ചുംബനസമരം അസന്നിഹിതമാക്കുന്നത്

ഇന്ത്യയിലെ മാധ്യമങ്ങളും അക്കാദമിക് പണ്ഡിതരും ‘വര്‍ഗ്ഗീയത’ എന്ന പരികല്പന ഉപയോഗിക്കുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിന്‌വേണ്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ പരികല്പന ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്. അതേപോലെ മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്. എത്രമാത്രം കടത്തിപ്പറഞ്ഞാലും വര്‍ഗ്ഗീയത, മോറല്‍ പോലീസ് എന്നീ പരികല്പനകള്‍കൊണ്ട് ഹിന്ദുത്വത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ കഴിയില്ല. അതായത്, ഹിന്ദുത്വം ഉള്‍ക്കൊള്ളുന്ന ബ്രാഹ്മണിസം, സവര്‍ണ്ണമേധാവിത്വം, ഏകദേശീയത, വംശീയത, ന്യൂനപക്ഷവിരുദ്ധത, സാംസ്‌കാരിക ദേശീയവാദം എന്നിവയെ ചിഹ്നപരമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ പരികല്പനകളല്ല മേല്‍പ്പറഞ്ഞവ രണ്ടും.

കൊച്ചിയില്‍ നടന്ന ചുംബനസമരത്തെപറ്റി ചില നിരീക്ഷണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയതിലൂടെ  ഉറ്റ സുഹൃത്തുക്കള്‍ അടക്കമുള്ള നിരവധി പേര്‍ക്ക്  അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഇതേ രീതിയിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചവ തന്നെയാണ്.  സമരത്തെ എതിര്‍ത്താല്‍ ഒരുപാടുപേരുടെ മനപ്രയാസം കാണേണ്ടിവരും. അനുകൂലിച്ചാല്‍, സാമൂഹികതയെ വ്യക്തിവാദപരമായി കാണുന്ന ചിലരുടെ ആശയങ്ങളെ അംഗീകരിക്കേണ്ടതായി വരും. രണ്ടും പ്രശ്‌നമായതിനാലാണ് മിണ്ടാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ സമരത്തെക്കുറിച്ചുള്ള ഒട്ടേറെ വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്ന സ്ഥിതിക്ക് പ്രതികരിക്കാമെന്നുകരുതുന്നു.
ഇന്ത്യയിലെ മാധ്യമങ്ങളും അക്കാദമിക് പണ്ഡിതരും ‘വര്‍ഗ്ഗീയത’ എന്ന പരികല്പന ഉപയോഗിക്കുന്നത് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിന്‌വേണ്ടിയാണ്.  യഥാര്‍ത്ഥത്തില്‍ ഈ പരികല്പന ഉണ്ടായത് ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തോടുള്ള ലിബറല്‍-ഇടതുപക്ഷ ഭയത്തില്‍ നിന്നുമാണ്. അതേപോലെ മുസ്ലീംസമുദായം വിവിധ മേഖലകളില്‍ രൂപപ്പെടുത്തിയിട്ടുള്ള സോഷ്യല്‍മൊബിലിറ്റി; സവര്‍ണ്ണഹിന്ദുക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പുകളില്‍ നിന്നുമാണ് ‘മോറല്‍ പോലീസ്’ എന്ന പരികല്പന പിറവിയെടുത്തത്. എത്രമാത്രം കടത്തിപ്പറഞ്ഞാലും വര്‍ഗ്ഗീയത, മോറല്‍ പോലീസ് എന്നീ പരികല്പനകള്‍കൊണ്ട് ഹിന്ദുത്വത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ കഴിയില്ല. അതായത്, ഹിന്ദുത്വം ഉള്‍ക്കൊള്ളുന്ന ബ്രാഹ്മണിസം, സവര്‍ണ്ണമേധാവിത്വം, ഏകദേശീയത, വംശീയത, ന്യൂനപക്ഷവിരുദ്ധത, സാംസ്‌കാരിക ദേശീയവാദം എന്നിവയെ ചിഹ്നപരമായി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ പരികല്പനകളല്ല മേല്‍പ്പറഞ്ഞവ രണ്ടും.  ഇതേസമയം, വര്‍ഗ്ഗീയത എന്ന പദം കീഴാളസമുദായങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്താനും മോറല്‍പോലീസ് എന്ന പദം സെമറ്റിക് മതങ്ങളെ പ്രതിസ്ഥാനത്ത് എത്തിക്കാനും പര്യാപ്തമാണ്.ചുരുക്കിപ്പറഞ്ഞാല്‍, മോറല്‍ പോലീസിംഗിന് എതിരെ ചുംബനസമരം  നടത്തിയതിലൂടെ ഹിന്ദുത്വം പ്രതിസ്ഥാനത്ത് വന്നിരിക്കുന്നു എന്നത് വ്യാജമായ അവകാശവാദം മാത്രമാണ്. മറ്റാരോ ആണ് പ്രതിസ്ഥാനത്തുവന്നിട്ടുള്ളത്.
വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം, സാംസ്‌കാരിക ബഹുത്വങ്ങളുടെ സാന്നിധ്യം, പ്രവാസി ഘടകങ്ങള്‍, ലിംഗ വൈവിധ്യങ്ങള്‍, സങ്കരഭാഷകള്‍, സ്ഥലങ്ങളും സമുദായങ്ങളും എന്നിവയെല്ലാം രാഷ്ട്രീയപ്രമേയങ്ങളായി മാറിയ സമകാലീനാവസ്ഥയില്‍  ചുംബനസമരം പോലുള്ളവ നടത്തുന്നതിന്റെ പിന്നിലുള്ള പ്രേരണ; നവ ജനാധിപത്യ ഭാവനകളല്ല. മറിച്ച്,  ഫ്യൂഡല്‍ ആത്മബോധമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മാത്രമല്ല, വ്യക്തിവാദത്തിന്റെ പിന്‍തുടര്‍ച്ചയുള്ള ഒരു സമരമാണിത്. കേരളത്തിലെ ഫ്യൂഡല്‍ അടിത്തറയുള്ളവരിലാണ് സൈദ്ധാന്തികമായും പ്രായോഗികമായും വ്യക്തിവാദത്തിന് സ്വാധീനതയുള്ളത്.
ഇന്ത്യയിലെ ഹിന്ദുത്വഫാഷിസം മുഖ്യമായും ടാര്‍ജറ്റ് ചെയ്യുന്നത് മുസ്ലിം സമുദായത്തെയാണ്. അവര്‍ണ്ണ-സവര്‍ണ്ണ ഭേദമില്ലാതെ ഏകാത്മക ഹിന്ദുയിസം എന്ന പ്രതീതി നിലനിര്‍ത്താന്‍ ആഭ്യന്തര അപരരായി മുസ്ലീംങ്ങള്‍ മാറിയേ പറ്റു. ഈ അവസ്ഥയില്‍, മുസ്ലീംസമുദായത്തിലെ ചെറുപ്പക്കാര്‍ നടത്തിയ ഒരു സ്ഥാപനത്തില്‍ അനാശാസ്യം ആരോപിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിനോടുള്ള പ്രതികരണമായി ഉണ്ടായി എന്നു പറയുന്ന ചുംബന സമരത്തിലൂടെ നടന്നതെന്താണ്? ഫാഷിസ്റ്റ് കടന്നാക്രമണം എന്ന വിഷയം തന്നെ വിട്ടുകളഞ്ഞുകൊണ്ട്  മുസ്ലീംസമുദായത്തെ ‘സിവിലൈസ്ഡ്’ ആക്കാനുള്ള ദൗത്യവാഹകരായി ചുംബന സമരക്കാര്‍ മാറി.

________________________________
ഇന്ത്യയിലെ ഹിന്ദുത്വഫാഷിസം മുഖ്യമായും ടാര്‍ജറ്റ് ചെയ്യുന്നത് മുസ്ലിം സമുദായത്തെയാണ്. അവര്‍ണ്ണ-സവര്‍ണ്ണ ഭേദമില്ലാതെ ഏകാത്മക ഹിന്ദുയിസം എന്ന പ്രതീതി നിലനിര്‍ത്താന്‍ ആഭ്യന്തര അപരരായി മുസ്ലീംങ്ങള്‍ മാറിയേ പറ്റു. ഈ അവസ്ഥയില്‍, മുസ്ലീംസമുദായത്തിലെ ചെറുപ്പക്കാര്‍ നടത്തിയ ഒരു സ്ഥാപനത്തില്‍ അനാശാസ്യം ആരോപിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിനോടുള്ള പ്രതികരണമായി ഉണ്ടായി എന്നു പറയുന്ന ചുംബന സമരത്തിലൂടെ നടന്നതെന്താണ്? ഫാഷിസ്റ്റ് കടന്നാക്രമണം എന്ന വിഷയം തന്നെ വിട്ടുകളഞ്ഞുകൊണ്ട്  മുസ്ലീംസമുദായത്തെ ‘സിവിലൈസ്ഡ്’ ആക്കാനുള്ള ദൗത്യവാഹകരായി ചുംബന സമരക്കാര്‍ മാറി.
________________________________

സദാചാരം, മതപരത എന്നിവ പണ്ടുമുതലേ മുസ്ലീംങ്ങള്‍ക്ക് എതിരായി ഉന്നയിക്കപ്പെടുന്ന പഴിയാണ്. സാംസ്‌കാരിക ദേശീയതയുടെ ബലതന്ത്രത്തെ ഉപാധിയാക്കിയിട്ടുള്ള ഹിന്ദുത്വത്തിനെതിരെ ഇത്തരം പഴികള്‍ ഉന്നയിച്ചാലും നിലനില്‍ക്കുന്നതല്ല.  ഇതിനര്‍ത്ഥം, സിവിലൈസ്ഡ് ആക്കേണ്ട ഏകവിഭാഗം മുസ്ലീംങ്ങള്‍ മാത്രമാണെന്ന പൊതുബോധമാണ് ഇവിടെ ഭരിക്കുന്നതെന്നതാണ്. ഈ പൊതുബോധത്തെ മറികടക്കാനല്ല , ഊട്ടിയുറപ്പിക്കാനാണ് ചുംബനസമരക്കാര്‍ രംഗത്തുവന്നത്. മാത്രമല്ല, പലരും ആഗ്രഹിക്കുന്നത്‌പോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലീംങ്ങള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും, ഞങ്ങള്‍ ചരിത്രത്തിന്റെ പ്രസവം നടത്തിച്ചിരിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രകടനപരത ഫ്യൂഡല്‍ സമരമുറയാണെന്നതിനെ ഉറപ്പാക്കുന്നു.
ഫാഷിസത്തെ പ്രതിരോധിക്കുന്നത് യാഥാര്‍ത്ഥ്യത്തെ വിസ്മൃതിയിലാക്കി, വളരെ ചെറിയ ഒരു ന്യൂനപക്ഷത്തെ മാത്രം അടുപ്പിക്കുന്ന, അടിത്തട്ടിലെ ജനതയെ മൊത്തമായി അകറ്റിമാറ്റുന്ന ആവിഷ്‌കാരങ്ങളിലൂടെ തന്നെയാവണമോ എന്നു ഓരോരുത്തരും സ്വയം തീരുമാനിക്കേണ്ടതാണ്.
എനിക്ക് ഇടതുപക്ഷത്തെ കുറിച്ച് വേവലാതിയുണ്ടോ എന്നാണ് ചില സുഹൃത്തുക്കള്‍ക്ക് അറിയേണ്ടത്. മണ്ഡല്‍ കമ്മീഷന്‍ കാലത്ത് കുത്തകമാധ്യമങ്ങള്‍ നിരത്തിയ ദുര്‍വാദങ്ങള്‍ക്ക് ശേഷം ഇത്രമാത്രം വ്യാജസ്തുതികളാല്‍ പ്രകീര്‍ത്തിക്കപ്പെട്ട മറ്റൊരു സമരം ഉണ്ടായിട്ടില്ല. ഈ സ്തുതിപാഠകര്‍ ഓര്‍ക്കേണ്ട കാര്യം; മണ്ഡലീകരണത്തിനുശേഷം വികസിച്ചുവന്ന ഒരു കീഴാളയുവത്വം ഇവിടെയുണ്ടെന്ന താണ്. അവരുടെ നിശബ്ദത ഉറപ്പിക്കാനാണ് സാര്‍വ്വലൗകീക പ്രണയത്തിന്റെ പുതിയ വെളിപാടുകള്‍ ഖജുരാവോ കാമശില്പങ്ങളുടെ അകമ്പടിയോടെ ഉയര്‍ന്നുപൊങ്ങുന്നത്. ഏതായാലും ‘നവംബര്‍ വിപ്ലവം’ നടക്കുന്നതിനുമുമ്പേതന്നെ സ്വന്തം ഇടങ്ങള്‍ നിര്‍മ്മിക്കുകയും സ്വന്തം പ്രശ്‌ന അജണ്ടകള്‍ നിലനിര്‍ത്തുകയും ചെയ്ത യുവത്വത്തിന്റെ നിരവധി കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അവര്‍ ചുംബിക്കുമ്പോള്‍, മറ്റുള്ളവര്‍ സിവിലൈസ്ഡ് ആയിക്കൊള്ളണമെന്ന ദുശാഠ്യമൊന്നും അവര്‍ക്കില്ല. ഇവരുടെ കര്‍ത്തൃത്വത്തെ അപഹരിച്ച് അവകാശം സ്ഥാപിക്കുക എന്നതിനപ്പുറം പുതിയ അടവുനയങ്ങളൊന്നും ഇടതുപക്ഷത്തിന്റെ കയ്യിലുള്ളതായി തോന്നുന്നില്ല.
ചുംബന സമരത്തെ അംഗീകരിക്കുന്നതായി ഇടതുപക്ഷയുവജനസംഘടനകള്‍ അവ്യക്തമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അത്രമാത്രം പുരോഗമനപരമാണ് ഈ സമരമെങ്കില്‍ ലക്ഷക്കണക്കിന് അണികളുള്ളവര്‍ എന്തുകൊണ്ടെണ് ഇതേമാതിരി സമരം നടത്താന്‍ രംഗത്തു വരാത്തത്. ഇവരുടെ ഇരട്ടത്താപ്പ് ഓര്‍മ്മപ്പെടുത്തുന്നത് മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധസമരകാലത്ത് അവര്‍ എടുത്ത നിലപാടിനെയാണ.് അന്ന് മണ്ഡല്‍ വിരുദ്ധശക്തികളെ നേരിട്ടനുകൂലിക്കാതെ രഹസ്യപിന്തുണയാണ് അവര്‍ കൊടുത്തത്. ഇന്ത്യയൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ട മണ്ഡല്‍വിരുദ്ധ സമരത്തിന്റെ എല്ലാ ഘടകങ്ങളും ചുംബന സമരത്തിലും കാണാവുന്നതാണ്. അന്ന് മാപ്പുസാക്ഷികളായവര്‍ ഇന്ന് അരങ്ങിലേക്ക് വന്നിരിക്കുന്നു എന്നതു മാത്രമാണ് വ്യത്യാസമുള്ളത്.
മറ്റൊരുകാര്യം, കുഴിച്ചുമൂടപ്പെടുന്ന നിശബ്ദതകളെപറ്റി തിരിച്ചറിവില്ലാതെ വലിയ മുഴക്കങ്ങള്‍ മാത്രം ശ്രവിക്കുന്ന സ്ത്രീവാദികളെയാണ് ഞാന്‍ സവര്‍ണ്ണ ഫെമിനിസ്റ്റുകള്‍ എന്നു വിളിച്ചത്. ഈ പ്രയോഗം സവര്‍ണ്ണ സ്ത്രീകളെ കുറ്റപ്പെടുത്താനുള്ളതല്ല.
ഈ സമരം  ബോധ്യപ്പെടുത്തുന്ന പ്രധാനകാര്യം; സദാചാരമെന്നത് മതവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് അല്ലെങ്കില്‍ പൂര്‍വ്വ ആധുനികതയുടെ കാര്യമാണെന്ന നമ്മുടെ പുരോഗമനകാരികളുടെ ധാരണാപിശകിനെ തന്നെയാണ്.
പുതുമയെ അകറ്റുന്ന യാഥാസ്ഥിതികര്‍, കീഴാളരുടെയും സ്ത്രീകളുടെയും പദവികളെയും സ്ഥാനമാനങ്ങളെയും വിമ്മിഷ്ടത്തോടെ കാണുന്ന വരേണ്യര്‍, ക്ലാസ്സിസം തകര്‍ന്നു എന്നു വിലപിക്കുന്ന പാരമ്പര്യക്കാര്‍, കലയിലും സാഹിത്യത്തിലും അപരത്തെ ഉപേക്ഷിച്ചു അഹത്തെ മാത്രം പ്രതിപാദിക്കുന്നവര്‍ – ഇവരെല്ലാം ”മോറല്‍ പാനിക്” ഉള്‍ക്കൊള്ളുന്നവരായി സാമൂഹികശാസ്ത്രം വിലയിരുത്തുന്നു. ഇത്തരക്കാരില്‍ ഏറിയോ കുറഞ്ഞോ അളവില്‍ ഫാഷിസ്റ്റ് ഘടകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. അഗാധമായ ഫാഷിസ്റ്റ് അന്തര്‍ധാരകള്‍ ഉള്‍ക്കൊള്ളുന്ന മോറല്‍പാനിക്ക് എന്ന വിഷയത്തെ അവഗണിച്ചുകൊണ്ട് സദാചാരത്തെ വിമര്‍ശിച്ചാല്‍ എല്ലാമായി എന്നാണ് ചിലര്‍ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു.

________________________________
മാര്‍ക്‌സിസം, ഗാന്ധിസം, അംബേദ്കറിസം മുതലായ എല്ലാ ഇസങ്ങളിലും സദാചാരത്തിനുള്ള സ്ഥാനം അതീവപ്രാധാന്യമുള്ളതാണ്. ഓരോരുത്തരും വ്യത്യസ്തമായ സദാചാര കല്പനകളാല്‍ ബന്ധിതരാണെന്നതാണ് വസ്തുത. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ട് ‘സദാചാര പോലീസിംഗ്’ എന്ന അമൂര്‍ത്തമായ പദം ഉപയോഗിക്കുമ്പോള്‍, അത് അപരര്‍ക്ക് എതിരെയാവുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ സദാചാര പോലീസിംഗിനെപറ്റിയുള്ള പര്‍വ്വതീകരിച്ച കഥകള്‍ ചമക്കുന്നവരില്‍ ഒരുപാട്‌പേര്‍ മോറല്‍ പാനിക്കുകളാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. മാത്രമല്ല, ‘സാംസ്‌കാരിക പോലീസിംഗി’ലൂടെ അനേകം പേരെ വധിക്കുകയും നിരവധി ആളുകളെ മര്‍ദ്ദിച്ച് ജീവച്ഛവമാക്കി മാറ്റുകയും ചെയ്തതിന്റെ ചരിത്രമുള്ളവരാണ് സദാചാര പോലീസിംഗിന്റെ പേരില്‍ വെറുപ്പിന്റെ ഭാഷ്യം ചമക്കുന്നതെന്നതും കാണാതിരിക്കാന്‍ പറ്റില്ല.
________________________________

മതം മാത്രമാണോ സദാചാരം പുലര്‍ത്താന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന സ്ഥാപനം? മതത്തിനു ശേഷമുണ്ടായ യുക്തിചിന്തയുടെ വ്യാപനത്തിലൂടെയും തത്വജ്ഞാനത്തിന്റെ വികാസ പരിണാമങ്ങളിലൂടെയും കടന്നുവന്നിട്ടുള്ള സങ്കീര്‍ണ്ണമായ വ്യവഹാരമണ്ഡലമാണ് സദാചാരമെന്നത്. മാര്‍ക്‌സിസം, ഗാന്ധിസം, അംബേദ്കറിസം മുതലായ എല്ലാ ഇസങ്ങളിലും സദാചാരത്തിനുള്ള സ്ഥാനം അതീവപ്രാധാന്യമുള്ളതാണ്. ഓരോരുത്തരും വ്യത്യസ്തമായ സദാചാര കല്പനകളാല്‍ ബന്ധിതരാണെന്നതാണ് വസ്തുത. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ട് ‘സദാചാര പോലീസിംഗ്’ എന്ന അമൂര്‍ത്തമായ പദം ഉപയോഗിക്കുമ്പോള്‍, അത് അപരര്‍ക്ക് എതിരെയാവുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ സദാചാര പോലീസിംഗിനെപറ്റിയുള്ള പര്‍വ്വതീകരിച്ച കഥകള്‍ ചമക്കുന്നവരില്‍ ഒരുപാട്‌പേര്‍ മോറല്‍ പാനിക്കുകളാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. മാത്രമല്ല, ‘സാംസ്‌കാരിക പോലീസിംഗി’ലൂടെ അനേകം പേരെ വധിക്കുകയും നിരവധി ആളുകളെ മര്‍ദ്ദിച്ച് ജീവച്ഛവമാക്കി മാറ്റുകയും ചെയ്തതിന്റെ ചരിത്രമുള്ളവരാണ് സദാചാര പോലീസിംഗിന്റെ പേരില്‍ വെറുപ്പിന്റെ ഭാഷ്യം ചമക്കുന്നതെന്നതും കാണാതിരിക്കാന്‍ പറ്റില്ല.
മറൈന്‍ഡ്രൈവില്‍ പ്രതിഷേധവുമായി ചില മുസ്ലീംസംഘടനകള്‍ പ്രത്യക്ഷപ്പെട്ടതിലൂടെ അവരും ഹിന്ദുത്വവാദികളും ഭരണകൂടശക്തികളും  തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയി എന്നാണ് ചിലര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.  മൈക്കിള്‍ കെ. ഗ്രീന്‍ എന്ന എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ”വേലികള്‍ വിട്ടിറങ്ങുന്ന അപരര്‍ മറ്റുള്ളവരെ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചോരക്കൊതിയുള്ളവരാണെന്നും പരിഷ്‌കൃതി ഭയപ്പെടുന്നു. ക്ലാസ്സിക്കുകളില്‍നിന്നും പകര്‍ന്നതും പുരോഗമനകാരികളുടെ ആത്മാവിനെ ഗ്രസിച്ചിട്ടുള്ളതുമാണ് ഈ ഭയം.” 1  ഇത്തരം ഭയപ്പാടോടെ മുസ്ലീം സംഘടനകളെ കാണുന്നവരെ സംബന്ധിച്ചെടുത്തോളം, അവര്‍ തിരുത്തപ്പെടാന്‍ കഴിയുന്നവരോ സ്വയം വിമര്‍ശനത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ളവരോ അല്ല.  അവരെ പിന്തുണയ്ക്കുന്നവര്‍ ധാര്‍മ്മികമായി അധഃപതിച്ചവര്‍ മാത്രമാണ്. ഇത്തരം ചര്‍ച്ചകളും സോഷ്യല്‍ ഡാര്‍വിനിസ്റ്റ് വിധിപ്രസ്താവനകളുമാണ്  ചുംബന സമരത്തെ അനുകൂലിക്കുന്നവര്‍ നവമാധ്യമങ്ങളിലൂടെ നടത്തുന്നതെന്ന കാര്യമാണ് ഞെട്ടലുളവാക്കുന്നത്.
മാറുമറയ്ക്കല്‍സമരം, അയിത്തവിരുദ്ധസമരം മുതലായ താരതമ്യങ്ങളൊന്നും ചുംബനസമരത്തില്‍ വിലപ്പോവുന്നതല്ല. ഏത് സമരത്തിലും സമുദായവും സ്ഥലവും നിര്‍ണ്ണായകമായ പ്രതിനിധാനമാണ്. ദലിത് അവര്‍ണസമുദായങ്ങളുടെ മുന്‍കൈയ്യില്‍, കീഴാളമായ പ്രദേശങ്ങളില്‍ ജാതിവ്യവസ്ഥയുടെയും ലിംഗപദവികളുടെയും മാറ്റത്തിനുവേണ്ടി നടന്ന സമരങ്ങളാണ് മേല്‍പറഞ്ഞവ. അവയെ ജെ.എന്‍.യു. പോലുള്ള മാര്‍ക്‌സിസ്റ്റ് അഗ്രഹാരങ്ങളിലും മഹാരാജാസ് പോലുള്ള എസ്.എഫ്.ഐ തറവാടുകളിലും, ചില മെട്രോനഗരങ്ങളിലും നടന്ന കൗതുകസമരങ്ങളുമായി കൂട്ടിക്കെട്ടുന്നത് ബൗദ്ധികമായ സേച്ഛാധിപത്യത്തിന് സമമാണ്.
എന്നോട് വിയോജിക്കുകയും ചുംബനസമരത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള ദലിത്‌ഫെമിനിസ്റ്റ് സുഹൃത്തുക്കളോട് ഓര്‍മ്മിപ്പിക്കാനുള്ളത് ടോണി മോറിസന്റെ ഒരുവാചകമാണ്. ”വ്യക്തിവാദമെന്ന പഴത്തില്‍നിന്നും ഇനിയും ചാറ് ഊറ്റിയെടുക്കാന്‍ വെള്ളക്കാര്‍ക്ക് കഴിഞ്ഞേക്കും. എന്നാല്‍ കറുത്തവര്‍ക്ക് ആ പഴത്തില്‍നിന്നും ചാറ് കിട്ടുകയില്ല.” ചുംബനസമരംപോലുള്ള വ്യക്തിവാദ സമരങ്ങള്‍ എത്രമാത്രം പ്രകീര്‍ത്തിക്കപ്പെട്ടാലും; ദലിതരെയും അവര്‍ണ്ണരെയും ന്യൂനപക്ഷങ്ങളേയും സമുദായങ്ങളെന്നനിലയിലും ശരീരങ്ങളായും മുന്‍കൂര്‍ റദ്ദുചെയ്തതിനുശേഷമാണ് അവ ഉണ്ടാകുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കാനാവില്ല. മള്‍ട്ടി കള്‍ച്ചറിസത്തിന്റെ കാലത്ത് സ്വത്വവാദത്തോടുള്ള ഭയം കലശലായിട്ടുള്ള നമ്മുടെ പഴയ വിപ്ലവകാരികള്‍ക്കും പുതുതലമുറ നിയോ മാര്‍ക്‌സിസ്റ്റുകള്‍ക്കും  തീവ്രവ്യക്തിവാദികള്‍ക്കും ഒന്നിക്കാവുന്ന ഇടവുമാണത്.

സൂചന
1. ഇരുട്ടിലെ കണ്ണാടി- കെ.കെ.ബാബുരാജ് (ഡി.സി.ബുക്‌സ്, കോട്ടയം-2013)

Top