കാണാം. സസ്യഭക്ഷണം ആരോഗ്യമുള്ളതും, ധാര്‍മികവും ദേശീയവുമായ ഒരു പൗരനെ സൃഷ്ടിക്കുമെന്നത് ഈ പ്രചാരണങ്ങളിലെ പ്രധാന ഘടകമാണ്.    ഇതിന്റെ തുടര്‍ച്ച എന്നോണം സസ്യാഹാരത്തിന്റെയും, അതുകൊണ്ടുവരുന്നു എന്നുപറയപ്പെടുന്ന ”സഹജമായ അഹിംസയുടേയും” സൂഷ്മപരിസരങ്ങളുടെ അകത്തുനിന്നും തങ്ങളുടെ രാഷ്ട്രീയത്തിന്റെ സൈനികവല്ക്കരണം നടത്താന്‍ വലതുപക്ഷ രാഷ്ട്രീയത്തിന് സാധ്യമായി. സസ്യാഹാരം-നിര്‍ഭയത്ത്വം-ഹിന്ദു  പുരുഷന്‍, മാംസാഹാരം-അക്രമാസക്ത-അമിത ലൈംഗികത-മുസ്ലീം പുരുഷന്‍ എന്നിങ്ങനെ സ്ഥിരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന രണ്ടുതരം പൗരുഷ നിര്‍മ്മിതിയിലൂടെ ആയിരുന്നു ഇത് ചെയ്തത്. 2002-ലെ വംശഹത്യക്ക് മുന്‍പും പിന്‍പും ഗുജറാത്തിലെ രാഷ്ട്രീയചര്‍ച്ചകളില്‍  ”സസ്യ ഭക്ഷണം”, ”ത്യാഗം”, ”മരണം” എന്നിവയുടെ നിരന്തര സ്വാധീനം ഉണ്ടായിരുന്നു എന്ന് പര്‍വീസ് ചാണ്ടിയുടെ ‘Pogrom in Gujarat, Hindu Nationalism and Anti-Muslim Violence in India’ പഠനം സാക്ഷ്യപ്പെടുത്തുന്നു. 2002 ഫെബ്രുവരി മുതല്‍, വംശഹത്യയുടെ തൊട്ടുമുന്‍പ്, ”അനധികൃത അറവുശാലകള്‍ ”മുസ്ലീം അറവുകാര്‍” തുടങ്ങിയവ ഗുജറാത്തില്‍ വ്യാപക ചര്‍ച്ചകളായി വരുന്നത് ഇങ്ങനെയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വടക്കെ അഹ്മദാബാദില്‍ വലിയൊരു ഭാഗം മുസ്ലീം ഹോട്ടലുകള്‍ പൂര്‍ണ്ണ സസ്യാഹാരശാലകളായി മാറുന്നത്. അതുകൊണ്ടുതന്നെ, ചരിത്രപരവും, സാമൂഹികവും, സാമ്പത്തികവുമായ ഒരു ശദ്ധീകരണം മാത്രമായിരുന്നില്ല, മറിച്ചു ആഹാരശീലങ്ങളുടെ അത്രയൊന്നും വെളിച്ചത്തുവരാത്ത ഒരു ശദ്ധീകരണപ്രക്രിയയുംകൂടി ഗുജറാത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നുപറയാന്‍ കഴിയും.
മാംസാഹാരം അഹൈന്ദവം എന്ന ചരിത്രവിരുദ്ധമായ പ്രചരണത്തിന്റെ വ്യാപനം ഏറ്റവും സ്വീധീനിച്ചതു വടക്കേ ഇന്ത്യയിലെ ദളിത്-പിന്നോക്ക വിഭാഗങ്ങളെയാണ്. ബ്രഹത് ഹിന്ദു സാംസ്‌കാരിക സമുച്ചയത്തിലേക്കുള്ള ആദ്യത്തെ പടിയായി പല ദളിത്-പിന്നോക്ക സമൂഹങ്ങളും കണക്കാക്കുന്നത് മാംസ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ബീഫ്, ഉപേക്ഷിക്കുകയും, അവയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍നിന്ന് മാറി നില്‍ക്കുകയും ചെയ്യുകയാണെന്ന് നിരീക്ഷിക്കാന്‍ കഴിയും. ”വാല്മീകി” പോലെയുള്ള ദളിത് സമുദായങ്ങളും ”ജാതവ” മുതലായ പിന്നോക്ക സമുദായങ്ങളും ”ബീഫ്”, തങ്ങളുടെ ഭക്ഷണ പാരമ്പര്യത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തുടങ്ങുന്നത് ഇതിന്റെ അനുബന്ധമായി വായിക്കാം. അതുകൊണ്ടുതന്നെ തുടക്കത്തില്‍ മാംസഭക്ഷണവും, അറവുശാലകളും മുസ്ലീം-ദളിത് ”അപരനെ” ചൂണ്ടിക്കാണിക്കുവാനാണ് ഉപയോഗിച്ചതെങ്കില്‍, തൊണ്ണൂറുകള്‍ ആവുമ്പോഴേക്കും ബീഫ് ആഹാരിക്കുന്ന ”അപരന്‍” മുസ്ലീം മാത്രമായി ചുരുങ്ങുന്നതുകാണാം.
ഇത്തരം ഒരു സാഹചര്യത്തിലാണ് മലയാളികളുടെ ഭക്ഷണങ്ങളിലും അവ കഴിക്കുന്ന ഇടങ്ങളിലും വരാന്‍ തുടങ്ങിയ മാറ്റങ്ങളും, അതില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ മാനങ്ങളും, മാംസഭക്ഷണത്തെ ചുറ്റിയുള്ള ചര്‍ച്ചകളും നിരീക്ഷണ വിധേയമാകേണ്ടത്. സാമ്പത്തിക ഉയര്‍ച്ചയും സാമൂഹ്യചലനങ്ങളും ഉണ്ടായിട്ടുള്ള സമുദായങ്ങള്‍ തങ്ങള്‍ കടക്കാന്‍ ആഗ്രഹിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക പരിസരത്തിന്റെ ഭാഗമാകാന്‍ കൂട്ടുപിടിക്കുന്നതില്‍ പ്രധാനമാണ് പ്രകടനാല്മകമായ മതവിശ്വാസവും, മാറ്റം വരുത്തിയ ഭക്ഷണശീലങ്ങളും. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കേരളത്തിലും കാണാന്‍കഴിയും. ലിബറല്‍ സാമ്പത്തിക പരിസരങ്ങളില്‍ നവ-സമ്പന്നാരായി (Neo-rich) മാറിയിട്ടുള്ള മലബാറിലെ പല മുസ്ലീം വീടുകളിലേയും കല്യാണംപോലുള്ള സാമൂഹ്യ ആഘോഷങ്ങളില്‍നിന്നു ”ബീഫ്” സാവധാനം അപ്രത്യക്ഷമാകുന്നത് പുതിയ സാമൂഹ്യചലനത്തിന്റെ ഭാഗമായിതന്നെ വായിക്കാം.

__________________________________________
തങ്ങള്‍ കടക്കാന്‍ ആഗ്രഹിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക പരിസരത്തിന്റെ ഭാഗമാകാന്‍ കൂട്ടുപിടിക്കുന്നതില്‍ പ്രധാനമാണ് പ്രകടനാല്മകമായ മതവിശ്വാസവും, മാറ്റം വരുത്തിയ ഭക്ഷണശീലങ്ങളും. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കേരളത്തിലും കാണാന്‍കഴിയും. ലിബറല്‍ സാമ്പത്തിക പരിസരങ്ങളില്‍ നവ-സമ്പന്നാരായി (Neo-rich) മാറിയിട്ടുള്ള മലബാറിലെ പല മുസ്ലീം വീടുകളിലേയും കല്യാണംപോലുള്ള സാമൂഹ്യ ആഘോഷങ്ങളില്‍നിന്നു ”ബീഫ്” സാവധാനം അപ്രത്യക്ഷമാകുന്നത് പുതിയ സാമൂഹ്യചലനത്തിന്റെ ഭാഗമായിതന്നെ വായിക്കാം. അതേപോലെ വീടുകളില്‍ ബീഫ് പാചകംചെയ്യുന്ന നവ-സമ്പന്ന തീയ്യ-ദളിത് കുടുംബങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. മുസ്ലീംവീടുകളില്‍ ബീഫിനോടുള്ള നിലപാടുമാറ്റം അവരില്‍ നടന്നിട്ടുള്ള സാമ്പത്തിക-സാമൂഹ്യ ചലനത്തിന്റെ പുതിയ അവസ്ഥകളെയാണ് കാണിക്കുന്നതെങ്കില്‍, മറ്റു കീഴാള വിഭാഗങ്ങളില്‍ ഇതിന്റെകൂടെത്തന്നെ ധാര്‍മ്മികതയുടേയും, പുതിയ ആഹാരരാഷ്ട്രീയത്തിന്റെയും (food politics) കാരണങ്ങളും കടന്നുവരുന്നുണ്ട്.’
__________________________________________

അതേപോലെ വീടുകളില്‍ ബീഫ് പാചകംചെയ്യുന്ന നവ-സമ്പന്ന തീയ്യ-ദളിത് കുടുംബങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. മുസ്ലീംവീടുകളില്‍ ബീഫിനോടുള്ള നിലപാടുമാറ്റം അവരില്‍ നടന്നിട്ടുള്ള സാമ്പത്തിക-സാമൂഹ്യ ചലനത്തിന്റെ പുതിയ അവസ്ഥകളെയാണ് കാണിക്കുന്നതെങ്കില്‍, മറ്റു കീഴാള വിഭാഗങ്ങളില്‍ ഇതിന്റെകൂടെത്തന്നെ ധാര്‍മ്മികതയുടേയും, പുതിയ ആഹാരരാഷ്ട്രീയത്തിന്റെയും (food politics) കാരണങ്ങളും കടന്നുവരുന്നുണ്ട്.’
ജാതി-സമുദായങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം പ്രകടമായ മാറ്റങ്ങളെ രാഷ്ട്രീയമായി പുതിയ തലങ്ങളിലേക്ക് ഏറ്റെടുക്കുകയാണ് ഹിന്ദുത്വം. ബീഫാഹാരാം ഉപയോഗിക്കുന്ന മുസ്ലിമേതര കീഴാള സമുദായങ്ങളിലേക്ക് ”മാംസാഹാരം, ”ബീഫ്” എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാംസ്‌കാരിക യുക്തികളെ സന്നിവേശിപ്പിക്കാന്‍ ഹിന്ദുത്വത്തിന് കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ നഗരഭക്ഷണ സംസ്‌കാരത്തില്‍ ഇപ്പോഴും ശക്തമായ സാന്നിധ്യമായി തുടരുന്ന ബീഫിനെ ഉത്തരേന്ത്യയുടെ ഭക്ഷണരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് അപരവല്ക്കരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു എന്നുള്ളതാണ് പുതിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അപര ഭക്ഷണങ്ങളോടു ഭയം; അത് ഉണ്ടാക്കുന്നവരോട്, കഴിക്കുന്നവരോട്, വ്യാപിപ്പിക്കുന്നവരോട് പടര്‍ത്തുക എന്ന രാഷ്ട്രീയത്തിന്റെ സംവിധാനവും കൂടിയാണ് മഹാരാഷ്ട്രയില്‍ തദ്ദേശീയമായ ഒരു വംശീയത നിര്‍മ്മിക്കാന്‍ ശിവസേനയ്ക്ക് കഴിഞ്ഞത്. അന്ന് നിലവിലുണ്ടായിരുന്ന സസ്യഭക്ഷണശാലകളുടെ ഇടങ്ങളും സസ്യാഹാര കൂട്ടായ്മകളുടെ സാമൂഹികതയും ഉപയോഗിച്ച് ഇറച്ചി കഴിക്കുന്നവര്‍-അക്രമാസക്തത-അശുദ്ധി എന്ന ചര്‍ച്ചാപരിസരത്തെ നിര്‍മ്മിച്ചു. ശിവസേന ഇതില്‍നിന്നാണ് അക്രമാസക്തമായ ഒരു സാംസ്‌കാരിക-രാഷ്ട്രീയബോധം; ഹിന്ദുത്വരാഷ്ട്രീയം ഉണ്ടാക്കിയെടുത്തതെന്നു സാറ റോണ്‍കാഗ്ലിയയുടെ ‘Feeding the city: Work and Food Culture of the Mumbai Dabbawalas’ എന്ന പഠനം പുറത്തുകൊണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ കീഴാളരായ മുംബൈയിലെ ഡബ്ബവാലകളെ ശിവസേന എങ്ങിനെയാണ് ഉപയോഗിച്ചത് എന്നും പ്രതിപാദിക്കുന്നുണ്ട് ഈ പഠനത്തില്‍.
ആരോഗ്യശീലം എന്നതിനപ്പുറം സാംസ്‌കാരിക വ്യത്യാസങ്ങളെയും ധാര്‍മിക ഉന്നതിയെയും, വ്യത്യസ്ഥ സാമൂഹികതയെയും കാണിക്കാനുള്ളതായി മാറ്റുകയായിരുന്നു നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള പൂര്‍ണ്ണ സസ്യഭക്ഷണശാലകളെ പിന്നീട്. ഇത്തരത്തിലുള്ള സസ്യഭക്ഷണ സാമൂഹികതയുടെ (secular socialability )  ഒരു രാഷ്ട്രീയം കേരളത്തിലും ഹിന്ദുത്വം മുന്നോട്ടുവെക്കുന്നതായി അടുത്തകാലത്ത് അനുഭവപ്പെടുന്നു. മലബാര്‍ ഭാഗത്ത് ഹിന്ദുത്വസംഘടനകള്‍ ബുദ്ധിപരമായും ശാരീരികമായും, നേരിട്ട് ഇടപെട്ട രണ്ട് സംഭവങ്ങളില്‍ തീരെ ചര്‍ച്ചചെയ്യപ്പെടാതെ പോയ വിഷയമായിരുന്നു മാംസാഹാരത്തിന്റെ, പ്രത്യേകിച്ച് ബീഫിന്റെ ഈ രാഷ്ട്രീയം.
യതീംഖാനകളെ മനുഷ്യക്കടത്തുമായി ബന്ധപ്പെടുത്തി നടത്തിയ ചര്‍ച്ചകളില്‍ ”കാളയിറച്ചി വിളമ്പി മതംമാറ്റവും തീവ്രവാദവും വളര്‍ത്തുന്നവര്‍” എന്ന പ്രസ്താവനകള്‍ നൈരന്തര്യം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന് അക്രമിക്കപ്പെട്ട ”ഡൗണ്‍ ടൗണ്‍” കോഴിക്കോട്ടെ ന്യൂ ജനറേഷന്‍ റെസ്റ്റോറന്റുകളില്‍ വ്യത്യസ്തമായ ബീഫ് വിഭവങ്ങള്‍ വിളമ്പുന്ന ഒരു ഇടവും, അതിന്റെ ഉപഭോക്താക്കളില്‍ നല്ല ശതമാനം, നഗരത്തിലെ മുസ്ലിമേതര സമൂഹങ്ങളില്‍നിന്നും ഉള്ളവരും ആയിരുന്നുവെന്ന് ഇതിന്റെകൂടെതന്നെ കൂട്ടിവായിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇവിടെ പ്രസക്തമായിട്ടുള്ള ഒരു കാര്യം, നവ-സമ്പന്നത ബീഫിന്റെ കീഴാളതയെ മനസ്സിലാക്കി വീടുകളില്‍നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുമ്പോള്‍ തന്നെ, നഗരങ്ങളിലെ ഭക്ഷണഇടങ്ങളില്‍ അതിനു ഇപ്പോഴും ഒരു വ്യത്യസ്ഥ ആകര്‍ഷണീയത ഉണ്ട്. ഈ ആകര്‍ഷണീയത കേരളത്തിന് അകത്തുംപുറത്തും ബീഫാഹാരശാലകള്‍ക്ക് മതേതര സാമൂഹികതയുടെ  (culturl sanitation)  ശക്തമായ ഒരു തലത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നുമുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളിലെ മലയാളി ബീഫിടങ്ങള്‍, വര്‍ഗ്ഗ-മത അതിരുകള്‍ക്ക് പുറത്തുനില്‍ക്കുന്നതും ഒരു മലയാളിയുടെ ഒരു പ്രാദേശിക സാമൂഹികത നിലനിര്‍ത്തുന്നതില്‍ നല്ല പങ്കുവഹിക്കുകയും ചെയ്യുന്നു.
നഗരങ്ങളിലെ ബീഫിടങ്ങള്‍ തങ്ങള്‍ ദൃശ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സാമൂഹികതയുടെ തുടര്‍ച്ചയാകുമ്പോള്‍, അതിനെ ശാരീരികമായി നേരിടുക എന്ന മാര്‍ഗ്ഗം അവലംബിച്ചതിന്റേയും ഉദാഹരണമാണ് കോഴിക്കോട് നടന്നത്. അത് ചില ഭക്ഷണയിടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന സാമൂഹികതയ്‌ക്കെതിരെയുള്ള അക്രമവും കൂടിയാണെന്ന് പറയേണ്ടിവരുന്നു. കേരളത്തില്‍ മാംസാഹാരത്തെ ”അശുദ്ധി, ”അമിത ലൈംഗികത” എന്നിവയുമായി കൂട്ടിക്കലര്‍ത്തി അപരനെ നിര്‍മ്മിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ചെറിയ തുടക്കം കുറിച്ചിട്ടുണ്ട്.  ”ലവ് ജിഹാദ്” പോലെയുള്ള വിഷയങ്ങളില്‍ മൂര്‍ത്തമായ ആളുകളേയോ സ്ഥാപനങ്ങളേയോ ചൂണ്ടിക്കാണിക്കാന്‍ പറ്റാതിരുന്ന സംഘടനകള്‍ക്ക്, ബീഫിടങ്ങളിലൂടെ മൂര്‍ത്തമായ അപര സ്ഥലങ്ങളെ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതാണ്. ഹിന്ദുത്വ അജണ്ടയുടെ  ഇത്തരത്തിലുള്ള തിരഞ്ഞുപിടിച്ചു സാംസ്‌കാരിക ശുദ്ധീകരണത്തിനു  (രൗഹൗേൃഹ മെിശമേശേീി) ശക്തിപകരാന്‍ നഗരങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന സസ്യാഹാര ഇടങ്ങള്‍ ആകര്‍ഷകമായി നില്ക്കുന്നുണ്ട്.
”മാംസാഹാരികളായ മുസ്ലീം; സമ്മാനമായി ലഭിച്ച പാക്കിസ്ഥാനിലേയ്ക്ക് അഭയംതേടിപ്പോകണമെന്ന്” ഹിന്ദുത്വമുദ്രാവാക്യങ്ങള്‍ എങ്ങിനെയാണ് ഗുജറാത്ത് കലാപത്തെ നിര്‍ണയിച്ചതെന്നു ഒര്‍നിത് ഷാനി തന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 1980കള്‍ വരെയുള്ള ഗുജറാത്തില്‍ മാംസാംഹാര ഭക്ഷണങ്ങളുടെ പങ്കുവെയ്ക്കല്‍ പാരമ്പര്യവും അറവുകാരെയും അറവുശാലകളെയും പരസ്പരവും പങ്കിട്ടുജീവിച്ചിരുന്ന മുസ്ലീംകളെയും ദളിതുകളെയും പിന്നീട് വേര്‍തിരിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചിരുന്നു ഹിന്ദുത്വത്തിന്റെ ഭക്ഷണരാഷ്ട്രീയം. മാംസാഹാര ശീലങ്ങളെ  അമനുഷ്യവല്ക്കരിച്ചുകൊണ്ടും അവ ശീലമായിട്ടുള്ള സമൂഹങ്ങളെ ഭീഭത്സങ്ങളാക്കിയും സസ്യാഹാരത്തിന്റെ ഒരു പൊതുധാര്‍മ്മികതയും സസ്യഭക്ഷണ ഇടങ്ങളുടെ ഒരു സാമൂഹികതയും സൃഷ്ടിക്കുക എന്ന രാഷ്ട്രീയ അജണ്ടയുമായിതന്നെയാണ് ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടുപോകുന്നത്. ഹിന്ദുത്വം ഇടപെട്ട പരിസ്ഥിതി വിഷയങ്ങളിലും മാംസ-സസ്യ ആഹാരസമ്പ്രദായങ്ങളുടെ ബൈനറികള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഉത്തരേന്ത്യയില്‍ നടന്ന എല്ലാ പരിസ്ഥിതി ഇടപെടലുകളിലും ”മാംസാഹാര” ശീലങ്ങള്‍ അവരുടെ ശത്രുപക്ഷത്തായിരുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാംസാഹാരവ്യവഹാരങ്ങളില്‍ ദളിത്, മുസ്ലീം സമൂഹങ്ങള്‍ പുറത്തു നില്‍ക്കുന്നവര്‍ മാത്രമല്ല, പരിസ്ഥിതിയെയും ധര്‍മ വ്യവഹാരങ്ങളെയും മലിനപ്പെടുത്തുന്നവരുമാണെന്ന വ്യാഖ്യാനമാണ് ഹിന്ദുത്വം കൊടുക്കുന്നത്.
ചുരുക്കത്തില്‍, ഭക്ഷണത്തിലെയും പരിസ്ഥിതിയുടെയും ഇടപെടലുകളിലൂടെ പുതിയ സദാചാരങ്ങളെ നിര്‍ണ്ണയിക്കുകയും, ”നല്ല സ്ത്രീ” ”നല്ല പുരുഷന്‍” ”ചീത്ത സ്ത്രീ” ”ചീത്ത പുരുഷന്‍” തുടങ്ങിയ സ്ഥിരമായ ദ്വന്ദ്വങ്ങള്‍ക്കുപുറമേ ദേശത്തിലെ ”നല്ല പ്രജ” ”ചീത്ത പ്രജ” എന്ന ദ്വന്ദ്വത്തിന്റെ സ്ഥിരപ്പെടുത്തലുകള്‍കൂടി ഹിന്ദുത്വം നടത്തുന്നു. അങ്ങിനെ ചരിത്രത്തിന്റെ ഒഴുക്കിനെയും, സാമൂഹ്യബന്ധങ്ങളുടെ പരിണാമങ്ങളെയും മാറ്റിനിര്‍ത്തി ”ശുദ്ധിയെ”യും ”പവിത്രതയെയും” ഉയര്‍ത്തിക്കാണിക്കുന്ന പുതിയ ഹിന്ദു രാഷ്ട്രീയമാണ് ഹരിത-ഭക്ഷണ രാഷ്ട്രീയത്തിലൂടെ കേരളത്തിലും ഹിന്ദുത്വം മുന്നോട്ടുവെക്കാന്‍ പോകുന്നത്. ഈ രണ്ടു വിഷയങ്ങളിലൂടെ ഹിന്ദുത്വം എന്നത് ജനാധിപത്യത്തിന്റെ നീട്ടിവെക്കപ്പെട്ട ഒരു യുക്തിമാത്രമാണെന്ന് വരുത്തിത്തീര്‍ക്കുക എന്നതും അവര്‍ ആഗ്രഹിക്കുന്നു.
_______________________________________
(ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗത്തില്‍ അസിസ്റ്റന്റ്  പ്രൊഫസറാണ് ലേഖകന്‍)

Top