ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

നിര്‍ണായകവും സങ്കീര്‍ണ്ണവുമായ ഈ സംവാദത്തില്‍ ഇടപെട്ടുകൊണ്ടുള്ള നിങ്ങളുടെ എഴുത്തിനും നേര്‍ക്കുനേരെയുള്ള ചോദ്യശൈലിക്കും ആദ്യമായി നന്ദി പറയുന്നു.

ഹൈദരാബാദില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും ഏതൊക്കെ സ്രോതസ്സുകളില്‍നിന്നാണ് പ്രാദേശിക പത്രങ്ങള്‍ അത് റിപ്പോര്‍ട്ട്‌ചെയ്യുന്നത് എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയല്ല. എനിക്ക് വ്യക്തമാക്കാനുള്ള ഒരു കാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തക പ്രകാശനച്ചടങ്ങ് ‘നവയാന’ റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു എസ്എംഎസ്സും അതിലൊരു ഘടകമാണ്. അതിപ്രകാരമാണ്: “അംബേദ്കര്‍ എഴുത്തുകള്‍ സംരക്ഷിക്കുക, നവയാന പബ്ലിക്കേഷനെ എതിര്‍ക്കുക. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് നമ്മുടെ വിശുദ്ധ രചനയാണ്. അരുന്ധതിയും ആനന്ദും അതിനെ അവഹേളിക്കുകയാണ്. സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തില്‍ മാര്‍ച്ച് 9ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുക”.
ആരാണ് ഈ സന്ദേശം അയച്ചതെന്ന് എനിക്കറിയില്ല. ആരുമാകാം. ഒരു പക്ഷേ ഈ പുസ്തകം പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്ന ദലിതേതരരായ ആരും പുസ്തകം പുറത്തിറങ്ങേണ്ടതുള്ളതുകൊണ്ടും അത് വായിക്കാനുള്ള അന്തരീക്ഷം രാജ്യത്ത് രൂപപ്പെടേണ്ടതുള്ളതുകൊണ്ടും ഇപ്പറഞ്ഞ കളികളൊക്കെ തീര്‍ത്തും ബുദ്ധിശൂന്യം തന്നെയാണെന്നതില്‍ നിങ്ങള്‍ക്കും വിയോജിപ്പുണ്ടാകാനിടയില്ലല്ലോ. (ചിലര്‍ ഇതിനെ ഒരു വിശുദ്ധ ഗ്രന്ഥമായി കാണുമ്പോള്‍ എനിക്കോര്‍മ്മവരുന്നത് പ്രസ്തുത പുസ്തകത്തിന്റെ തന്നെ ഒരു ഭാഗമാണ്. 1937ല്‍ അനിഹിലേഷന്‍ ഓഫ് കാസ്റ്റിന്റെ രണ്ടാംപതിപ്പില്‍ അംബേദ്കര്‍ എഴുതിയ ആമുഖത്തിലൊരു ഭാഗമിതാണ്. “ലാഹോറിലെ ജഡ്പത് തോഡക്ക് സമ്മേളനത്തിനായി ഞാന്‍ തയ്യാറാക്കിയ ഈ പ്രഭാഷണത്തിന് വ്യാപകമായ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച്, ഇത് പ്രാഥമികമായും ആരെ ഉദ്ദേശിച്ചാണോ അവരില്‍ നിന്ന്, ഇവിടത്തെ ഹിന്ദുക്കളില്‍ നിന്ന്”).

തെലുഗുവിലെ ആന്ധ്രാ ജ്യോതി എന്ന പത്രം എന്റെ ലേഖനത്തിന്റെ തലക്കെട്ടിന് നല്കിയ തെറ്റായ വിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ ആന്റ്‌ സെയിന്റ് എന്ന പ്രയോഗത്തിലെ വിരുദ്ധോക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്നതായിരുന്നു. തീര്‍ത്തും നിര്‍ഭാഗ്യകരമാണത്. ഞാന്‍ കൂട്ടിചേര്‍ക്കേണ്ട ഒരു കാര്യമിതായിരുന്നു, “സെയിന്റ്” എന്ന് ഗാന്ധിയെ വിരുദ്ധോക്തി പരമായി വിശദീകരിച്ചത് അംബേദ്കര്‍ തന്നെ നടത്തിയ ഒരു പരിഹാസോക്തിയില്‍നിന്ന് കടംകൊണ്ടാണ്. നവയാന പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്ലേ ടൂ മഹാത്മാ എന്ന ഭാഗത്ത് അംബേദ്കര്‍ ഗാന്ധിയെ പൊളിറ്റിക്കല്‍ സെയിന്റ് എന്ന് വിശേഷിപ്പിക്കുന്നു. പലയിടത്തായി അദ്ദേഹം ഗാന്ധിയെ മഹാത്മ എന്നും വിശേഷിപ്പിക്കുന്നുണ്ട്. പുസ്തകം നിരോധിക്കാനാണ് നിങ്ങളാഹ്വാനം ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് നേരെ ആരോപണം ഉന്നയിക്കുന്നവരോട് എനിക്ക് പറയാനുള്ളത്; നമ്മള്‍ക്കിടയിലുള്ളത് നിങ്ങളൊക്കെ കരുതുന്ന പോലുള്ള കാര്യങ്ങളല്ല എന്നാണ്. ഇതൊരു സംവാദമാണ്. അതില്‍ നിങ്ങളുടെയൊക്കെ വിയോജിപ്പുകളുണ്ട്. എന്റെ ആമുഖത്തോട് നിങ്ങള്‍ക്ക് അനിഷ്ടമുണ്ട്. ചിലപ്പോള്‍ അത് അല്പം പരുഷമാകാം. പക്ഷേ അതിനപ്പുറം ഇതിലൊന്നുമില്ല. ഈ സംവാദത്തിനെ വിശദീകരിക്കാന്‍ ഉപയോഗിക്കപ്പെടുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെക്കുറിച്ച് എനിക്കെന്തു പറയാനാണ്..? അല്ലെങ്കില്‍ തന്നെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഞാനെങ്ങനെ ഉത്തരവാദിയാകും? ഇന്റര്‍നെറ്റ് ഒരു അപഹസിക്കല്‍ യന്ത്രമാണ്. എന്തെങ്കിലും ആശ്വാസമുണ്ടായിരുന്നെങ്കില്‍ അതിതാണ്, ഏറ്റവും അപഹസിക്കപ്പെട്ട വ്യക്തികള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ ഞാനാകുമായിരുന്നു ഫൈനലിസ്റ്റ്. അവഗണിക്കുകയല്ലാതെ നമുക്ക് മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ലല്ലോ.

നിങ്ങളുന്നയിച്ച മറ്റു ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കാം. ആദ്യമായി പ്രതിനിധാനത്തിന്റെ പ്രശ്‌നം. അത് വളരെ പ്രാധാന്യമുള്ളതാണ്. അംബേദ്കറിന്റെ രാഷ്ട്രീയ എഴുത്തുകളാണ് എന്റെ ആമുഖത്തില്‍ കൂടുതലും ഉള്‍ക്കൊള്ളുന്നത് എന്നതാണ് രസകരം. പ്രതിനിധാനവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ദലിതേതരയായ ഒരാള്‍ അതെഴുതണമായിരുന്നോ എന്നതുമായി ബന്ധപ്പെട്ടതാണ്. ഇതൊരു പുതിയ പ്രശ്‌നമല്ല. അമേരിക്കയിലെ പൗരാവകാശപ്രസ്ഥാനങ്ങളും ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റുകളും ദക്ഷിണാഫ്രിക്കയിലെ വംശീയ മുന്നണികളും സ്വവര്‍ഗ്ഗാവകാശപ്പോരാളികളും വ്യാപകമായി ഉന്നയിച്ച ചര്‍ച്ച തന്നെയാണിത്. ദലിത് ജീവിതാനുഭവങ്ങളെക്കുറിച്ച് ഏറ്റവും വ്യക്തമായ കാഴ്ചപ്പാട് ഉന്നയിക്കാന്‍ ഒരു ദലിതനോ/ദലിതയ്‌ക്കേ കഴിയൂ എന്നതാണ് നിങ്ങളുന്നയിക്കുന്ന കാര്യമെങ്കില്‍ എനിക്കതില്‍ വിയോജിക്കാനൊന്നുമില്ല. അംബേദ്കറിന് ദലിതര്‍ മാത്രമേ ആമുഖം എഴുതാന്‍ പാടുള്ളൂ എന്നതാണ് നിങ്ങളുടെ വാദമെങ്കില്‍ എനിക്കതില്‍ വിയോജിപ്പുണ്ട്. നാളെ ഗാന്ധിയെക്കുറിച്ച് തങ്ങള്‍ക്ക് മാത്രമേ എഴുതാനവകാശമുള്ളൂ എന്ന് ഗുജറാത്തി ബനിയകള്‍ വാദിക്കുകയാണെങ്കില്‍ എന്തു പറയും? എങ്കില്‍ മറ്റേതു ദലിതരേക്കാളും തങ്ങള്‍ക്കാണ് അംബേദ്കറില്‍ ഏറ്റവും അധികാരമുള്ളത് എന്ന് മഹറുകള്‍ വാദിച്ചാല്‍ എന്തു പറയും? ഒരിക്കല്‍ക്കൂടി നമുക്ക് അംബേദ്കറിലേക്ക് നോക്കാം. സാമൂഹിക ശ്രേണിയുടെ അടിസ്ഥാനത്തിലല്ലാതെ സമ്പൂര്‍ണമായി അവകാശങ്ങളനുഭവിക്കുന്നത് അവരുടെ സാമൂഹികാധികാരങ്ങളുടെ ഭാഗമായിത്തന്നെയാണ്. ആപേക്ഷികമായി അവകാശമനുഭവിക്കുന്ന പിന്നാക്കക്കാര്‍പോലും അക്കാരണത്താലാണ് അവകാശമനുഭവിക്കുന്നത്. സാമൂഹിക വ്യവസ്ഥ പുരോഗമിക്കണമെന്നത് എല്ലാ വിഭാഗങ്ങളുടെയും താൽപര്യം തന്നെയാണ്.നിങ്ങളുടെ പ്രശ്‌നം, അംബേദ്കറിനെക്കുറിച്ചുള്ള ദലിതെഴുത്ത് ദലിതേതര എഴുത്തിനേക്കാള്‍ വ്യത്യാസപ്പെടുന്നുവെന്നതാണെങ്കില്‍, പ്രത്യേകിച്ചും മേല്‍ജാതി ഹിന്ദു എഴുതുന്നതിനേക്കാള്‍ വ്യത്യസ്തമാകുന്നുവെന്നാണെങ്കില്‍ അത് എനിക്കും യോജിപ്പുള്ള കാര്യം തന്നെയാണ്. അതേസമയംതന്നെ അതങ്ങനെ മാത്രമേ വരൂ എന്നതരത്തിലുള്ള തീര്‍പ്പുകളോട് ഞാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യും. അതുപോലെതന്നെ, സ്വാഭാവികമായും എല്ലാ ദലിതെഴുത്തുകളും ആധികാരികവും എല്ലാ ദലിതേതര എഴുത്തുകളും സ്വാഭാവികമായും വഴിതെറ്റിക്കുന്നതും ആയിരിക്കും എന്ന വാദത്തിനോടും എനിക്ക് വിയോജിപ്പ് തന്നെയാണുള്ളത്. എനിക്ക് ചോദിക്കാനുള്ളത് എന്റെ ജാതീയമായ സവിശേഷതകളോ നിങ്ങളുടെ സവിശേഷതകളോ എന്തുതന്നെയായാലും നമ്മള്‍ ബ്രാഹ്മണിസത്തെ ശക്തിപ്പെടുത്തുകയാണോ അതോ ദുര്‍ബലപ്പെടുത്തുകയാണോ ചെയ്യുന്നത് എന്നാണ്. എന്റെ പ്രസ്തുത ആമുഖത്തിലൂടെ ഞാന്‍ ജാതീയതയെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അതെങ്ങനെയെന്ന് ദയവായി വിശദീകരിക്കുമോ?

ധൈഷണികതകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രതിഭാസമായിരുന്നു അംബേദ്കര്‍. മാര്‍ക്‌സിസം, ഇസ്ലാമിസം, ബുദ്ധിസം, നിയമം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയെക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ട് അദ്ദേഹം. ഓരോ ഇന്ത്യന്‍ പൗരനെയും പൗരിയെയും ഭരിക്കുന്ന നമ്മുടെ ഭരണഘടന ഡ്രാഫ്റ്റ്‌ചെയ്ത കമ്മറ്റിയുടെ തലവനായിരുന്നല്ലോ അദ്ദേഹം. അനിഹിലേഷന്‍ ഓഫ് കാസ്റ്റില്‍ അദ്ദേഹം ഹിന്ദുപാഠങ്ങളെയും വേദങ്ങളെയും ഒന്നാകെ വിമര്‍ശനത്തിനു വിധേയമാക്കുന്നുണ്ട്. സോഷ്യലിസത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദിവാസികളേയും മുസ്ലീംകളെയും സിഖുകാരെയുംകുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് ആര് എഴുതണം, ആര് എഴുതേണ്ട എന്നൊക്കെ തീരുമാനിക്കാന്‍ ആര്‍ക്കാണ് ഇവിടെ അധികാരമുള്ളത്?

മുമ്പ് അണുബോംബിനെക്കുറിച്ചും വന്‍കിട ഡാമുകളെക്കുറിച്ചും കോര്‍പറേറ്റ് ആഗോളീകരണത്തെക്കുറിച്ചുമൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ക്കിപ്പോഴുള്ളപോലെ എല്ലായ്‌പ്പോഴും ഞാനെഴുതിയ കാര്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് വിയോജിപ്പുകളുണ്ടാകാറുണ്ട്. പുറംതള്ളപ്പെട്ട വ്യക്തിയാകാത്തതുകൊണ്ടും ബോംബ് വിദഗ്ധയോ സാമ്പത്തിക ശാസ്ത്രജ്ഞയോ അല്ലാത്തതുകൊണ്ടും എന്റെ എഴുത്തിന്റെ ആധികാരികത ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ദലിത് ചരിത്രത്തില്‍ ഞാന്‍ ഗവേഷണം നടത്തിയിട്ടുണ്ടോ? ദലിത് പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുണ്ടോ? അനിഹിലേഷന്‍ ഓഫ് കാസ്റ്റിന് ആമുഖം എഴുതാന്‍ പാകത്തില്‍ ദലിത് എഴുത്തുകാര്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഞാന്‍ ചിന്തിക്കുമെന്നാണോ? ഒരു ദലിതേതര വ്യക്തി അംബേദ്കറിനോട് ഇടപെടാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ വിസമ്മതിച്ചാല്‍ എങ്ങനെയാണ് പിന്നെ അവര്‍ക്ക് ദലിത് പ്രസ്ഥാനത്തൊപ്പം നടക്കാനാവുക? അംബേദ്കറുമായി ബന്ധപ്പെടുന്ന വിഷയത്തില്‍ എന്റെ ഭൂതകാലംതന്നെയാണ് എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. ഞാന്‍ ദലിതല്ല, ഹിന്ദുവല്ല, അംബേദ്കറിന്‌ മേല്‍ എനിക്കൊരു അധികാരവുമില്ല. എന്നാല്‍ ദലിതരടക്കമുള്ള അനേകം ആളുകളെ അപേക്ഷിച്ച് അദ്ദേഹത്തെ വായിക്കുന്നതിലുള്ള പ്രയാസങ്ങളെ ഞാന്‍ ഏറ്റെടുത്തിട്ടുണ്ട്. ഞാനെഴുതിയത് ആധികാരികമായ ഇടത്തു നിന്നല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ജീവിക്കുന്ന സമൂഹത്തിനും തനിക്കും അത്യന്തം പ്രധാനപ്പെട്ടതെന്ന് ഒരെഴുത്തുകാരിക്ക് തോന്നിയ കാര്യങ്ങളെന്ന നിലയ്ക്ക് മാത്രമാണ് ഞാനെഴുതിയിട്ടുള്ളത്. എന്നെക്കാളും ആധികാരികമായി അനിഹിലേഷന്‍ ഓഫ് കാസ്റ്റിന് ആമുഖം എഴുതാന്‍ സാധിക്കുന്ന ധാരാളം പണ്ഡിതന്മാര്‍ ദലിത് സമൂഹത്തിലും ദലിതേതര സമൂഹത്തിലും ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അവരത് ചെയ്യണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഒരു ആമുഖം മാത്രമേ എഴുതാവൂ എന്നില്ലല്ലോ, എത്ര വേണമെങ്കിലും എഴുതാം എന്നിരിക്കെ നിങ്ങള്‍ക്കറിയുന്നതും, പറഞ്ഞതുംപോലെ, ഇത് 80 വര്‍ഷമായി നിലനില്ക്കുന്ന ഒരു ഗ്രന്ഥമാണ്. അത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടു, പ്രചരിച്ചു, വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതില്‍ കേവലമൊരു ആമുഖം മാത്രമാണ് എന്റേത്. അത് മികച്ചതല്ല, മഹത്തായതല്ല, തീര്‍ച്ചയായും അവസാനത്തേതുമല്ല. രണ്ട് മുഖ്യധാരാ മാസികകളില്‍ ഇടം ലഭിച്ചു എന്നതുകൊണ്ട് പതിനായിരക്കണക്കിന് വരുന്ന മറ്റുള്ളവയോട് തുല്ല്യമാകുന്നുമില്ല.

എന്റെ അറിവില്‍ നവയാന പതിപ്പിന്റെ പ്രത്യേകത, അത് വിശദമായി എഴുതപ്പെട്ടു എന്നതുമാത്രമാണ്. അതും വിമര്‍ശന വിധേയമാണ്. അനേകം സംഭവങ്ങള്‍, തത്വശാസ്ത്രപരമായ സങ്കല്പനങ്ങള്‍, ഒട്ടേറെ സൈദ്ധാന്തികരുടെ വിശകലനങ്ങള്‍, വിവര്‍ത്തന  ക്ഷമമല്ലാത്ത സംസ്‌കൃത ശ്ലോകങ്ങള്‍ എന്നിവയൊക്കെ അനിഹിലേഷന്‍ ഓഫ് കാസ്റ്റില്‍ കടന്നുവരുന്നുണ്ട്. ഇവയൊക്കെ വിശദീകരിക്കുക എന്ന ഉദ്ദേശം മാത്രം വെച്ചാണ് ഇത്രയും നീളന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയത്. അതെങ്ങനെ കുറ്റമാകും?

അംബേദ്കറുടെ രക്ഷാകര്‍തൃത്വത്തിലേക്ക് ഞാന്‍ വരുന്നതായി നിങ്ങള്‍ ആരോപിക്കുന്നു, ഞാനത് നിന്ദ്യമായാണ് കാണുന്നത്. അദ്ദേഹത്തെ വായിക്കാനും പഠിക്കാനും ഞാനിത്രയും കഷ്ടപ്പെട്ട് സമയം ചെലവാക്കിയതും എന്നിട്ട് ആമുഖമെഴുതിയതും അദ്ദേഹത്തിനുമേല്‍ രക്ഷാധികാര പ്രയോഗം നടത്താനാണെന്നോ? എനിക്ക് പറയാനുള്ളതിതാണ്. ബഹുലവും സങ്കീര്‍ണ്ണവുമായ രാഷ്ട്രീയ പോരാട്ടങ്ങളില്‍ അംബേദ്കര്‍ കണ്ട കാര്യങ്ങള്‍ കേവലം വിഭാഗീയതയ്ക്കും ജ്ഞാനാന്വേഷണ വിരോധത്തിനും അപ്പുറത്തുള്ള ധൈഷണികതയാണ് എന്നാണ്. ഇത് നിങ്ങള്‍ക്ക് രക്ഷാകര്‍തൃത്വമായി തോന്നുന്നുണ്ടോ? എന്റെ ആമുഖം അവസാനിക്കുന്നതിപ്രകാരമാണ്. “ജാതി നിര്‍മൂലനം ചെയ്യപ്പെടുമോ? നമ്മുടെ ആകാശ മണ്ഡലത്തിലെ നക്ഷത്രങ്ങളെ പുനഃസംവിധാനം ചെയ്യാനുള്ള ധൈര്യം നമ്മള്‍ കാണിക്കാതിരുന്നാല്‍, സ്വയം വിപ്ലവകാരിയാകാന്‍ ശ്രമിക്കുന്നവരടക്കം ബ്രാഹ്മണിസത്തിനെതിരെ തികച്ചും റാഡിക്കല്‍ ആയ വിമര്‍ശന പദ്ധതി രൂപപ്പെടുത്താതിരുന്നാല്‍, ബ്രാഹ്മണിസത്തെ മനസിലാക്കുന്നവര്‍ മുതലാളിത്തത്തിനെതിരെയുള്ള വിമര്‍ശനത്തിന് മൂര്‍ച്ചകൂട്ടാതിരുന്നാല്‍, ക്ലാസ്സ്‌റൂമുകള്‍ക്കകത്തല്ലാതെ പുറത്തും അംബേദ്കര്‍ വായിക്കപ്പെടാതിരുന്നാല്‍, അദ്ദേഹം വിമോചനം സ്വപ്നംകണ്ട, രോഗികളും രോഗിണികളുമെന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ ആളുകളായി നാമിനിയും തുടരും”. ഇത് രക്ഷാധികാര പ്രയോഗമാണോ?

അവസാനമായി, ആമുഖത്തില്‍ ഗാന്ധി കൈയ്യടക്കിയ ഇടത്തെക്കുറിച്ച് ചിലതുകൂടി പറയാം. അംബേദ്കറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഗാന്ധിയെ പരാമര്‍ശിക്കുന്നതുപോലും വിമര്‍ശനാത്മകമായി കാണുന്ന ദലിത് ബുദ്ധിജീവികളുണ്ടെന്ന് എനിക്കറിയാം. ഗാന്ധിയെക്കുറിച്ചുള്ള അത്തരം വായനകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ എനിക്കതില്‍ വിയോജിപ്പുകളുണ്ട്. 1937ല്‍ അനിഹിലേഷന്‍ ഓപ് കാസ്റ്റിന് അംബേദ്കറെഴുതിയ ആമുഖത്തില്‍ പറയുന്നതിപ്രകാരമാണ്: ”ഈ പ്രഭാഷണത്തില്‍ ഞാനുന്നയിച്ച കാര്യങ്ങളെ ഗാന്ധിയെക്കൂടാതെ അനേകംപേര്‍ വിമര്‍ശിച്ചിട്ടുണ്ട്. അത്തരം അഭിപ്രായങ്ങളൊക്കെ ശ്രദ്ധിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ മറുപടി ഗാന്ധിയിലൊതുക്കേണ്ടതുണ്ടെന്നാണ്. ഞാന്‍ അതാണ് ചെയ്തത്. ഗാന്ധിയുടെ വാദങ്ങള്‍ അത്രയധികം ശക്തമായതുകൊണ്ടല്ല. അയാള്‍ അനേകം ഹിന്ദുക്കള്‍ക്ക് അരുളപ്പാടാണ്. ഗാന്ധി വാ തുറന്നാല്‍ പിന്നെ ഒരു പട്ടിയും കുരയ്ക്കില്ലെന്നാണ് സമൂഹത്തിന്റെ പൊതുവിചാരം.”
ജാതിനിര്‍മൂലനവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ ഗാന്ധിയോട് നടത്തിയ സംവാദം തന്നെയാണിത്. ഗാന്ധിയെക്കുറിച്ച് അംബേദ്കര്‍ നടത്തിയത് ബൃഹത്തായ എഴുത്തുകള്‍ തന്നെയാണ്. ഗാന്ധി പലപ്പോഴും അംബേദ്കറിന്റെ വഴിമുടക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ദലിതരല്ലാതെ ഇത് മറ്റാര്‍ക്കറിയാം. ഗാന്ധിജിയുടെ ജാതിവിരുദ്ധസമരങ്ങളിലൊരു ജൂനിയര്‍മാത്രമായിരുന്നു അംബേദ്കറെന്ന തീര്‍പ്പുനടത്തുന്ന വ്യാപകമായ ബൗദ്ധിക പദ്ധതി ഇന്ന് യാഥാര്‍ത്ഥ്യമാണ്. എല്ലാ ജാതിവിരുദ്ധ ബുദ്ധിജീവികളും കവികളും ഹിന്ദുയിസത്തെ നിരാകരികരിക്കുന്നവരും അടക്കമുള്ള സകലരെയും ഹിന്ദുപ്ലാറ്റ്‌ഫോമില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.

അംബേദ്കര്‍ തന്നെ ഗാന്ധിയെയും ഗാന്ധിസത്തെയും സംബന്ധിച്ച് ഏറെ എഴുതിയിട്ടുണ്ട്. ‘ഗാന്ധിസം, അസ്പൃശരുടെ വിധി’ എന്ന കൃതിയില്‍ അദ്ദേഹം പറയുന്നതിപ്രകാരമാണ്. ‘ഗാന്ധിസം മാര്‍ക്‌സിസത്തിന് ബദലാമെന്ന് കരുതുന്നിടത്തോളം ചിലര്‍ അതില്‍ വിശ്വസിക്കുന്നുണ്ട്.’ ഇന്ത്യന്‍ ദേശീയതയുടെ ധാര്‍മ്മിക ചട്ടക്കൂട് രൂപീകരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഗാന്ധി. വിദേശങ്ങളിലടക്കം ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് നമ്മുടെ സര്‍ക്കാര്‍. ഇന്ത്യയുടെ ഏറ്റവും മികച്ച കയറ്റുമതിച്ചരക്കാണ് അദ്ദേഹം. ദലിതുകളധികവും ഗാന്ധിസത്തില്‍ അവഗാഹമുള്ളവരാകണമെന്നില്ല. പക്ഷേ ഗാന്ധിയാണ് ലോകത്തിലെ ഏറ്റവും വലിയ ഹീറോ. ആഫ്രിക്കക്കാര്‍ക്കും ആഫ്രോ അമേരിക്കക്കാര്‍ക്കും അടക്കം അദ്ദേഹത്തോട് പുച്ഛമുള്ള ആളുകള്‍ക്കിടയിലും അയാളാണ് ഹീറോ. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം മാര്‍ക്‌സിസവും തകര്‍ച്ചയിലാണ്. അപ്പോഴും ഗാന്ധിസമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അതോടൊപ്പം ഗാന്ധി വിശുദ്ധവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. സാധാരണവായനക്കാര്‍ക്ക് ഗാന്ധിയെ തള്ളിമാറ്റിക്കൊണ്ട് അംബേദ്ക്കറിലെത്തുക എന്നത് ഏതാനും ഖണ്ഡികകള്‍കൊണ്ട് അലസമായി സാധിക്കുന്ന കാര്യമല്ല. ഒരുപക്ഷേ അത് കൂടുതല്‍ ദോഷമാണ് ചെയ്യുക.

ഇതൊക്കെയാണ് എനിക്ക് പറയാനുള്ള കാര്യങ്ങള്‍. എന്റെ ആമുഖം എങ്ങനെ ആവണമെന്നുള്ള നിങ്ങളുടെ സങ്കല്പത്തിന് ഇത് ചേരണമെന്നില്ല. ഒരുപക്ഷേ നമ്മുടെ വായനാരീതി വ്യത്യസ്തമായതുകൊണ്ടാകാം. ഞാനെഴുതിയത് ഇന്ത്യക്കാര്‍ക്കെന്നപോലെ പുറത്തുള്ളവര്‍ക്കും കൂടിയാണ്. നവാഗതരായ ആള്‍ക്കാര്‍ക്കും ജാതി എന്നത് അസാധാരണമായ ഒന്നാണെന്ന് കരുതപ്പെടുന്നവര്‍ക്കും വേണ്ടി കൂടിയാണ് (ഈയിടെ അമേരിക്കയിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ബ്രാഹ്മിന്‍ എന്ന പേരിട്ട ഒരു ഹാന്റ്ബാഗ് ഞാന്‍ കണ്ടു). എന്റെ ആമുഖത്തോട് രോഷത്തോടെ നിങ്ങള്‍ പ്രതികരിച്ചതില്‍ ഖേദമുണ്ട്. കാരണം, ഇത് എഴുതിയത് ജാതിവിരുദ്ധ മുന്നണികളോടെല്ലാം പൂര്‍ണമായ ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ടു തന്നെയാണ്. ജാതി ഇപ്പഴും നമ്മളെയൊക്കെ കാര്‍ന്നിതിന്നുന്ന ഒന്നാണെന്നതുകൊണ്ടാണ്.

 

വിവര്‍ത്തനം: മുഹമ്മദ് ഷാ കെ.

(ഈ വിവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രവീണ താളി, സണ്ണി എം.കപിക്കാട് എന്നിവര്‍ നടത്തിയ ഇടപെടലുകളും തുടര്‍ന്നു പ്രസിദ്ധീകരിക്കുന്നതാണ്)

  • https://roundtableindia.co.in/index.php?option=com_content&view=article&id=7284:arundhati-roy-replies-to-dalit-camera&catid=119&Itemid=132
Top