ദലിത് പൗരാവകാശ സത്യാഗ്രഹം ഒത്തുതീര്‍പ്പായി

June 13, 2014

ദലിത് പൗരാവകാശ നിയമമായ പി. ഒ. എ ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസ്സുകളില്‍ പ്രതികള്‍ കൂട്ടത്തോടെ വിട്ടയക്കപ്പെടുന്ന സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 533 കേസ്സുകളില്‍ എല്ലാ കേസ്സുകളിലും പ്രതികള്‍ വിട്ടയക്കപ്പെട്ടിരുന്നു. മറ്റു ജില്ലകളിലെയും സ്ഥിതി ഏറെക്കുറെ സമാനമാണ്. കേസ്സുകള്‍ വിട്ടയക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു തെറ്റ്തിരുത്തല്‍ നടപടി കൈക്കൊള്ളാന്‍ ജില്ലാ തലത്തില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക, രജിസ്റ്റര്‍ചെയ്യപ്പെടുന്ന കേസ്സുകളില്‍ പീഡനത്തിനു ഇരയാക്കപ്പെടുന്നവര്‍ക്ക് നിയമ സഹായത്തിനു സംവിധാനമുണ്ടാക്കുക എന്നിവയാണ് ജില്ലാതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളായി സമരസമിതി ആവശ്യപ്പെട്ടിപുന്നത്.

കണ്ണൂര്‍: കെ. പി. ജെ. എസ് നേതാവ് തെക്കന്‍ സുനില്‍ കുമാര്‍ 14 ദിവസമായി തുടര്‍ന്നു വന്ന അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം ഒത്തുതീര്‍ന്നു. ജില്ലാകലക്ടര്‍ ശ്രീ. ബാലകിരണ്‍, കണ്ണൂര്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീ. ഉണ്ണിരാജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഫലമായാണ് സത്യാഗ്രഹസമരത്തിനു രമ്യമായ പരിഹാരമുണ്ടായത്. പത്താം തീയതി ഉച്ചയ്ക്ക് ആരോഗ്യനില വഷളായ സത്യാഗ്രഹിയെ അറസ്റ്റ് ചെയ്തു നീക്കിയതിന് ശേഷം എടാട്ട് ചിത്രലേഖ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹ സമരം ഏറ്റെടുത്തു. തുടര്‍ന്നാണ് ചര്‍ച്ചയ്ക്കുള്ള അറിയിപ്പ് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചത്. 3 മണിയോടെ ആരംഭിച്ച ചര്‍ച്ചയില്‍ കെ.പി. ജെ. എസ് ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറാഴ, എം. ഗീതാനന്ദന്‍, രതീശന്‍, കെ, ഡോ. സുരേന്ദ്രനാഥ്, ദിനേശന്‍ മറക്കാര്‍കണ്ടി എന്നിവര്‍ പങ്കെടുത്തു.

ദലിത് പൗരാവകാശ നിയമമായ പി. ഒ. എ ആക്റ്റ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസ്സുകളില്‍ പ്രതികള്‍ കൂട്ടത്തോടെ വിട്ടയക്കപ്പെടുന്ന സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 533 കേസ്സുകളില്‍ എല്ലാ കേസ്സുകളിലും പ്രതികള്‍ വിട്ടയക്കപ്പെട്ടിരുന്നു. മറ്റു ജില്ലകളിലെയും സ്ഥിതി ഏറെക്കുറെ സമാനമാണ്. കേസ്സുകള്‍ വിട്ടയക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു തെറ്റ്തിരുത്തല്‍ നടപടി കൈക്കൊള്ളാന്‍ ജില്ലാ തലത്തില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക, രജിസ്റ്റര്‍ചെയ്യപ്പെടുന്ന കേസ്സുകളില്‍ പീഡനത്തിനു ഇരയാക്കപ്പെടുന്നവര്‍ക്ക് നിയമ സഹായത്തിനു സംവിധാനമുണ്ടാക്കുക എന്നിവയാണ് ജില്ലാതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളായി സമരസമിതി ആവശ്യപ്പെട്ടിപുന്നത്. മറ്റു ആവശ്യങ്ങള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. ദലിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ നിയമസഹായം, നിയമോപദേശം, നിയമ ബോധവത്ക്കരണം എന്നിവയ്ക്ക് വേണ്ടി ജില്ലാതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും;’കേസ്സുകളില്‍ പ്രതികള്‍ വിട്ടയക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് അവലോകനം നടത്തി തെറ്റുതിരുത്തല്‍ നടപടി നിര്‍ദ്ദേശിക്കാന്‍ ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. ഇതുകൂടാതെ, കേസ്സുകള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ എല്ലാ അതിക്രമകേസ്സുകളിലെയും സാക്ഷിമൊഴി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്താനും (164- വകുപ്പനുസരിച്ച്) തീരുമാനമായി. മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിരേഖപ്പെടുത്താന്‍ നേരത്തെ തന്നെ സംസ്ഥാനതല നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. സംസ്ഥാനതലത്തില്‍ ആഭ്യന്തര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമുണ്ടാക്കാന്‍ പ്രക്ഷോഭനടപടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതിയുടെ വക്താക്കള്‍ വെളിപ്പെടുത്തി.
ദേശീയതലത്തില്‍ ദളിത് അതിക്രമങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൗരാവകാശ നിമയങ്ങള്‍ ശക്തിപ്പെടുത്താനുള്ള കെ.പി.ജെ.എസ്സിന്റെ പ്രക്ഷോഭത്തിനു കണ്ണൂര്‍ജില്ലയിലെ പൗരാവലിയുടെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു. ആ നിലയ്ക്ക് കണ്ണൂരിലെ പൗരസമൂഹത്തിന്റെയും ദുര്‍ബല ജനവിഭാഗങ്ങളായ ദലിത്-ആദിവാസി വിഭാഗങ്ങളുടെയും പ്രക്ഷോഭകാരികളായ മനുഷ്യരുടെയും വിജയമാണ് ഒത്തുതീര്‍പ്പു ഫലമെന്ന് നിരാഹാരസമരം അവസാനിപ്പിച്ച ശേഷം ഐക്യദാര്‍ഡ്യസമിതി യോഗം വിലയിരുത്തി. അവലോകന യോഗത്തില്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ചാവശ്ശേരി, അജിത്‌കൊവ്വല്‍, വിനോദ് പയ്യട, വീണാമണി, ആശാഹരി, ഷാജിമുല്ലോളി, പ്രസന്നന്‍ തൂയക്കാവ്, പള്ളിപ്രം പ്രസന്നന്‍, സജീവന്‍, വി. വി. വിനോ, ശ്രീജിത്ത് പോങ്ങാടന്‍, പാല്‍വളപ്പില്‍ മോഹന്‍, പവിത്രന്‍ പള്ളിക്കുന്നോന്‍, ഭരതന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ മൊറാഴ, ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സമര നേതാക്കള്‍ക്ക് സ്വീകരണം നല്‍കാന്‍ ദലിത് പൗരാവകാശ സമ്മേളനം ജൂണ്‍ 14-നു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില് നടത്തും.
______________
പ്രകാശന്‍ മൊറാഴ
എം. ഗീതാനന്ദന്‍
ചിത്രലേഖ എടാട്ട്
കെ. രതീശന്‍
ദിനേശന്‍ മരക്കാര്‍കണ്ടി
______________
കണ്ണൂര്‍
10.06.14

Top