ജാതിയുടെ മുഖം തകര്‍ത്ത കല്ല്‌

August 22, 2014

100 വര്‍ഷം പിന്നിടുകയാണ് ഇന്ത്യന്‍ സിനിമ. ഇന്ന് സിനിമാ മേഖലയിലേക്ക് വിവിധ ജാതിമത വിഭാഗത്തില്‍ പെട്ടവര്‍ കടന്നുവരുന്നുണ്ട്. അപ്പോള്‍ വ്യത്യസ്തമായ സവിശേഷമായ നല്ല സിനിമകള്‍ ഉണ്ടാകുവാനുള്ള പ്രതലമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് അദ്ഭുതങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ദളിതര്‍ക്കിടയില്‍ മികച്ച ചലച്ചിത്രകാരന്മാര്‍ ഉണ്ടാകാതെ പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ജീവിക്കാന്‍ വിവേചനങ്ങളില്ലാത്ത ഒരു ഇടത്തിനും ആഹാരത്തിനും വേണ്ടിയുള്ള ദളിതുകളുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ജാതി പുതിയ രൂപത്തില്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നു. പല കലാകാരന്മാര്‍ക്കും ആര്‍ട്ടിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.

സംഭാഷണം;-
നാഗരാജ് മഞ്ജുളെ/എസ്. കലേഷ്
______________________________________
ജാതീയതയുടെ മുഖത്തേക്കാണ് ഫാന്‍ട്രി സംവിധായകന്‍ നാഗരാജ് മഞ്ജുളെ കല്ലെറിഞ്ഞത്. ഐ. എഫ്. എഫ്. കെ 2013 – ല്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഫാന്‍ട്രി മുംബൈ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് ജൂറി പുരസ്‌ക്കാരവും സ്വന്തമാക്കി. മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു ദളിത് ബാലനാണ് ജബ്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അവന് സഹപാഠിയായ ഷാലുവിനോട് കടുത്ത പ്രണയമാണ്. ഉള്ളുരുക്കുന്ന വികാരവുമായി അവള്‍ക്കുപിന്നാലെയാണ് അവന്‍. പക്ഷേ, പ്രണയം വെളിപ്പെടുത്താന്‍ അവന് ധൈര്യമില്ല. കാരണം,
ഷാലു സവര്‍ണജാതിക്കാരിയാണ്. തന്റെ മനസ്സിലെ ഇഷ്ടം വെളിപ്പെടുത്തിയാല്‍ ജാതിവാദികള്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അവന്‍ ബോധവാനാണ്. ജാതീയത രാജ്യത്ത് ഇന്നും നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ശക്തവും മനോഹരവുമായ ദൃശ്യഭാഷയില്‍ ജബ്യ എന്ന ബാലനിലൂടെ ആവിഷ്‌ക്കരിക്കുകയാണ് ഫാന്‍ട്രി എന്ന മറാത്തി ചിത്രത്തിലൂടെ സംവിധായകന്‍ നാഗരാജ് മഞ്ജുളെ. സ്‌കൂളില്‍പോയി പഠിക്കണമെന്ന് തീവ്രമായ ആഗ്രഹം ഉണ്ടെങ്കിലും ജബ്യയുടെ അച്ഛന് മകന്‍ പഠിക്കണമെന്ന് താത്പര്യമില്ല. ഗ്രാമത്തിലെ മറ്റ് ദളിത് കുട്ടികളെ പോലെ നാടന്‍ തൊഴില്‍ ചെയ്താല്‍ മതിയെന്നാണ് അയാളുടെ പക്ഷം. പന്നികള്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ഗ്രാമമാണ് അത്. ജബ്യയുടെ ജാതിയില്‍പ്പെട്ടവര്‍ പന്നിയെ പിടികൂടുന്ന തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. പന്നികളെപ്പോലെതന്നെയാണ് സവര്‍ണര്‍ അവരെ കാണുന്നത്. ഒരു ദിവസം ഒരു സവര്‍ണന്റെ വീടിന് മുന്നിലെ വാട്ടര്‍ടാങ്കില്‍ ഒരു പന്നി വീഴുന്നു. ആ പന്നിയെ എടുക്കാന്‍ ജബ്യയോട് ഗൃഹനാഥന്‍ പറഞ്ഞെങ്കിലും അവന്‍ ചെവിക്കൊള്ളുന്നില്ല. പിന്നീട് അവന്റെ അച്ഛന്‍ വന്ന് ആ പന്നിയെ എടുക്കുന്നു.

  • അവഹേളിതരുടെ അതിമോഹങ്ങള്‍

ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ജബ്യയും കൂട്ടുകാരനും സൈക്കിളില്‍ ഐസ് വില്‍ക്കാന്‍ പോകുന്നുണ്ട്. എന്നാല്‍ ഒരു വലിയ വണ്ടി ഇടിച്ച് അവന്റെ സൈക്കിള്‍ തകര്‍ന്നു തരിപ്പണമായി. ഒരു കരിങ്കുരുവിയെ പിടിച്ച് ചുട്ടുകരിച്ച ഭസ്മം കൊണ്ട് പെണ്‍കുട്ടികളെ വശീകരിക്കാന്‍ കഴിയുമെന്ന വിശ്വാസം അവനുണ്ട്. എങ്ങനെയെങ്കിലും ഷാലുവിന്റെ പ്രണയം പിടിച്ചുപറ്റാമെന്നാണ് അവന്റെ പ്രതീക്ഷ. കരിങ്കുയുലിനെ വീഴ്ത്താന്‍ അവനും കൂട്ടുകാരനും മരത്തില്‍ കയറി ഇരിക്കാറുണ്ട്. ഇതുകണ്ട് ഗ്രാമത്തിലെ സവര്‍ണ സ്ത്രീ അവരോട് പറയുന്നു. ‘പക്ഷികള്‍ സവര്‍ണരായ ബ്രാഹ്മണരെപ്പോലെയാണ്. നീയൊക്കെ അതിനെ തൊട്ടാല്‍ മറ്റ് പക്ഷികള്‍ പിന്നെ അവയെ കൂടെക്കൂട്ടില്ല.’ അമ്പലത്തിലെ ഉത്സവത്തിന് ഷാലു കാണ്‍കെ ഡാന്‍സ് ചെയ്യണമെന്നു അവന് ആഗ്രഹമുണ്ട്. ഉത്സവത്തിന് ധരിക്കാന്‍ ഒരു ജീന്‍സും ഷര്‍ട്ടും അവന്‍ സ്വപ്നം കാണാറുണ്ട്. പക്ഷേ, അത് സ്വന്തമാക്കാനുള്ള പണം അവന്റെ കൈയ്യിലില്ല. അച്ഛന്‍ അവന് ഒരു വിലകുറഞ്ഞ ഉടുപ്പ് വാങ്ങിക്കൊടുത്തു. അതും ധരിച്ച് ഉത്സവത്തിന് ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നവരോടൊപ്പം അവനും കൂടുന്നു. ഷാലു അത് കാണന്നുണ്ട്. പക്ഷേ, ഏറെനേരം അവന് നൃത്തം ചെയ്യാന്‍ കഴിയുന്നില്ല. സവര്‍ണജാതിയില്‍പ്പെട്ടവര്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് അവനെ ക്രൂരമായി വിലക്കുന്നു. സ്വസ്തിക ചിഹ്നമുള്ള കൊടിയുടെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യം. ഡാന്‍സ് ചെയ്യുന്നവര്‍ക്ക് പ്രകാശം ചൊരിയുന്ന ഒരു വിളക്കുമേന്തി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന നിരാശ പുരണ്ട മുഖമുള്ള ജബ്യയെയാണ് പിന്നീട് കാണിക്കുന്നത്. ഉത്സവത്തിനിടെ അമ്പലത്തിലേക്ക് പന്നി കടന്നെത്തുന്നത് ദുസ്സൂചനയായി സവര്‍ണര്‍ കാണുന്നു. നാട്ടിലെ പന്നികളെക്കൊണ്ട് ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ബുദ്ധിമുട്ടുന്നുണ്ട്. അവയെ പിടിക്കാനുള്ള ചുമതല വന്നുചേരുന്നത് ജബ്യയുടെ കുടുംബത്തിനാണ്. ഗ്രാമത്തിലെ പന്നികള്‍ക്ക് പിന്നാലെ ജബ്യയും അച്ഛനും അമ്മയും പെങ്ങളും ഓടുന്നു. ജബ്യയുടെ സ്‌കൂളിനടുത്തെ ഒരു പഴയ കെട്ടിടത്തിന്റെ മറവിലേക്ക് ഒരു പന്നി ഓടിക്കയറി. അതിനെ പിടികൂടാന്‍ അവര്‍ക്ക് അവര്‍ക്ക് കഴിയുന്നില്ല. പന്നിപിടുത്തം കാണാന്‍ നില്‍ക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അവന്‍ പ്രണയിക്കുന്ന ഷാലുവുമുണ്ട്. അവര്‍ക്കാകട്ടെ രസകരമായ ഒരു കാഴ്ചയാണത്. അവര്‍ ഈ കാഴ്ച കണ്ട് പരിഹാസത്തോടെ ചിരിക്കുന്നു. കൂട്ടുകാര്‍ക്കു പിന്നില്‍ അവഹേളിക്കപ്പെടുന്ന സങ്കടത്തോടെ മതിലിനു പിന്നില്‍ പമ്മിനില്‍ക്കുന്ന ജബ്യയ്ക്കിട്ട് അവന്റെ അച്ഛന്‍ അടിയ്ക്കുന്നു. അടികിട്ടിയതോടെ കയര്‍ കുരുക്കുമായി പന്നിയെ ജബ്യയും അച്ഛനും അമ്മയും സഹോദരിയും വീണ്ടും ഓടിക്കുന്നു. ഒടുവില്‍ പന്നി അവര്‍ക്കു മുന്നില്‍ അകപ്പെട്ടു. അവര്‍ അതിനെ പിടിക്കാനായുമ്പോള്‍ സമീപത്തെ സ്‌കൂളില്‍ നിന്ന് ദേശീയഗാനം മുഴങ്ങുകയാണ്. ഇതുകേട്ടപാടെ ജബ്യയുടെ കുടുംബാംഗങ്ങള്‍ പന്നിപിടുത്തം മറന്ന് ദേശീയഗാനത്തോട് ആദരവ് പുലര്‍ത്തി നില്‍ക്കുന്നു. അതോടെ അവരുടെ കുരുക്കില്‍ വീഴാതെ പന്നി ഓടിമറയുന്നു. ദേശീയഗാനം അവസാനിക്കുന്നതോടെ ജബ്യയും കുടുംബവും പന്നിയ്ക്ക് പുറകെ ഓട്ടം തുടരുകയാണ്. ഒടുവില്‍ പന്നിയെ പിടികൂടി അപമാനിതനായി സഹപാഠികള്‍ക്കും ഷാലുവിനും നാട്ടുകാര്‍ക്കും മുന്നിലൂടെ ജബ്യ നടന്നു നീങ്ങുന്നു. പെട്ടെന്ന് നാട്ടുകാരിലെ സവര്‍ണരായ ചെറുപ്പക്കാര്‍ അവനെ പന്നീയെന്ന് വിളിച്ചു. അവന്‍ ദേഷ്യത്തോടെ അവര്‍ക്കുനേരെ പെട്ടെന്ന് കയര്‍ത്തു. ആ പ്രതികരണത്തില്‍ വെറിപൂണ്ട നാട്ടുകാരില്‍ ചിലര്‍ അവനെ തല്ലാനായി മുന്നോട്ട് കുതിച്ചുവരുന്നു. വീട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ എല്ലാവരെയും തട്ടിമാറ്റി ജബ്യ ഒരു കല്ലെടുത്ത് തന്നെ പന്നിയെന്ന് വിളിച്ചവന്റെ നേര്‍ക്കെറിയുന്നു. ആ കല്ല് ആയത്തില്‍ വന്ന് തറയ്ക്കുന്നത് അതുവരെ സിനിമ കണ്ടുകൊണ്ടിരുന്ന കാണികളുടെ മുഖത്താണ്. സ്‌ക്രീനില്‍ വന്ന് കൊള്ളുന്ന കല്ലേറിന്റെ ചടുലമായ ഷോട്ടോടെ ഫാന്‍ട്രി എന്ന മറാത്തി സിനിമ അവസാനിക്കുന്നു. ജാതീയത രാജ്യത്തുനിന്ന് തുടച്ചുമാറ്റാനാകാതെ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഫാന്‍ട്രിയയിലൂടെ സംവിധായകന്‍ നാഗരാജ് മഞ്ജുളെ പറഞ്ഞുവെയ്ക്കുന്നത് ഇങ്ങനെയാണ്. ചിത്രത്തില്‍ ചങ്കേശ്വരന്‍ എന്ന ഒരു പരാജയപ്പെട്ട മനുഷ്യന്റെ വേഷത്തില്‍ നാഗരാജും അഭിനയിക്കുന്നുണ്ട്.

  • പുരസ്‌ക്കാരങ്ങളുടെ പൊലിമയില്‍

തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുംബൈ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് ജൂറി പുരസ്‌ക്കാരവും ഫാന്‍ട്രി നേടി. പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മറാത്തി സിനിമയ്ക്കുള്ള പ്രേക്ഷക അവാര്‍ഡ് അടക്കം അഞ്ച് അവാര്‍ഡുകളും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാരവും ചിത്രം നേടി. ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍, അബുദാബി ഫിലിം ഫെസ്റ്റിവല്‍, ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. മറാത്തി ഭാഷയിലെ അറിയപ്പെടുന്ന കവികൂടിയായ നാഗരാജ് മഞ്ജുളെ പിസ്തുല്യ എന്ന ആദ്യ ഷോര്‍ട്ട് ഫിലിമിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ്. ഫെബ്രുവരി 14 ന് മുംബൈയില്‍ ഫാന്‍ട്രി റിലീസ് ചെയ്തു. ഫാന്‍ട്രിയെക്കുറിച്ചും മുന്നോട്ട്വയ്ക്കുന്ന ദൃശ്യരാഷ്ട്രീയത്തെക്കുറിച്ചും സിനിമയിലേക്ക് കടന്നുവന്ന വഴികളെക്കുറിച്ചും നാഗരാജ് മഞ്ജുളെ സംസാരിക്കുന്നു.

  • സിനിമയിലേക്കുള്ള കടന്നുവരവ്

മഹാരാഷ്ട്രയിലെ സോലാപൂരിലെ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ചെറുപ്പ്തില്‍ ബോളിവുഡ് സിനിമകള്‍ ധാരാളം കണ്ടിരുന്നു. ആ സിനിമകളിലെ നാടകീയത ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. സൂപ്പര്‍ ഹീറോകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു. അമിതാഭ്ബച്ചനും മിഥുന്‍ ചക്രവര്‍ത്തിയും ആയിരുന്നു എന്റെ ഹീറോകള്‍. ഭാവിയില്‍ ഒരു സിനിമാ സംവിധായകന്‍ ആകുമെന്ന തോന്നലൊന്നും അന്നില്ല. സിനിമയ്ക്ക് പിന്നില്‍ സംവിധായകന്‍ ഉണ്ടെന്ന് അറിയില്ലല്ലോ. പക്ഷേ, സിനിമയില്‍ അഭിനയിക്കണമെന്ന് തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു. ഹീറോ ആകണമെങ്കില്‍ പ്രസന്നമായ മുഖവും തൊലിവെളുപ്പും വേണമെന്നായിരുന്നു വിശ്വാസം. എന്റെ രൂപം വെച്ച് നോക്കുമ്പോള്‍ ആ വിശ്വാസത്തോട് നീതി പുലര്‍ത്തുന്ന ഒന്നും എനിക്കുണ്ടായിരുന്നില്ല. അക്കാലത്തു കണ്ടുകൂട്ടിയ ബോളിവുഡ് സിനിമകള്‍ എന്നെ ഹരം കൊള്ളിച്ചിരുന്നുവെങ്കിലും എന്റെ മനോവിചാരങ്ങളുമായോ, എന്റെ സമൂഹവുമായോ അവയ്ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞു. ഹീറോ ഒരിക്കലും എന്നെയോ എന്റെ സമൂഹത്തെയോ ഒരുതരത്തിലും പ്രതിനിധീകരിച്ചിരുന്നില്ല. പക്ഷേ, എങ്ങനെയൊക്കെയോ ആ ഉയര്‍ന്ന ജീവിതങ്ങള്‍ സ്വാധീനം പുലര്‍ത്തുകയും ചെയ്തു. സമ്പന്നരുടെയും ഉന്നതകുലത്തില്‍ പെട്ടവരുടെയും കഥകളായിരുന്നു ബോളിവുഡ് പറഞ്ഞുകൊണ്ടിരുന്നത്; ഒരുപക്ഷേ, ഇന്നുംപറയുന്നതും. നാട്ടില്‍ ഒറു വീഡിയോ ഷോപ്പ് ഉണ്ടായിരുന്നു. ഒരു രൂപ കൊടുത്താല്‍ അവിടെയുള്ള ടെലിവിഷനില്‍ സിനിമ കാണിക്കും. സമ്പന്നരുടെ വീടുകളില്‍ മാത്രം ടെലിവിഷന്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്. മുതിര്‍ന്ന ശേഷമാണ് ഒരു സിനിമയ്ക്ക് പിന്നില്‍ ഒരു സംവിധായകന്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. എന്നെപ്പോലെ ഒരാള്‍ക്ക് തീര്‍ത്തും അപ്രാപ്യമാണ് ആ മേഖല എന്നു തോന്നിയതും അപ്പോഴാണ്. മാസ് കമ്മ്യൂണിക്കേഷന്‍ പഠനകാലത്താണ് എനിക്കും സിനിമ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം തോന്നിയത്. മറാത്തി സാഹിത്യത്തില്‍ എം. എ പൂര്‍ത്തിയാക്കിയശേഷം അലഞ്ഞുതിരിഞ്ഞ കാലത്ത് അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് അഹമ്മദ് നഗറില്‍ മാസ് കമ്മ്യൂണിക്കേഷന് ചേരുന്നത്. അവിടെ ചേരുമ്പോള്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയും ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുക. ആ ചിന്തയുടെ ഭാഗമായി കഥകള്‍ ആലോചിച്ചുതുടങ്ങി. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് – എനിക്ക് ഏറ്റവും നന്നായി ആവിഷ്‌ക്കരിക്കാന്‍ കഴിയുക എന്റെ കഥ തന്നെ ആണെന്ന്. എന്റെ സ്വന്തം കഥയുടെ തന്നെ ദൃശ്യാവിഷ്‌ക്കാരത്തിനെ ജീവനുണ്ടാകൂ എനിക്കുതോന്നി. അങ്ങനെയാണ് പിസ്തുല എന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. അലഞ്ഞുതിരിയുന്ന ഗോത്രവിഭാഗത്തിലെ ഒരു കുട്ടി വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിക്കുന്നതും അതിനായി അവന്‍ അനുഭവിക്കുന്ന പ്രതിസന്ധികളും സംഘര്‍ഷങ്ങളുമാണ് പിസ്തുല എന്ന എന്റെ ആദ്യ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 2010 – ലെ മികച്ച നോണ്‍ഫീച്ചര്‍ ഫിലിം ദേശീയ പുരസ്‌കാരം പിസ്തുല നേടിയത് ആത്മവിശ്വാസം നല്‍കി. കുടുംബം, ബാല്യം : സോലോപൂര്‍ ജില്ലയിലെ താര്‍ കര്‍മല എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. മഹാരാഷ്ട്രയിലെ ദളിത് സമുദായമായ വടാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഞങ്ങള്‍. പാറപൊട്ടിക്കലായിരുന്നു അച്ഛന്റെ തൊഴില്‍. പോപ്പട്ര എന്നായിരുന്നു അച്ഛന്റെ പേര്. അമ്മയുടെ പേര് ചബഭായ്. രണ്ട് സഹോദരങ്ങള്‍ ഉണ്ട്. ഞാനാണ് മൂത്തത്. ഇളയ സഹോദരന് വീട് നിര്‍മ്മാണമേഖലയിലാണ് പണി. രണ്ടാമത്തെ സഹോദരന് അടുത്തിടെ പോലീസില്‍ ജോലി കിട്ടി. ഇപ്പോള്‍ കുടുംബത്തിന്റെ സ്ഥിതി കുറച്ച് മെച്ചപ്പെട്ടു. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇളയ സഹോദരന്‍ കൂലിപ്പണിയെടുത്താണ് എന്നെ പോസ്റ്റ് ഗ്രാജേഷന്‍ പഠനത്തിന് അയച്ചത്. പൂനെയില്‍ എം. എ. യ്ക്ക് പഠിക്കുമ്പോള്‍ ചിലവിനായി ഒരു കടയില്‍ സെക്യൂരിറ്റി പണി ചെയ്തിട്ടുണ്ട്. അങ്ങനെ പല പല തൊഴിലുകളും. പലരും ഇത്തരം ജീവിതാനുഭവങ്ങളിലൂടെ ഒക്കെയാവാം കടന്നുവന്നിട്ടുള്ളത്. ഈ അനുഭവങ്ങളില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം വളരെ വലുതാണ്. ജാതീയമായ പീഡനങ്ങള്‍ ചെറുപ്പത്തിലെ ഏറെ അനുഭവിച്ചു. ജാതിയിലെ പിന്നോക്കാവസ്ഥ മൂലം പലപ്പോഴും പിന്തള്ളപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ബ്രാഹ്മണര്‍ ന്യൂനപക്ഷം ആയിരുന്നെങ്കിലും ഭൂരിപക്ഷം ദളിതരെയും അവര്‍ ജാതീയമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തുപോന്നു. മറ്റൊന്ന് ദളിതര്‍ക്കിടയിലും ജാതീയമായ വേര്‍തിരിവ് വളരെ ശക്തമായിരുന്നു എന്നതാണ്. ഒരു ദളിത് ജാതിയില്‍ പെട്ടവര്‍ മറ്റൊരു ദളിത് ജാതിയില്‍ നിന്ന് വിവാഹം ചെയ്തിരുന്നില്ല. ദളിത് ഉപജാതികള്‍ തമ്മില്‍ സംഘര്‍ഷങ്ങളും നാട്ടില്‍ നടന്നിരുന്നു. ആത്മവിശ്വാസം കെടുത്തുന്ന അനേകം ജാതീയമായ അനുഭവങ്ങളിലൂടെയാണ് സ്‌കൂള്‍ കാലം കടന്നുവന്നത്. ജാതിമൂലം നമ്മളൊരു അപ്രധാന വിദ്യാര്‍ത്ഥിയായി സ്‌കൂളില്‍ മാറിയിരുന്നു. സ്‌കൂളില്‍ വെച്ച് സ്വന്തം ജാതി വെളിപ്പെടുത്തുന്നതില്‍ വല്ലാത്ത മടി തോന്നിയിരുന്നു. പിന്തള്ളപ്പെട്ട് പോകുമോയെന്ന ഭയമായിരുന്നു കാരണം. അദ്ധ്യാപകര്‍ തന്നെ ക്ലാസ് മുറിയില്‍ പേരുചോദിക്കുന്നതിനൊപ്പം ജാതിയും ചോദിച്ചു. ഞാന്‍ എന്റെ ജാതിപ്പേര് പറയുമ്പോള്‍ സഹപാഠികള്‍ പൊട്ടിച്ചിരിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. നാട്ടില്‍ പന്നിയെ പിടിച്ചിരുന്നത് ഞങ്ങളുടെ ജാതിക്കാരായിരുന്നു. അതായിരുന്നു എന്റെ സഹപാഠികള്‍ ചിരിച്ചിരുന്നതിന്റെ കാരണം. അതൊക്കെ വല്ലാത്ത മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ വരെ ജാതീയത ശക്തമായിരുന്നുവെന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളോടും വിവേചനം കാണിക്കാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. സവര്‍ണനായതുകൊണ്ട് മഹാനെന്നും ദളിതനായതുകൊണ്ട് മോശക്കാരനെന്നും മറിച്ചും ഒരു മനുഷ്യനെ വിലയിരുത്താന്‍ കഴിയില്ലല്ലോ. എല്ലാ ജാതിയിലും നല്ലവരും മോശക്കാരും ഉണ്ടല്ലോ. സിനിമയിലെ ജാതി : ജാതി ഒരു യാഥാര്‍ഥ്യം തന്നെയാണ്. പൊതുവെ ഞാന്‍ കണ്ടിട്ടുള്ള ഹിന്ദി സിനിമകളില്‍ ജാതി പ്രകടമായി പറയാറില്ല. പക്ഷേ, കഥാപാത്രങ്ങളിലൂടെയും കഥാപശ്ചാത്തലത്തിലൂടെയും സവര്‍ണത പ്രകടമാക്കും. ദളിതരേയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനുപേരെയും അവര്‍ അനുഭവിക്കുന്ന അതിഭീകരമായ ജീവിതപ്രശ്‌നങ്ങളെയും കാണാതെ മറ്റൊരു ലോകമാണ് ആ സിനിമകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ജാതിയെ അതിന്റെ എല്ലാവിധ സ്വത്വത്തോടെയും കൂടി സിനിമയില്‍ ആവിഷ്‌ക്കരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജാതി ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോള്‍ അതിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ സിനിമ പോലെയുള്ള വലിയ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ഒളിച്ചോടുന്നത് നീതിയല്ല. എഴുത്ത്, രാഷ്ട്രീയം: പത്താം ക്ലാസ് മുതല്‍ കവിത എഴുതിയിരുന്നു. ഗ്രാമീണജീവിതത്തില്‍ ധാരാളം സമയം ബാക്കി കിട്ടുമല്ലോ. ആ സമയം വായനയ്ക്കും എഴുത്തിനുമായി മാറ്റിവെച്ചു. കൈയ്യില്‍ കിട്ടിയതെല്ലാം വായിച്ചു. ജി. എ. കുല്‍ക്കര്‍ണിയുടെയും ശരണ്‍കുമാര്‍ ലിംബാലെയുടെയും രചനകള്‍, മറാത്തി, ദളിത് കവി നാമദേവ് ദസാലിന്റെയും അരുണ്‍ കൊലട്കറിന്റെയും കവിതകള്‍ തുടങ്ങിയതെല്ലാം വായനയില്‍ ആഴത്തില്‍ സ്വാധീനിച്ചു. അങ്ങനെയാണ് എന്റെ സവിശേഷ അനുഭവങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ഗൗരവമായി കവിതയെ സമീപിച്ച് തുടങ്ങിയത്. കവിതകള്‍ എഴുതി പ്രസിദ്ധീകരിച്ചു. ഉന്‍ഹാച്യ കഥാവിരുദ്ധ എന്നാണ് എന്റെ കവിതാസമാഹാരത്തിന്റെ പേര്.

  • ജാതിരഹിതരായ മഹാമനുഷ്യര്‍

രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പ്രകടമായ ചായ്‌വ് എനിക്കില്ല. പക്ഷേ, എന്റെ സിനിമകള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം ഉണ്ടല്ലോ. അതിനാല്‍, സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കും രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മാനുഷികതയുടെ രാഷ്ട്രീയമാണ് സിനിമയിലൂടെ ഞാന്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഒരു നല്ല മനുഷ്യനാകാന്‍ തീവ്രമായി ആഗ്രഹിക്കുമ്പോള്‍ മാനുഷികതയുടെ രാഷ്ട്രീയം ആവിഷ്‌ക്കരണങ്ങളില്‍ കടന്നുവന്നോളും. ഒരു ദളിതന്‍ എന്ന നിലയില്‍ മാനുഷികതയുടെ മുഖത്തോടെയുള്ള ദളിത് ഉള്‍ക്കാഴ്ചയുള്ള നിലപാടുകളാണ് സിനിമയിലൂടെ ഞാന്‍ പങ്കുവെയ്ക്കുന്നത്. ഈ പ്രശ്‌നത്തില്‍ വിശാലമായ ചിന്താധാര ഉണ്ടാക്കുകയെന്നതാണ് എന്റെ സിനിമയുടെ ലക്ഷ്യം. സാവിത്രിഭായ് ഫുലേ, ഡോ. ബി. ആര്‍. അംബേദ്കര്‍, ജോതിഭാ ഫുലേ എന്നിവരെല്ലാം വളരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകളുടെയും ദളിതുകളുടെയും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ജ്യോതിഭാ ഫുലേയുടെയും ഷാഹു മഹാരാജിന്റെയും പ്രവര്‍ത്തനങ്ങളും. ബ്രാഹ്മണ വിഭാഗത്തില്‍ ജനിച്ചെങ്കിലും ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍ മഹാരാഷ്ട്രയില്‍ ജാതിക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ വിസ്മരിക്കാനാവില്ല. വലിയ വ്യക്തിത്വങ്ങളെ ജാതി ബാധിച്ചിരുന്നില്ല.

ഇന്ത്യന്‍ സിനിമ : 100 വര്‍ഷം പിന്നിടുകയാണ് ഇന്ത്യന്‍ സിനിമ. ഇന്ന് സിനിമാ മേഖലയിലേക്ക് വിവിധ ജാതിമത വിഭാഗത്തില്‍ പെട്ടവര്‍ കടന്നുവരുന്നുണ്ട്. അപ്പോള്‍ വ്യത്യസ്തമായ സവിശേഷമായ നല്ല സിനിമകള്‍ ഉണ്ടാകുവാനുള്ള പ്രതലമാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് അദ്ഭുതങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ദളിതര്‍ക്കിടയില്‍ മികച്ച ചലച്ചിത്രകാരന്മാര്‍ ഉണ്ടാകാതെ പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ജീവിക്കാന്‍ വിവേചനങ്ങളില്ലാത്ത ഒരു ഇടത്തിനും ആഹാരത്തിനും വേണ്ടിയുള്ള ദളിതുകളുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ജാതി പുതിയ രൂപത്തില്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നു. പല കലാകാരന്മാര്‍ക്കും ആര്‍ട്ടിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മഹാരാഷ്ട്രയിലെ ദളിതുകളില്‍ നല്ല കലാകാരന്മാരുണ്ട്. മറാത്തി ഫോക്ക് ആര്‍ട്ടായ തമാഷായുടെ കലാകാരന്മാരില്‍ ഭൂരിഭാഗവും ദളിതുകളാണ്. ഇവര്‍ ഗ്രാമീണ കലാകാരന്മാരായി ഒതുങ്ങിപ്പോകുനനു. അനേകം മികച്ച ഗായകരുമുണ്ട്. ഇവര്‍ക്കൊന്നും കലയുടെ മുഖ്യധാരയിലേക്കോ സിനിമകളിലേക്കോ എത്താന്‍ കഴിയുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ജാതിയും ജീവിതാവസ്ഥയുമൊക്കെയാണ് പ്രധാന കാരണങ്ങള്‍. സ്വന്തം വ്യക്തിത്വവും വിദ്യാഭ്യാസക്കുറവും തന്നെ പലരുടെയും മുന്നേറ്റങ്ങള്‍ തടസ്സപ്പെടുത്തുന്നു.

ഫാന്‍ട്രി: ഫാന്‍ട്രി എന്ന സിനിമ എന്റെ ജാവിതാനുഭവങ്ങളില്‍ നിന്ന് ഉണ്ടായതാണ്. എന്റെ ജാതിയില്‍പ്പെട്ടവര്‍ ഗ്രാമത്തില്‍ പന്നിയെ പിടിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഒരു കുലത്തൊഴില്‍ പോലെയാണ് അവര്‍ അത് ചെയ്തിരുന്നത്. ഞാന്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ എന്റെ അച്ഛനും സഹോദരങ്ങളുമെല്ലാം പന്നിയുടെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. ആ അനുഭവം ഫാന്‍ട്രിയില്‍ ഞാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഫാന്‍ട്രിയില്‍ പന്നിക്കു പിറകെ ഓടുന്ന സമയം അടുത്ത സ്‌കൂളില്‍ നിന്ന് ദേശീയഗാനം മുഴങ്ങുമ്പോള്‍ ജബ്യയുടെ കുടുംബം പെട്ടെന്ന് പണി നിര്‍ത്തി ആദരവോടെ നില്‍ക്കുന്ന സീന്‍ പലര്‍ക്കും ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ദേശീയതയെയും നമ്മള്‍ നേടിയെടുത്തെന്ന് വിശ്വസിക്കുന്ന സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന രംഗമാണ് അതെന്ന് ഞാന്‍ എടുത്തുപറയേണ്ടതില്ലല്ലോ. പാവപ്പെട്ടവരും ജാതീയമായി പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരായ മനുഷ്യരും ദേശീയഗാനം കേള്‍ക്കുമ്പോള്‍ അതുകേട്ട് എഴുന്നേറ്റ് നിന്ന് രാഷ്ട്രത്തെ ആദരിക്കും. പക്ഷേ, രാഷ്ട്രം ഏതു നിലയ്ക്കാണ് അവരെ പരിഗണിക്കുന്നത് എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിക്കുന്നത്. രാജ്യം ഒരിക്കലും അവരെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അവര്‍ തിരിച്ചറിയുന്നേയില്ല.

Top