ഹിന്ദുത്വ സ്വാഭിമാനം വൈവിധ്യങ്ങളുടെ തിരസ്‌കാരമാണ്

അതിസങ്കീര്‍ണ്ണവും എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ളതുമായ ഈ രാഷ്ട്രീയസാഹചര്യത്തെ കുറിച്ചുള്ള ഗൗരവാവഹമായ ആലോചനകള്‍ക്കും സംവാദങ്ങള്‍ക്കും നവജനാധിപത്യ പ്രസ്ഥാനം ഒരു പൊതുവേദി സംഘടിപ്പിക്കുകയാണ്. ജനാധിപത്യം ഒരു ഭരണക്രമമെന്ന നിലയിലും ജീവിതരീതിയെന്ന നിലയിലും വിപുലീകരിക്കുന്നതിലൂടെ മാത്രമേ പുതിയൊരു രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുവരാന്‍ കഴിയൂ എന്ന ബോദ്ധ്യമാണ് ഇത്തരമൊരു കൂടിച്ചേരലിന് മുന്‍കൈയ്യെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. മതസ്പര്‍ദ്ധകളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന വ്യാജബോധ്യങ്ങളല്ല, അവകാശബോധവും ഉത്തരവാദിത്തബോധവുമുള്ള ജനങ്ങളാണ് ജനാധിപത്യത്തിന് അടിസ്ഥാനമാകേണ്ടത് എന്ന വസ്തുതയാണ് മുന്നോട്ടുവയ്ക്കപ്പെടേണ്ടത്.

നവജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കണ്‍വന്‍ഷന്റെ സ്വാഗതസംഘ രൂപീകരണം
____________________________________________________ 

തീയതി: സെപ്തംബര്‍ 28 ഞായര്‍ 2 മണി
സ്ഥലം : എസ്.സി/എസ്.റ്റി എംപ്ലോയീസ് ഫോറം ഓഫീസ് ബില്‍ഡിംഗ് (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം)

സുഹൃത്തേ,
നവഹിന്ദുത്വശക്തികള്‍ നേടിയ രാഷ്ട്രീയവിജയം, ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ കനത്ത വെല്ലുവിളികളാണുയര്‍ത്തിയിരിക്കുന്നത്. മറ്റെല്ലാ രാഷ്ട്രീയധാരകളെയും പ്രതിസന്ധിയിലാഴ്ത്തി കൊണ്ടാണ് ഈ മുന്നേറ്റം സംഭവിച്ചിരിക്കുന്നത്. അതിനാല്‍ ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലാത്ത സ്ഥിതിയിലേക്കാണ് ദേശീയരാഷ്ട്രീയം എത്തപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏററവും ആശങ്കാകുലമായ അവസ്ഥയാണിത്.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തും ശക്തമായിരുന്ന ഹിന്ദുത്വശക്തികള്‍ നിരവധി പരിണാമങ്ങളിലൂടെയാണ് ഇന്ന് ഇന്ത്യ ഭരിക്കാന്‍ കഴിയുന്ന നവ ഹിന്ദുത്വമായി മാറിയിരിക്കുന്നത് എന്നത്. വളരെ ഗൗരവപൂര്‍വ്വം കാണേണ്ട കാര്യമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിദ്ധ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും അതിനു മുകളില്‍ വ്യാജമായ ഹിന്ദുസ്വാഭിമാനത്തെ (pride) ആഘോഷിക്കാനും അതിലൂടെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളെ നിര്‍വീര്യമാക്കാനും കഴിയുന്നൊരു രാഷ്ട്രീയമാണ് നവഹിന്ദുത്വം മുന്നോട്ടുകൊണ്ടുവന്നിട്ടുള്ളത്. ഇന്ത്യന്‍ രാഷ്ട്രരൂപീകരണത്തിന്റെ അന്തര്‍ധാരയായി നിലകൊള്ളുന്നത് മത-സാമുദായിക-ഭാഷ- ഗോത്ര-ലിംഗപദവികളിലധിഷ്ഠിതമായ വ്യത്യസ്തധാരകള്‍ സ്വന്തം അവകാശങ്ങള്‍ സ്ഥാപിച്ചുറപ്പിക്കാന്‍ നടത്തിയ അനുസ്യൂതമായ സംഘര്‍ഷങ്ങളാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥശക്തിയും ഉള്ളടക്കവും ഇതുതന്നെയാണ്. സാമൂഹികമായ വൈവിദ്ധ്യങ്ങളെ നിര്‍വീര്യമാക്കാനും തമസ്‌കരിക്കാനും നടത്തുന്ന ഏതൊരു നീക്കവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണവും ഫാസിസത്തിന്റെ ഉദയവുമായിരിക്കുമെന്ന് ഇത്തരമൊരു ചരിത്ര പശ്ചാത്തലം നിശ്ചയമായും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
നാളിതുവരെയുള്ള സാമ്പത്തിക ആസൂത്രണങ്ങളിലൂടെയും, ഭരണ നടപടികളിലൂടെയും രാഷ്ട്രത്തിന്റെ സമ്പത്തും വിഭവങ്ങളും വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിലെത്തി ചേര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷംജനങ്ങളും നിത്യദാരിദ്ര്യത്തിലും അരക്ഷിതാവസ്ഥയിലുമാണ് ജീവിക്കുന്നത്, സ്വദേശിയും വിദേശിയുമായ വന്‍കിട സാമ്പത്തിക ശക്തികള്‍ക്ക് രാഷ്ട്രത്തിന്റെ പൊതുസ്വത്തും വിഭവങ്ങളും കൊള്ളയടിക്കാനുള്ള സ്വതന്ത്ര പരമാധികാരമാണ് നല്കപ്പെട്ടിരിക്കുന്നത്. എല്ലാ തരത്തിലുള്ള നിയമങ്ങളെയും മാറ്റിയെഴുതിക്കൊണ്ട് നടക്കുന്ന വിഭവകൊള്ളയും, രാഷ്ട്ര സമ്പത്തിനുമേലുള്ള കൈയ്യേറ്റവും വ്യാപകമായ അഴിമതികള്‍ക്കും സ്വജനപക്ഷാപാതത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന യാതൊരു വാഗ്ദാനവും മോഡി സര്‍ക്കാര്‍ നല്കിയിട്ടില്ലെന്നു മാത്രമല്ല, ഈ നടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന സൂചനയാണ് തെളിയുന്നത്.
അതിസങ്കീര്‍ണ്ണവും എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ളതുമായ ഈ രാഷ്ട്രീയസാഹചര്യത്തെ കുറിച്ചുള്ള ഗൗരവാവഹമായ ആലോചനകള്‍ക്കും സംവാദങ്ങള്‍ക്കും നവജനാധിപത്യ പ്രസ്ഥാനം ഒരു പൊതുവേദി സംഘടിപ്പിക്കുകയാണ്. ജനാധിപത്യം ഒരു ഭരണക്രമമെന്ന നിലയിലും ജീവിതരീതിയെന്ന നിലയിലും വിപുലീകരിക്കുന്നതിലൂടെ മാത്രമേ പുതിയൊരു രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുവരാന്‍ കഴിയൂ എന്ന ബോദ്ധ്യമാണ് ഇത്തരമൊരു കൂടിച്ചേരലിന് മുന്‍കൈയ്യെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. മതസ്പര്‍ദ്ധകളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന വ്യാജബോധ്യങ്ങളല്ല, അവകാശബോധവും ഉത്തരവാദിത്തബോധവുമുള്ള ജനങ്ങളാണ് ജനാധിപത്യത്തിന് അടിസ്ഥാനമാകേണ്ടത് എന്ന വസ്തുതയാണ് മുന്നോട്ടുവയ്ക്കപ്പെടേണ്ടത്. സമൂഹത്തിന്റെ വൈവിദ്ധ്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, ബഹുജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങളെ അഭിസംബോധന ചെയ്യാനും, ജനാധിപത്യത്തിന്റെ ലോകത്തെ സൈദ്ധാന്തികവും പ്രയോഗികവുമായി വിപുലീകരിക്കാനും ലക്ഷ്യംവയ്ക്കുന്ന വിശാലമായ ജനാധിപത്യ കൂട്ടായ്മയാണ് ലക്ഷ്യം വയ്ക്കുന്നത്.
2014 നവംബര്‍ ആദ്യവാരം കൊച്ചിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണത്തിലേക്ക് താങ്കള്‍ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തയോടെ,
സണ്ണി.എം.കപിക്കാട്- 9847036356
കെ.കെ. കൊച്ച്- 9388558534
മാര്‍ട്ടിന്‍ കെ.ഡി.- 9746399137
കെ. സുനില്‍കുമാര്‍-9847072664

04 – 09 – 2014

Top