പൂനെ നല്‍കുന്നത് ആപദ്‌സൂചനകള്‍

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ ദബോല്‍ക്കറിനെയും വിവരാവകാശപ്രവര്‍ത്തകന്‍ സതീഷ് ഷെട്ടിയെയും കൊലപ്പെടുത്തിയ വലതുപക്ഷ ഭീകരതയെ പൂനെ പോലീസ് ഇപ്പോഴും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പൂനെ യെര്‍വാദ ജയിലിലാണ് ഇന്നും ദുരൂഹമായ, ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഖതീല്‍ സിദ്ദീഖി പൈജാമച്ചരടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സവര്‍ക്കര്‍ മുതലുള്ള ആളുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച പൂനെയുടെ ചരിത്രത്തില്‍ ഇപ്പോള്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ചരിത്രം എന്നും ഫാഷിസത്തെ നിരാകരിച്ചിട്ടേയുള്ളൂ.

”അദ്ദേഹം (സവര്‍ക്കര്‍) മുസ്‌ലിംകളെ വെറുത്തു. അദ്ദേഹം വിഭാവന ചെയ്യുന്ന ഹിന്ദുസമൂഹത്തില്‍ അവര്‍ക്കു സ്ഥാനമേയുണ്ടായിരുന്നില്ല. ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഹിന്ദുരാഷ്ട്രീയസംഘടനയായ ഹിന്ദുമഹാസഭയുടെ അധ്യക്ഷപദം രണ്ടുപ്രാവശ്യം വഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ താല്‍പ്പര്യം അതിന്റെ ഫാഷിസ്റ്റ് അര്‍ധസൈനിക വിഭാഗമായ ആര്‍. എസ്. എസില്‍ ആയിരുന്നു. അതിന്റെ കേന്ദ്രസത്തയായി പ്രവര്‍ത്തിച്ചത് ഹിന്ദുരാഷ്ട്രദള്‍ എന്ന രഹസ്യസമിതിയാണ്. പൂനെയില്‍ 1942 മെയ് 15 ന് സവര്‍ക്കര്‍ എന്ന സ്ഥാപിച്ചതായിരുന്നു അത്”- (ഡൊമിനിക് ലാപിയര്‍ ലാരി കോളിന്‍സ്; സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, പേജ് 390).
ഓരോ കലാപബാധിത പ്രദേശവും കാണുമ്പോള്‍ ഓര്‍മവരുന്നത് സമീപകാലത്തു നടന്ന മറ്റൊരു കലാപമായിരിക്കും. പക്ഷേ പൂനെയില്‍ വിണ്ടിയിറങ്ങുമ്പോള്‍ മനസ്സില്‍ വന്നത് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വധത്തില്‍ ഫാഷിസ്റ്റ് ഭീകരസംഘടനയായ ആര്‍. എസ്. എസിനുള്ള പങ്കും അതിന്റെ ഉറവിടമാണ് പൂനെ എന്ന വസ്തുതയുമായിരുന്നു. ആയതുകൊണ്ടുതന്നെ പൂനെ ഇന്ത്യയിലെ വലതുപക്ഷ ഭീകരതയുടെ ആസ്ഥാനമെന്നു നിസ്സംശയം പറയാം. നവമാധ്യമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഫേസ്ബുക്കും ട്വിറ്ററും വാട്‌സഅപ്പും പല രീതിയിലും സ്വാധീനം ചെലുത്തുന്ന ഒരു സമൂഹമാണു നമ്മുടേത്. ഇക്കഴിഞ്ഞ മെയ് 31ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ശിവജി. ബാല്‍താക്കറെ എന്നിവരെ മോശമാക്കി ചിത്രീകരിച്ച ഒരു പോസ്റ്റ് ആണ് നിരവധി മുസ്‌ലിംകളുടെ സ്വത്തിനും മുഹ്‌സിന്‍ എന്ന ഐ. ടി എന്‍ജിനീയറുടെ ദാരുണമരണത്തിനും ഇടയാക്കിയത്. പ്രദേശത്തെ തന്നെ ഒരു പോലീസ് അധികാരി പറഞ്ഞത്, ഇന്തോനീസ്യയില്‍നിന്ന് പോസ്റ്റ് ചെയ്ത ഒരു ഫോസ്ബുക്ക് പോസ്റ്റ് ആണ് എല്ലാറ്റിനും കാരണമായത് എന്നാണ് (പത്രസമ്മേളനത്തില്‍ ഇതു പറഞ്ഞപ്പോള്‍ കൂട്ടച്ചിരിയായിരുന്നു.) എന്തായാലും കഴിഞ്ഞമാസം മെയ് 26നു ശേഷം ‘ഇന്ത്യന്‍ മുജാഹിദീന്‍’ വനവാസത്തിനോ നല്ലനടപ്പിനോ പോയതിനാല്‍ ഇപ്പോള്‍ രംഗത്തുള്ളത് ഇന്തോനീസ്യപോലുള്ള രാജ്യങ്ങളിലെ ചിലരാണ്.
എന്തായാലും സ്ഥിരമായി ചിത്രത്തില്‍ വരാറുള്ള അഫ്ഗാന്‍, താലിബാന്‍, പാക് താലിബാന്‍ ഇത്യാദി സംഗതികള്‍ ഇത്തവണയില്ല. സംഭവം അങ്ങ് ഇന്തോനീസ്യയിലാണ്. മെയ് 31നു തുടങ്ങിയ ആക്രമണങ്ങള്‍ ജൂണ്‍ രണ്ടുവരെ നീണ്ടുനിന്നു. എന്തായാലും മുഹ്‌സിന്‍ എന്ന യുവാവിനെ രാത്രിയില്‍ തല്ലിക്കൊന്നതിനുശേഷമാണ് സര്‍ക്കാര്‍ തുടര്‍ന്ന് കൂടുതല്‍ ‘വിക്കറ്റുകള്‍ വീഴാതെ’ (മുഹ്‌സിനെ കൊന്നതിനുശേഷം ഹിന്ദുരാഷ്ട്രസമിതി വ്യാപകമായി അയച്ച എസ്. എം. എസ്) നോക്കാന്‍ ശ്രമിച്ചത്. അതിനു മുമ്പുതന്നെ പല മുസ്‌ലിംസംഘടനകളും അര്‍ധസൈനിക വിഭാഗത്തെ ഇറക്കി ക്രമസമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. മുഹ്‌സിന്‍ കൊല്ലപ്പെട്ടുകഴിഞ്ഞപ്പോഴാണ് അതു നടപ്പാക്കിയത്. അതിനു മുമ്പുതന്നെ മുസ്‌ലിം സമൂഹം വസിക്കുന്ന വീടുകള്‍, അവരുടെ വ്യാപാരസ്ഥാപനങ്ങള്‍, മസ്ജിദുകള്‍ – ഇവയൊക്കെ വ്യാപകമായി ആക്രമിക്കപ്പെടുകയോ തീവയ്പിനും കൊള്ളയ്ക്കും ഇരയാവുകയോ ചെയ്തു. പൂനെയിലെ 99 ശതമാനവും ബേക്കറികള്‍ യു. പി. മുസ്‌ലിംകളാണു നടത്തുന്നത്. ആക്രമണത്തിന് ഏറ്റവും ഭീകരമായ രീതിയില്‍ ഇരയായ വ്യാപാരസ്ഥാപനങ്ങള്‍ അവരുടേതാണ്. ബേക്കറി ആക്രമണങ്ങളില്‍ കുപ്രസിദ്ധമായ മറാത്ത ദേശീയതയുടെ ‘സ്വദേശി’ മുദ്രവാക്യം ഇത്തവണ നന്നായി നടപ്പാക്കി.

__________________________________
 മുഹ്‌സിന്‍ എന്ന യുവാവിനെ രാത്രിയില്‍ തല്ലിക്കൊന്നതിനുശേഷമാണ് സര്‍ക്കാര്‍ തുടര്‍ന്ന് കൂടുതല്‍ ‘വിക്കറ്റുകള്‍ വീഴാതെ’ (മുഹ്‌സിനെ കൊന്നതിനുശേഷം ഹിന്ദുരാഷ്ട്രസമിതി വ്യാപകമായി അയച്ച എസ്. എം. എസ്) നോക്കാന്‍ ശ്രമിച്ചത്. അതിനു മുമ്പുതന്നെ പല മുസ്‌ലിംസംഘടനകളും അര്‍ധസൈനിക വിഭാഗത്തെ ഇറക്കി ക്രമസമാധാനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.
__________________________________

അക്രമങ്ങല്‍ നടന്നതെല്ലാം രാത്രി ഒമ്പതുമണിക്കും 11 മണിക്കും ഇടയിലാണ്. പെട്ടെന്ന് ബൈക്കില്‍ വരുന്ന സംഘങ്ങള്‍ ഹോക്കിസ്റ്റിക്ക്, ഇരുമ്പു കമ്പി, വാള്‍ എന്നിവയുപയോഗിച്ച് ആക്രമിക്കുക- ഇതാണു രീതി. പെട്രോള്‍ ശേഖരിക്കുന്നത്, കത്തിക്കാനായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങളുടെ വാഹനങ്ങളില്‍നിന്നും അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന മറ്റുവാഹനങ്ങളില്‍ നിന്നുമാണ്. ഹടപ്‌സര്‍ എന്ന പ്രദേശത്താണു വ്യാപകമായ അക്രമങ്ങള്‍ നടന്നത്. വെല്‍കം ബേക്കറിയുടെ ഉടമ ഇഫ്തികര്‍ മുഹമ്മദ് അന്‍സാരി പറയുന്നു. ”രാത്രി പത്തുമണിക്കുശേഷം ആണെന്ന് തോന്നുന്നു. ഏകദേശം നൂറിലധികം ആളുകള്‍ ‘ജയ് ഭവാനി ജയ് ശിവജി’ മുദ്രാവാക്യം മുഴക്കിവന്നു. ബഹളം തുടങ്ങിയപ്പോള്‍ ജോലിക്കാര്‍ ഷട്ടറിട്ടു. പക്ഷേ, എല്ലാം തകര്‍ത്തു കത്തിച്ചു. ഞാന്‍ പലതവണ പോലീസിനു ഫോണ്‍ ചെയ്തു. വന്നില്ല. ഒടുവില്‍ നേരിട്ടു പോലീസ് സ്റ്റേഷനില്‍ ചെന്നു കേണപേക്ഷിച്ചു. അപ്പോഴാണ് അവര്‍ വന്നത്.” അതേ ബേക്കറിയിലെ 17 ജീവനക്കാര്‍ രക്ഷപ്പെടാനായി അടുത്തുള്ള ബേക്കറി യൂനിറ്റിലെ കെട്ടിടത്തിനകത്തു കയറി. പുറത്തുനിന്നു ചിലര്‍ തീയിട്ടപ്പോള്‍ ശ്വാസംമുട്ടിയ ജീവനക്കാര്‍ പണിസാധനങ്ങള്‍ ഉപയോഗിച്ച് പിറകുവശത്തെ ചുവര് പൊളിച്ചുമാറ്റിയാണു രക്ഷപ്പെട്ടത്.
2002 -ലെ ഗുജറാത്ത് വംശഹത്യ നടന്നപ്പോള്‍ ബെസ്റ്റ് ബേക്കറിയിലെ കൂട്ടക്കുരുതി ഓര്‍ക്കുക. ഇന്ന് ശയ്യാവലംബിയായി കിടക്കുന്ന അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി ന്യൂട്ടന്റെ മൂന്നാം തത്ത്വം ഉദ്ധരിച്ച് ഗുജറാത്ത് കൂട്ടക്കൊലയെ ന്യായീകരിച്ചപ്പോള്‍ പൂനെയിലെ അക്രമത്തെക്കുറിച്ച് അവിടത്തെ ബി.ജെ. പി. എം. പി അനില്‍ ഷിരൊലെ പറഞ്ഞത്, ‘ സ്വാഭാവിക പ്രതികരണം’ എന്നാണ്. ഫാഷിസത്തില്‍ മൃദുവും കഠിനവുമില്ല. മനുഷ്യത്വമില്ലായ്മ മാത്രമേയുള്ളൂ. മുഹ്‌സിന് ഒപ്പമുണ്ടായിരുന്ന അമീര്‍ ശെയ്ഖിനു കൈക്ക് വെട്ടേറ്റു. ഭീകരവാദികളില്‍നിന്ന് അദ്ദേഹം കഷ്ടിച്ചാണു രക്ഷപ്പെട്ടത്. അമീര്‍ പറയുന്നു: ”തൊപ്പിയും താടിയുമുള്ളവരെയെല്ലാം പ്രത്യേകം തിരഞ്ഞുപിടിച്ച് ആക്രമിച്ചു.”
ഫാഷിസത്തിന്റെ ഭീകരനാളുകളില്‍ മുസല്‍മാന്റെ താടിയും തൊപ്പിയും മറ്റുമതചിഹ്നങ്ങളും ഒരു ‘ക്രിമിനല്‍ക്കുറ്റം’ ആവുന്നത് സാധാരണം. റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന, നിരക്ഷരരും തൊഴില്‍രഹിതരുമായ ചെറുപ്പക്കാരെ ഉപയോഗിച്ചു ഗുണ്ടാപ്പണി നടത്തുനന ക്രമിനല്‍സംഘമാണ് ‘ഹിന്ദുരാഷ്ട്ര സേന’ എന്ന പേരില്‍ അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ ഏതൊരു ക്രമിനല്‍സംഘത്തിനും കിട്ടുന്ന ഒരു ‘വീരപരിവേഷം ‘ഉണ്ടല്ലോ. ഇവിടെ അത് ആര്‍ഷഭാരതത്തിന്റെ ചെലവിലാണെന്നു മാത്രം. ഉള്ളതു പറയാമല്ലോ: ധനഞ്ജയ് ദേശായിയെപ്പറ്റി കേട്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് കോഴിക്കോട് ഫ്‌ളാറ്റ് ഉടമകളെ തോക്കുചൂണ്ടി കോടികള്‍ തട്ടാന്‍ ശ്രമിച്ച ‘ഹനുമാന്‍ സേന’യുടെ നേതാവ് നറുകര ഗോപിയെയാണ്.

__________________________________
മറ്റെല്ലാ കലാപങ്ങളിലും എന്നപോലെ പോലീസ് ഇവിടെയും പക്ഷപാതപരമായ തന്നെയാണു പെരുമാറിയത്. ആക്രമണകാരികളായ എച്ച്. ആര്‍. എസ് പ്രവര്‍ത്തകര്‍ തീവയ്പും കൊള്ളയും നടത്തുമ്പോള്‍ പോലീസ് സ്റ്റേഷനിലെ ഫോണെടുക്കാന്‍ ഒരു ‘നിയമപാലകനും ‘ മെക്കെട്ടില്ല. ചിലയിടത്ത് ‘ഇപ്പോള്‍ വരാം’ എന്നു പറഞ്ഞിട്ട് പോലീസ് വന്നത് എല്ലാം കഴിഞ്ഞതിനുശേഷം. 1992-93 കാലത്തു നടന്ന മുംബെ കലാപങ്ങളില്‍ പോലീസ് എങ്ങനെയായിരുന്നുവെന്നു ശ്രീകൃഷ്ണ കമ്മീഷന്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. 
__________________________________

മുസ്‌ലിംപള്ളികളുടെ നേര്‍ക്കുണ്ടായ അക്രമത്തില്‍ ഏറ്റഴും ഭീകരമായ സംഭവം ലന്ദെവാടിയില്‍ ബസോരിയിലെ മദീന മസ്ജിദിലാണു നടന്നത്. പ്രദേശത്തെ ഖബറിസ്ഥാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്ത പരന്നപ്പോള്‍ ഖബറുകള്‍ സംരക്ഷിക്കാന്‍ എല്ലാ മുസ്‌ലിംകളും ഇവിടെ കൂടിനിന്നു. ഇതു മനസ്സിലാക്കിയ ഹിന്ദുരാഷ്ട്ര സനേക്കാര്‍ പള്ളി വളഞ്ഞു. മുകള്‍നിലയിലെ ഒരു ഭാഗം 35 കുട്ടികള്‍ താമസിച്ചു പഠിക്കുന്ന മദ്‌റസയാണ്. അവിടെയുള്ള സാധനങ്ങള്‍ മുഴുവന്‍ നശിപ്പിച്ചു. കുട്ടികള്‍ പ്രാണരക്ഷാര്‍ത്ഥം മുകളിലത്തെ നിലയില്‍നിന്നു ചാടി. അങ്ങനെ ചാടിയ അഞ്ചുകുട്ടികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വാള്‍മുനയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പള്ളി ഇമാം മുഹമ്മദ് ആലം മുകളില്‍നിന്ന് ചാടി കാലൊടിഞ്ഞു. മസ്ജിദില്‍ കടന്ന കൂട്ടര്‍ മതഗ്രന്ഥങ്ങള്‍ റോഡില്‍ കൂട്ടിയിട്ടു കത്തിച്ചു. പള്ളിയുടെ കുറേ ഭാഗം അഗ്നിക്കിരയാക്കി.
മുസഫര്‍നഗറില്‍ മുഴക്കിയത് ‘പാകിസ്താന്‍ ഓര്‍ ഖബറിസ്ഥാന്‍’ എന്നാണ്. പക്ഷേ, ഇവിടെ ഒരു ചെറിയ വ്യത്യാസമുണ്ടായിരുന്നു; പാകിസ്താന്‍ എന്നുമാത്രമേ പറഞ്ഞുള്ളൂ. ആക്രമണത്തില്‍ കത്തിച്ച പള്ളിയും ഫയര്‍ സ്‌റേറഷനും തമ്മില്‍ ഒരു മതില്‍ക്കെട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. പക്ഷേ, തീയണയ്ക്കാന്‍ സഹായം ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ അപേക്ഷ നിരസിച്ചു. ഇതിനിടെ പള്ളി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ ആളുകള്‍ അങ്ങോട്ടുപോയി. അപ്പോഴേക്കും അക്രമികള്‍ വാഹനങ്ങലില്‍ മറ്റൊരു വഴിയിലൂടെ ചെന്ന് ഖബറിസ്ഥാന്‍ നശിപ്പിച്ചു. ജനാധിപത്യ മേതതരത്വ ഇന്ത്യയിലെ ഏതൊരു ജനവിഭാഗത്തെയുംപോലെ നിയമം പാലിച്ചും നികുതി കൊടുത്തും ജീവിക്കുന്ന മുസ്‌ലിംജനതയ്ക്കു ശവക്കുഴികള്‍പോലും ഇന്നാട്ടില്‍ അന്യമാണ് എന്നു തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ഹിന്ദുരാഷ്ട്ര സേന കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുമഹാസമ്മേളനങ്ങള്‍ നടത്തിയിരുന്നു. അതിലൊന്ന് ലന്ദെവാടിയിലും മറ്റേതു ഹട്‌സപരിലും ആണ്. പ്രസ്തുത സ്ഥലങ്ങളിലാണ് ഏറ്റവും വലിയ ആക്രമണങ്ങളും നടന്നത്.
ഉര്‍ലി എന്ന സ്ഥലത്തു പള്ളി ആക്രമിച്ചതിനുശേഷം പറഞ്ഞത്, കേസ് കൊടുത്താല്‍ വീണ്ടും ആക്രമിക്കുമെന്നാണ്. എന്നുമാത്രമല്ല, ഈ സ്ഥലത്തുനിന്ന് എല്ലാ അര്‍ത്ഥത്തിലും സാമൂഹികഭ്രഷ്ട് നേരിടേണ്ടിവരുമെന്നും ഭീഷണപ്പെടുത്തി. അതുകൊണ്ടുതന്നെ ഒരു കേസും ഉണ്ടായില്ല. എന്‍.സി. എച്ച്. ആര്‍. ഒ പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് കലക്ടറെ കണ്ടപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. അദ്ദേഹം നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കി. ഹടസ്പര്‍ മേഖല ഉള്‍പ്പെടുന്ന ഒരു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഓം ചൈതന്യ ഗോരക്ഷണ ട്രസ്റ്റ് മേലധ്യക്ഷന്‍ മാരുതി ഷിന്ദെ ബാബ പറയുന്നു: ” 43 വര്‍ഷമായി ഞാന്‍ ഇവിടെ ജീവിക്കുന്നു. ഇതുവരെ ഇവിടെ മുസ്‌ലിംകളുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആദ്യമായി ഞങ്ങളും ഹിന്ദുരാഷ്ട്ര സേനയുടെ ആക്രമണത്തിന് ഇരയായി. എന്റെ മന്ദിറും (ക്ഷേത്രം) അവര്‍ കേടുവരുത്തി. ” ഷിന്ദെ ബാബ ഉള്‍പ്പെടുന്ന സമൂഹം ദലിതരാണ് എന്നത് മറ്റൊരു വസ്തുത. ദലിതരായ ചന്ദ്രകാന്തിന്റെ വ്യാപാരസ്ഥാപനവും ആക്രമിക്കപ്പെട്ടു.
മറ്റെല്ലാ കലാപങ്ങളിലും എന്നപോലെ പോലീസ് ഇവിടെയും പക്ഷപാതപരമായ തന്നെയാണു പെരുമാറിയത്. ആക്രമണകാരികളായ എച്ച്. ആര്‍. എസ് പ്രവര്‍ത്തകര്‍ തീവയ്പും കൊള്ളയും നടത്തുമ്പോള്‍ പോലീസ് സ്റ്റേഷനിലെ ഫോണെടുക്കാന്‍ ഒരു ‘നിയമപാലകനും ‘ മെക്കെട്ടില്ല. ചിലയിടത്ത് ‘ഇപ്പോള്‍ വരാം’ എന്നു പറഞ്ഞിട്ട് പോലീസ് വന്നത് എല്ലാം കഴിഞ്ഞതിനുശേഷം. 1992-93 കാലത്തു നടന്ന മുംബെ കലാപങ്ങളില്‍ പോലീസ് എങ്ങനെയായിരുന്നുവെന്നു ശ്രീകൃഷ്ണ കമ്മീഷന്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഇന്നും മഹാരാഷ്ട്രയിലെ പോലീസിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മാധ്യമങ്ങള്‍ മുഴുവന്‍ മുഹ്‌സിന്‍രെ മരണം ആഘോഷിച്ചപ്പോള്‍ അതിനു മുമ്പും ശേഷവും നടന്ന ആസൂത്രിത അക്രമങ്ങള്‍ മറച്ചുപിടിക്കുകയായിരുന്നു. ഒരു പള്ളി തകര്‍ക്കാന്‍ ശ്രമിച്ച എച്ച്. ആര്‍. എസ് പ്രവര്‍ത്തരും സ്ഥലത്തെ മുസ്‌ലിം വിഭാഗവും തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇതില്‍ ഉള്‍പ്പെട്ട നിഖില്‍ ടികൊനെ എന്ന യുവാവ് ഫേസ്ബുക്കില്‍ ശിവജിയെ അപമാനിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതായി പിന്നീട് തെളിയിക്കുകയും പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പക്ഷേ പ്രചരിപ്പിച്ചത്, അറസ്റ്റ് ചെയ്തത് നിഹാല്‍ മുഹമ്മദ് എന്ന മുസ്‌ലിമിനെ ആണെന്നാണ്.

_________________________________
മുസഫര്‍നഗറില്‍ ഒരു വ്യാജ എം. എം. എസ്. ക്ലിപ്പിങ്ങ് ആണ് മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ക്കു കാരണമായത്. ആര്‍. എസ്. എസ്. രൂപീകൃതമായിട്ട് 89 വര്‍ഷത്തിലധികമായി: വിചാരധാര പ്രസിദ്ധീകരിച്ചിട്ട് 48 വര്‍ഷവും കഴിഞ്ഞു. പക്ഷേ. ശ്രദ്ധിക്കേണ്ട സംഗതി സംഘപരിവാരത്തെ എതിര്‍ക്കുന്നവര്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം അവരുടെ അജണ്ട മാറ്റിയിട്ടും പരിവാരം നിലപാട് മാറ്റിയില്ല. ഇന്നു കൃത്യമായി അതു നടപ്പാക്കാന്‍ ആധുനികസംവിധാനങ്ങള്‍ വരെ അവര്‍ ഉപയോഗിക്കുന്നു. 
_________________________________ 

2012-ല്‍ പരിശുദ്ധ റമദാന്‍മാസത്തിലാണ് ‘അസം എസ്. എം. എസ’് വിവാദം ഉണ്ടാവുന്നത് (മുസ്‌ലിംകളുടെ ആഘോഷവേളകള്‍ ഭയത്തില്‍ മുക്കി ഇല്ലാതാക്കാന്‍ സമീപകാലത്തായി വിവിധതരത്തിലുള്ള കിംവദന്തികള്‍ സൃഷ്ടിത്താറുണ്ട്.) പോപുലര്‍ ഫ്രണ്ട് എന്ന സംഘടനയാണ് അതിനു പിന്നിലെന്ന് ‘മാധ്യമങ്ങളും ചില കേന്ദ്രങ്ങളും’ ഉടനടി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പൂനെ ഫേസ്ബുക്ക് പ്രശ്‌നത്തില്‍ അത്തരം കണ്ടെത്തലുകള്‍ ഒന്നുമുണ്ടായില്ല. പകരം ടി. പി. വധക്കേസിലെ ‘മാശാ അല്ലാ സ്റ്റിക്കര്‍ സിദ്ധാന്തം ‘ പോലെ പോലീസിന്റെ ‘ഇന്തോനീസ്യന്‍ സിദ്ധാന്തം’ പോലെ പോലീസിന്റെ ‘ഇന്തോനീസ്യന്‍ സിദ്ധാന്തം ‘ ഉദിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ ഹിന്ദുരാഷ്ട്രസേനയോടൊപ്പം അക്രമം നടത്തിയത് ശരത് പവാറിന്റെ സ്വന്തം എന്‍. സി. പിയാണ്.
1984-ലെ സിഖ് വിരുദ്ധ കാലപത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പെ ആര്‍. എസ്. എസ് പങ്കെടുത്തത് ഓര്‍ക്കുക. ഈ വര്‍ഷം അവസാനത്തോടുകൂടി മഹാരാഷ്ട്രയില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കും. യു. പി. പിടിച്ചെടുക്കാന്‍ നടത്തിയ അതേ ‘കലാപമാര്‍ഗം’ മഹാരാഷ്ട്രയില്‍ സ്വീകരിച്ചാല്‍ അതില്‍ അതിശയിക്കാന്‍ ഒന്നുംതന്നെയില്ല. ഏതു മാര്‍ഗമോ പ്രദേശമോ ആയിക്കോട്ടെ പക്ഷേ, ഇരകള്‍ക്കു വ്യത്യാസമില്ല. അതു മുസ്‌ലിമോ ദലിതരോ തന്നെ ആയിരിക്കും. അതു ‘സവര്‍ണ ഭാരത’ത്തിലെ അലിഖിത നിയമമാണ്. ഗുജറാത്തിനുശേഷം ഉത്തര്‍പ്രദേശില്‍ നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്ത് അമിത് ഷായെ ദക്ഷിണദേശത്തെ കാര്യവാഹക് ആക്കാന്‍ തീരുമാനിക്കുന്നുവെന്ന വാര്‍ത്ത സത്യമെങ്കില്‍ മുസര്‍ഫര്‍നഗറിനേക്കാള്‍ വലിയ കാര്യങ്ങള്‍ നമുക്കു വൈകാതെ കാണാനാവും.
മുസഫര്‍നഗറില്‍ ഒരു വ്യാജ എം. എം. എസ്. ക്ലിപ്പിങ്ങ് ആണ് മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ക്കു കാരണമായത്. ആര്‍. എസ്. എസ്. രൂപീകൃതമായിട്ട് 89 വര്‍ഷത്തിലധികമായി: വിചാരധാര പ്രസിദ്ധീകരിച്ചിട്ട് 48 വര്‍ഷവും കഴിഞ്ഞു. പക്ഷേ. ശ്രദ്ധിക്കേണ്ട സംഗതി സംഘപരിവാരത്തെ എതിര്‍ക്കുന്നവര്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം അവരുടെ അജണ്ട മാറ്റിയിട്ടും പരിവാരം നിലപാട് മാറ്റിയില്ല. ഇന്നു കൃത്യമായി അതു നടപ്പാക്കാന്‍ ആധുനികസംവിധാനങ്ങള്‍ വരെ അവര്‍ ഉപയോഗിക്കുന്നു. ഫാഷിസത്തിന്റെ ഏറ്റവും പ്രധാന തന്ത്രം ‘പൗരസമൂഹത്തെ ഭയപ്പെടുത്തി നിര്‍ത്തുക ‘ എന്നതാണ്. പൂനെയിലെ അക്രമങ്ങളുടെ ഇരയായ മുസ്‌ലിംകളോട് സംസാരിക്കമ്പോള്‍ പറയുന്നത്, റമദാന്‍ അടുത്തുവരുന്നു; കേസ് ഒന്നുവേണ്ട, ഞങ്ങള്‍ക്കു ഭയമാണ് എന്നാണ്.
ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ജമാഅത്ത് ഇസ്‌ലാമിയുടെ മഹാരാഷ്ട്ര നേതാക്കളില്‍ ഒരാളായ പ്രഫ. ഹാസിര്‍ അലി വാര്‍സിയുടെ നിരീക്ഷണം. എന്‍. സി. എച്ച്. ആര്‍. ഒ. വസ്തുതാന്വോഷണസംഘത്തോട് അദ്ദേഹം പറഞ്ഞു: ”ആക്രമണങ്ങള്‍ക്കുശേഷം താമസസ്ഥലത്തേക്കു പോവുകയായിരുന്ന മുഹ്‌സിനെ കൊല്ലുന്നതിനുമുമ്പ് വഴിവിളക്കുകളെല്ലാം അണച്ചിരുന്നു. പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഒന്നുമല്ല. അന്നേദിവസം കൊലയ്ക്കുവേണ്ടി നടത്തിയ ഒരുക്കങ്ങളുടെ ഭാഗമായിരുന്നു അത്. മൊബൈല്‍ ഫോണ്‍ വഴി നിമിഷങ്ങള്‍ക്കകം നടത്തിയ സംഘാടനം, ബൈക്കുകളില്‍ രാത്രി ഒമ്പതിനും 11 നും ഇടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു നടത്തുന്ന അക്രമങ്ങള്‍, ആയുധസംഭരണം- ഇതെല്ലാം നേരത്തെ മുസ്‌ലിംകളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നു തെളിയിക്കുന്നു. പ്രഫ. വാര്‍സി ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു: ”കാഞ്ചിവലിക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് അതിനൊരു കാരണമായി എന്നുമാത്രം”
അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ ദബോല്‍ക്കറിനെയും വിവരാവകാശപ്രവര്‍ത്തകന്‍ സതീഷ് ഷെട്ടിയെയും കൊലപ്പെടുത്തിയ വലതുപക്ഷ ഭീകരതയെ പൂനെ പോലീസ് ഇപ്പോഴും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പൂനെ യെര്‍വാദ ജയിലിലാണ് ഇന്നും ദുരൂഹമായ, ജര്‍മന്‍ ബേക്കറി സ്‌ഫോടനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഖതീല്‍ സിദ്ദീഖി പൈജാമച്ചരടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സവര്‍ക്കര്‍ മുതലുള്ള ആളുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച പൂനെയുടെ ചരിത്രത്തില്‍ ഇപ്പോള്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ചരിത്രം എന്നും ഫാഷിസത്തെ നിരാകരിച്ചിട്ടേയുള്ളൂ. ഇറ്റലിയിലെ വര്‍ഗബഹുജന മുന്നേറ്റം അതിനെ വിളക്കുകാലില്‍ കെട്ടിത്തൂക്കിയെങ്കില്‍ ജര്‍മനിയില്‍ അതു സ്വയം മരണത്തെ സ്വീകരിച്ചു.

Top