ടെലിവിഷനിലെ അവതാരലീലകള്‍

ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഹൈന്ദവ മിത്തുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന കാഴ്ചകള്‍ മുന്‍പും പലവട്ടം കണ്ടതാണ്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസകഥനങ്ങള്‍ പലവുരു നടത്തിയിട്ടും ഇന്നും അവയ്ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ വന്‍ സ്വീകാര്യതയാണുളളത്. മഹാഭാരത്, ദേവന്‍ കി ദേവ് മഹാദേവ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ നേടിയ ജന പ്രീതി ഇതിന് അടിവരയിടുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കുന്നുവെങ്കിലും കാലപ്പഴക്കം അതിന്റെ വീര്യം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ ടെലിവിഷന്‍ കാട്ടിത്തരുന്നത്.

ന്ത്യന്‍ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പിന്റെ അവസാനത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി. നരേന്ദ്ര മോദിയുടെ അശ്വമേധം ദിഗ്വിജയങ്ങള്‍ സ്വന്തമാക്കിക്കൊണ്ട് 7 റേസ് കോഴ്‌സ് റോഡിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ സംഘാടനത്തിന്റേയും ആസൂത്രണത്തിന്റെയും മികവായി ഈ വിജയത്തെ പരിഗണിക്കാമെങ്കിലും, അതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ തള്ളിക്കളയുവാനാകില്ല. ‘മോദി ഇംപാക്ടിനെ’ മികച്ച രീതിയില്‍ അവതരിപ്പിച്ച് മാധ്യമങ്ങള്‍ രംഗം കൊഴുപ്പിച്ചു.എന്നാല്‍ വാര്‍ത്താപ്രാധാന്യം നല്‍കിയുള്ള അവതരണത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവയാണ് വിനോദോപാധികളായി കരുതിപ്പോരുന്ന ടെലിവിഷന്‍ പരമ്പരകളും. ഇന്ത്യയിലെ ഭൂരിപക്ഷമായ ഹൈന്ദവജനതയുടെ ആത്മബോധത്തെ ഉത്തേജിപ്പിച്ച് മോദി നേടിയ വിജയത്തില്‍ പുരാണേതിഹാസ ടെലിവിഷന്‍ സീരിയലുകള്‍ വഹിച്ച പങ്ക് ചെറുതല്ല.

ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഹൈന്ദവ മിത്തുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന കാഴ്ചകള്‍ മുന്‍പും പലവട്ടം കണ്ടതാണ്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസകഥനങ്ങള്‍ പലവുരു നടത്തിയിട്ടും ഇന്നും അവയ്ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ വന്‍ സ്വീകാര്യതയാണു
ളളത്. മഹാഭാരത്, ദേവന്‍ കി ദേവ് മഹാദേവ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ നേടിയ ജന പ്രീതി ഇതിന് അടിവരയിടുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കുന്നുവെങ്കിലും കാലപ്പഴക്കം അതിന്റെ വീര്യം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ ടെലിവിഷന്‍ കാട്ടിത്തരുന്നത്.

  • അല്‍പ്പം പഴമ്പുരാണം

ടെലിവിഷന്റെ ജനപ്രീതിയും സ്വാധീനതയും മനസ്സിലാക്കിയ സീരിയല്‍ നിര്‍മ്മാതാക്കള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഹൈന്ദവ വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ള സീരിയലുകളിലേക്ക് തിരിഞ്ഞു. അരുണ്‍ ഗോവില്‍ രാമനായി പ്രത്യഷപ്പെട്ട രാമായണ്‍ (1987-88) ഇതിന് നാന്ദി കുറിച്ചു. ആര്‍.എസ്.എസ്- ബി.ജെ.പി.യുടെ നേതൃത്വത്തില്‍ രാമരാജ്യത്തിന്റെ ആവശ്യകത ഉയര്‍ന്നു കേട്ടിരുന്ന കാലമായിരുന്നുവത്. രാമായണ്‍ സീരിയലിന്റെ വിജയം നിരവധി പിന്‍ഗാമികളെ സൃഷ്ടിച്ചു.
ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലുകളുടെ ചരിത്രത്തെ മാറ്റിയെഴുതികൊണ്ടായിരുന്നു 1988-ല്‍ ബി.ആര്‍ ചോപ്ര മഹാഭാരത് എന്ന ബ്രഹ്മാണ്ഡ സീരിയലുമായി കടന്നു വന്നത്. ടെലിവിഷന്‍ ചാനലുകളുടെ കിടമത്സരം മുറുകിയിട്ടില്ലാതിരുന്നതിനാല്‍ ഡി.ഡി നാഷണലിലായിരുന്നു അതിന്റെ സംപ്രേക്ഷണം. വന്‍ താരനിരയെ അണി നിരത്തി നിര്‍മ്മിച്ച സീരിയല്‍ വലിയ രീതിയില്‍ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചു. ഗജേന്ദ്ര ചൗഹാന്‍ (യുധിഷ്ഠിരന്‍), പ്രവീണ്‍കുമാര്‍ (ഭീമന്‍), രൂപ ഗാംഗുലി (ദ്രൗപദി), പുനീത് ഇസ്സാര്‍ (ദുര്യോധനന്‍) പങ്കജ് ധീര്‍ (കര്‍ണ്ണന്‍) എന്നിവര്‍ ഇന്ത്യയില്‍ ഇതിഹാസ കഥാപാത്രങ്ങളായി മാറി. നിതീഷ് ഭരദ്വാജിനെ ഇന്ത്യന്‍ ജനത ശ്രീകൃഷണനായി അവരോധിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി. സ്ഥാനമുറപ്പിക്കുന്ന കാലമായിരുന്നു ഇത്.
മഹാഭാരതത്തിന്റെ വിജയം നേടാനായില്ലെങ്കിലും ബി.ആര്‍ ചോപ്ര നിര്‍മ്മിച്ച വിഷ്ണുപുരാണ്‍(2003) എന്ന വിഷ്ണുവിന്റെ അവതാരകഥയും ശ്രദ്ധിക്കപ്പെട്ടു. ഓം നമ:ശിവായ, ജയ് ഹനുമാന്‍ തുടങ്ങിയ നിരവധി സീരിയലുകളും പിന്നീടുണ്ടായി. ഇന്ത്യന്‍ ടെലിവിഷന്‍ പ്രേമിയുടെ സിരകളിലെ വിശ്വാസങ്ങളെയും ഹൈന്ദവ അവബോധത്തെയും തഴുകിത്തലോടിയാണ് പുരാണ സീരിയലുകള്‍ പണംവാരി പരമ്പരകളായത്.

  • ദൈവങ്ങളുടെ രാഷ്ട്രീയം

ദൈവങ്ങളെ മിനിസ്‌ക്രീനില്‍ അവതരിപ്പിച്ചവര്‍ ദൈവികപരിവേഷം സിദ്ധിച്ച കാഴ്ചകളാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. ശ്രീകൃഷ്ണന്റെ പ്രതിപുരുഷനായ നിതീഷ് ഭരദ്വാജും രാമായണത്തിലെ സീതയെ അവതരിപ്പിച്ച ദീപിക ചിക്കാലിയയും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ ടെലിവിഷനിലെ ആദര്‍ശപ്രഖ്യാപനങ്ങളും പ്രകടനങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നത് നിസ്തര്‍ക്കമാണ്.
1990- കളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചിത്രം ഇത്തരം സീരിയലുകളുടെ ആവശ്യകത ഉയര്‍ത്തി. രാമരാജ്യസംസ്ഥാപനത്തിനായ് 1990-91 കാലഘട്ടത്തില്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ രഥയാത്ര പോലും ഇതിന്റെ ബാക്കിപത്രമായിരുന്നു. മഹാഭാരതം സീരിയലില്‍ ശ്രീകൃഷണന്‍ തെളിക്കുന്ന തേരിനോട് രൂപസാദൃശ്യമുണ്ടായിരുന്നു ബി.ജെ.പിയുടെ രഥയാത്രയ്ക്ക്. ഇതിന്റെ രാഷ്ട്രീയ പരിണിതഫലം 1991-ല്‍ ബി.ജെ.പിയെ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദ്ദേശില്‍ അധികാരത്തിലെത്തിക്കുന്നതിലാണ് അവസാനിച്ചത്. 1992 ഡിസംബര്‍ 6-ന് ബാബറിമസ്ജിദ് തകര്‍ക്കുന്നതോടെ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായി. ടെലിവിഷനും രാഷ്ട്രീയവും തമ്മിലുള്ള അന്തര്‍ധാരയുടെ വ്യക്തമായ ചരിത്രമാണിത്.

________________________________
ഇതിഹാസകഥകള്‍ക്കും പുരാണങ്ങള്‍ക്കും ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ വന്‍ സ്വീകാര്യതയാണുളളത്. ഒരു ജനസഞ്ചയത്തിന്റെ അബോധമായി അത് രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സമൂഹം വികസനത്തിന്റെ വഴിയിലാണെങ്കിലും ഈ അബോധത്തെ അത് തരിമ്പും ബാധിക്കുന്നില്ല. വിശ്വാസങ്ങളും ആചാരങ്ങളും വിപണിമൂല്യമുള്ള വില്‍പ്പനച്ചരക്കായി ഇന്നും നിലനില്‍ക്കുന്നത് ഇതു കൊണ്ട് തന്നെയാവണം. ടെലിവിഷനിലെയും രാഷ്ട്രീയത്തിലെയും പുതിയ അവതാരപ്പിറവികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കാം. 
________________________________

  • ചില വീണ്ടെടുപ്പുകള്‍

മോദിയുടെ പ്രചരണപരിപാടികള്‍ ഒരു വശത്ത് ശക്തമായി നടക്കുമ്പോഴും മാധ്യമ രംഗത്ത് ചില അടിയൊഴുക്കുകള്‍ നടന്നിരുന്നു. പ്രിന്റ്/വിഷ്വല്‍ മീഡിയ മോദിക്ക് നല്‍കിയ കവറേജ് ഇതര രാഷ്ട്രീയ കക്ഷികള്‍ക്ക് വലിയ ക്ഷീണം ചെയ്തു. എന്നാല്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈന്ദവ മിത്തോളജി സീരിയലുകള്‍ നടത്തിയത് ഒരു നിശബ്ദവിപ്ലവമാണ്. ഓരോ വിരുന്നുമുറികളിലും മോദി വിഭാവനം ചെയ്ത ഒരു ഹൈന്ദവബോധം എത്തിച്ചുകൊണ്ട് ഒരു പുതിയ പ്രത്യയശാസ്ത്രരൂപീകരണം സീരിയലുകള്‍ സാധ്യമാക്കി. ഇതിനു മികച്ച തെളിവാണ് 2013-ല്‍ സംപ്രക്ഷണം ആരംഭിച്ച മഹാഭാരതം, ദേവന്‍ കി ദേവ് മഹാദേവ് പോലുളള പരമ്പരകളുടെ വന്‍ സ്വീകാര്യത. ഹിന്ദിയില്‍ സ്റ്റാര്‍ പ്ലസ് അവതരിപ്പിച്ച മഹാഭാരതവും, ലൈഫ് ഓക്കെ ചാനല്‍ അവതരിപ്പിച്ച മഹാദേവും മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ചാനലുകളിലും മൊഴിമാറ്റം ചെയ്ത് സംപ്രക്ഷണം ചെയ്തു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി. പ്രചാരണതന്ത്രങ്ങള്‍ മെനയുന്ന 2013 സെപ്റ്റംബറില്‍ തന്നെയാണ് സ്റ്റാര്‍പ്ലസ് മഹാഭാരതത്തിന്റെ പുതിയ പതിപ്പുമായി രംഗപ്രവേശം നടത്തിയെന്നത് ആക്‌സമികമായേക്കാം. മോദി അധികാരത്തിലേറിയ ശേഷം 2014 ജൂണോടു കൂടി മഹാഭാരതം സംപ്രേക്ഷണം അവസാനിപ്പിക്കും എന്നത് മറ്റൊരു യാദൃച്ഛികത!
മലയാളത്തില്‍ സ്റ്റാര്‍ ടി.വിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലാണ് ഇരു സീരിയലുകളും (മഹാദേവ്- കൈലാസനാഥന്‍ എന്ന പേരില്‍ ) സംപ്രക്ഷണം ചെയ്യുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മഹാഭാരതം സംപ്രേക്ഷണം ചെയ്യുന്നു. 100 കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം ടെലിവിഷന്‍ സീരിയല്‍ റേറ്റിംഗില്‍ ഏറെ മുന്നിലാണ്. അല്‍ ജസീറ നടത്തിയ പഠനത്തില്‍ സംപ്രക്ഷണത്തിന്റെ ആദ്യവാരത്തില്‍ 8445 TVT(Television Viewership in Thousands) നേടിയ മഹാഭാരതം 6356 TVT എന്ന മികച്ച ശരാശരിയില്‍ സംപ്രക്ഷണം തുടരുന്നു.
പരസ്പര പൂരകമെന്നു തോന്നിക്കാവുന്ന ഒരു മോദി -മര്‍ഡോക്ക് കൂട്ടുകെട്ടിന്റെ സാധ്യതകളിലേക്ക് മാധ്യമ ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടിയിരിക്കുന്നു. മോദിക്ക് അനുകൂലമായ കാറ്റ് രാഷട്രീയത്തില്‍ വീശിത്തുടങ്ങിയെന്ന നിഗമനത്തിലാവണം സ്റ്റാര്‍ ടി.വി എന്ന മാധ്യമ ഭീമന്‍ ഇത്തരം സീരിയലുകളുടെ സംപ്രക്ഷണത്തിലേക്ക് തിരിഞ്ഞത്. നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ നിലപാടുകളുടെയും ആദര്‍ശവ്യക്തിത്വത്തിന്റെയും ടെലിവിഷന്‍ പതിപ്പുകളായിരുന്നു ഇതിഹാസ സീരിയലുകളിലെ കഥാപാത്രങ്ങള്‍. സാധുജനപരിപാലനത്തിനും ധര്‍മ്മ സംസ്ഥാപനത്തിനുമായി അവതരിച്ച, ദൈവീകപരിവേഷം സിദ്ധിച്ച നേതാവായി മോദി അവരോധിക്കപ്പെടുന്ന കാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കണ്ടതാണെല്ലോ! ഇതിലൂടെ ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുക എന്ന ബിസിനസ്സ് തന്ത്രം സ്റ്റാര്‍ ടി.വി. വിജയകരമായി നിറവേറ്റി. അന്തിമ വിശകലനത്തില്‍ ഇരുകൂട്ടര്‍ക്കും പ്രതീക്ഷിച്ചതിലും മികച്ച നേട്ടം സ്വന്തം.
ഇതിഹാസകഥകള്‍ക്കും പുരാണങ്ങള്‍ക്കും ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ വന്‍ സ്വീകാര്യതയാണുളളത്. ഒരു ജനസഞ്ചയത്തിന്റെ അബോധമായി അത് രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സമൂഹം വികസനത്തിന്റെ വഴിയിലാണെങ്കിലും ഈ അബോധത്തെ അത് തരിമ്പും ബാധിക്കുന്നില്ല. വിശ്വാസങ്ങളും ആചാരങ്ങളും വിപണിമൂല്യമുള്ള വില്‍പ്പനച്ചരക്കായി ഇന്നും നിലനില്‍ക്കുന്നത് ഇതു കൊണ്ട് തന്നെയാവണം. ടെലിവിഷനിലെയും രാഷ്ട്രീയത്തിലെയും പുതിയ അവതാരപ്പിറവികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കാം.

Top