യാത്രയുടെ പാഠങ്ങള്‍

സഹജീവികള്‍ക്കു ന്യായവും നീതിയും പരിഗണനകളുമൊക്കെ നിഷേധിക്കാന്‍ നാം മുന്‍കൂട്ടി നിശ്ചയിച്ച ചില ഭാവനകളും പരികല്‍പ്പനകളുമൊക്കെ പലപ്പോഴും കാരണമാവാറുണ്ട്. ‘ക്രിമിനല്‍’, ‘കറുത്തവന്‍’, ‘വൃത്തിയില്ലാത്തവന്‍’ തുടങ്ങിയ വിശേഷണങ്ങളിലൂടെ വലിയൊരു വിഭാഗവുമായുള്ള ചര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുകയാണ് നമ്മുടെ പൊതുബോധം. അന്യന്റെ കൈയില്‍നിന്നു ‘ഭക്ഷണം വാങ്ങി കഴിക്കുന്നതും അവനുമായി സഹവസിക്കുന്നതും മഹാപാതകമായി കാണുകയും അരുതെന്നു കുട്ടികളോടു വിലക്കുകയും ചെയ്യുന്ന കപടബോധത്തെ തോല്‍പ്പിക്കുന്നിടത്താണ് ‘ഹൈവേ’വിജയിക്കുന്നത്. വിവാഹത്തിനു നാലു ദിവസം മുമ്പ് കാമുകനോടൊത്ത് ഹൈവേയുടെ രാത്രികാല സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെടുന്നു വീരാ ത്രിപാഠിയെന്ന കോടീശ്വരപുത്രി. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാവുന്ന വഴിത്തിരിവുകളാണ് ഇംതിയാസ് അലി പറയുന്നത്.

___________
എ. എം. നജീബ്
____________
‘നാം നമ്മുടെ ഉറവിടത്തില്‍നിന്നു ദൂരേക്കു പോവുമ്പോള്‍ വാസ്തവത്തില്‍ എവിടെ നിന്നാണ് നാം വരുന്നതെന്ന് കൂടുതല്‍ നന്നായി ബോധ്യപ്പെടുകയും അത് സ്വന്തം അസ്തിത്വത്തെ കണ്ടെത്താന്‍ നമ്മെ സഹായിക്കുകയും ചെയ്യും’ എന്നു പറഞ്ഞത് റോഡ്മൂവികളുടെ ആചാര്യനായ വിഖ്യാത ബ്രസീലിയന്‍ ചലച്ചിത്രകാരന്‍ വാള്‍ട്ടര്‍ സാലസ് ആണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഇംതിയാസ് അലിയുടെ ‘ഹൈവേ’യ്ക്കും ചേരും. തങ്ങളല്ലാത്തവരെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇന്ത്യന്‍ ഉപരിവര്‍ഗ പൊതുബോധത്തെ തകര്‍ത്തെറിയുകയും കണക്കിനു പരിഹസിക്കുകയും ചെയ്തുകൊണ്ടാണ് ‘ഹൈവേ’ ഈ ദൗത്യം നിര്‍വഹിക്കുന്നത്.
സഹജീവികള്‍ക്കു ന്യായവും നീതിയും പരിഗണനകളുമൊക്കെ നിഷേധിക്കാന്‍ നാം മുന്‍കൂട്ടി നിശ്ചയിച്ച ചില ഭാവനകളും പരികല്‍പ്പനകളുമൊക്കെ പലപ്പോഴും കാരണമാവാറുണ്ട്. ‘ക്രിമിനല്‍’, ‘കറുത്തവന്‍’, ‘വൃത്തിയില്ലാത്തവന്‍’ തുടങ്ങിയ വിശേഷണങ്ങളിലൂടെ വലിയൊരു വിഭാഗവുമായുള്ള ചര്‍ച്ചകളെ തടഞ്ഞുനിര്‍ത്തുകയാണ് നമ്മുടെ പൊതുബോധം. അന്യന്റെ കൈയില്‍നിന്നു ‘ഭക്ഷണം വാങ്ങി കഴിക്കുന്നതും അവനുമായി സഹവസിക്കുന്നതും മഹാപാതകമായി കാണുകയും അരുതെന്നു കുട്ടികളോടു വിലക്കുകയും ചെയ്യുന്ന കപടബോധത്തെ തോല്‍പ്പിക്കുന്നിടത്താണ് ‘ഹൈവേ’വിജയിക്കുന്നത്.
വിവാഹത്തിനു നാലു ദിവസം മുമ്പ് കാമുകനോടൊത്ത് ഹൈവേയുടെ രാത്രികാല സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെടുന്നു വീരാ ത്രിപാഠിയെന്ന കോടീശ്വരപുത്രി. അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാവുന്ന വഴിത്തിരിവുകളാണ് ഇംതിയാസ് അലി പറയുന്നത്.
മഹാബീറെന്ന ക്രിമിനലും സംഘവും ആക്രമിക്കാനെത്തുമ്പോള്‍ ‘ഞാനാദ്യമേ പറഞ്ഞതല്ലേ ഇപ്പോള്‍ പോകേണ്ടെ’ന്ന പതിവു സംഭാഷണം ആവര്‍ത്തിച്ച് രക്ഷപ്പെടാനാണ് പ്രതിശ്രുതവരന്‍ ശ്രമിക്കുന്നത്. തന്റെ ഓഡി കാറില്‍ സംഘത്തലവന്‍ മഹാബീറിന്റെ കൂടെ പുതിയ പാതകള്‍ പരിചയപ്പെടുകയാണ് പിന്നീട് വീര. പോലിസിനെയും പട്ടാളത്തെയും ഭരണകൂടത്തെയും സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ത്രിപാഠിയുടെ മകളെ തട്ടിക്കൊണ്ടുവന്നതില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി ക്രിമിനല്‍സംഘം ഭിന്നിച്ചു പോവുന്നു. കൈകാലുകള്‍ ബന്ധിച്ചും വായ മൂടിക്കെട്ടിയും ചലനം പോലും പുറത്തറിയാത്തവണ്ണം ബന്ധനസ്ഥയാക്കപ്പെട്ട വീര മാനവികതയുടെ അപരിമേയമായ സാധ്യതകള്‍ കണ്ടെത്തുകയാണ് ഈ യാത്രകളില്‍. ഓഡി കാറില്‍ നിന്നും ചരക്കുലോറിയുടെ പിന്നിലേക്കും അവിടെ നിന്നു മഹാബീറിന്റെ അരികിലേക്കുമുള്ള മാറ്റങ്ങള്‍ അവള്‍ക്കു തുറന്നുകിട്ടുന്നത് പുതിയ സ്വാതന്ത്ര്യത്തിന്റെ വാതിലുകളായിരുന്നു. ജീവിതത്തിന്റെ നിര്‍ണായകമായൊരു ഘട്ടത്തില്‍ ആ പെണ്‍കുട്ടി ജീവിതത്തെയും ലോകത്തെയും മനുഷ്യരാശിയെയും പുതിയ കാഴ്ചകളിലൂടെ നോക്കിക്കാണുകയാണ്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, കശ്മീര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങി ആറു സംസ്ഥാനങ്ങളിലൂടെ അവര്‍ കടന്നുപോവുന്നുണ്ട്.
തന്നെപ്പോലെതന്നെ മുറിവേറ്റ ഒരു ബാല്യമാണ് മഹാബീറിന്റേതെന്നും ഒരുവേള ഞെട്ടലോടെയാണ് അവള്‍ തിരിച്ചറിയുന്നത്. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ തനിക്ക് എവിടെയോ നഷ്ടപ്പെട്ട അമ്മയെ കുറിച്ചു മഹാബീര്‍ വിലപിക്കുമ്പോള്‍ കൊട്ടാരത്തിന്റെ അകത്തളത്തില്‍ താനനുഭവിച്ച പാരതന്ത്ര്യത്തെക്കുറിച്ച് അവളും മനസ്സുതുറക്കുന്നു. സൗകര്യങ്ങളുടെ പറുദീസയില്‍ താന്‍ ജീവിച്ച നാളുകളില്‍ സ്വന്തം അമ്മാവനാല്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് അമ്മയോടു പറയുമ്പോള്‍ ആരോടും പറയരുതെന്ന് വിലക്കുകയായിരുന്നു അവര്‍. സ്വന്തം മാതാവ് നല്‍കാത്ത സുരക്ഷിതത്വം ഒരു കുറ്റവാളിയില്‍നിന്ന് ലഭിക്കുന്നിടത്താണ് വീര, സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളെ കണ്ടെത്തുന്നത്. കുട്ടിക്കാലത്ത് വാല്‍സല്യത്തോടെ പരിചരിക്കുകയും ഭക്ഷണം വിളമ്പിത്തരുകയും ചെയ്തിരുന്ന അമ്മയെയാണ് വീരയില്‍ മഹാബീര്‍ കാണുന്നത്. കശ്മീരിന്റെ താഴ്‌വാരത്ത് ഗോത്രവര്‍ഗക്കാരുടെ കുടിലില്‍ വീരയോടൊപ്പം താമസിക്കുമ്പോള്‍ ഹൃദയം പൊട്ടിക്കരയുന്ന മഹാബീറില്‍ പ്രേക്ഷകര്‍ കാണുന്നതും മാതാവും മകനും തമ്മിലുള്ള ആത്മബന്ധം തന്നെ.  അമ്മയെ കാണാന്‍ ഗ്രാമത്തിലേക്കു പോവാന്‍ മഹാബീറിനോട് വീര പറയുന്നുമുണ്ട്.

____________________________
ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനു ശേഷമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന റോഡ് മൂവിയെന്നാണ് 2013ലെ ബെര്‍ലിന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ‘ഹൈവേ’യുടെ കാറ്റലോഗ് അവകാശപ്പെട്ടത്. പക്ഷേ, ചിത്രത്തിലെവിടെയും ഡല്‍ഹിസംഭവത്തെക്കുറിച്ച് പരാമര്‍ശങ്ങളില്ല. എന്നു മാത്രമല്ല ഡല്‍ഹിസംഭവത്തിലൂടെ ഉയര്‍ന്നുവന്ന ധാരണയെ ഹൈവേ തിരുത്തുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇനിയുമൊരു വിസ്മയമായി മറ്റൊരു റോഡ് മൂവി സംഭവിക്കുംവരേക്കും ഈ സിനിമ പ്രേക്ഷകനെ വിട്ടൊഴിയുകയില്ല.  
_____________________________ 

ലോകസിനിമയില്‍ റോഡ് മൂവികളിലൂടെ ശ്രദ്ധേയനായത്  ബ്രസീലിയന്‍ ചലച്ചിത്രകാരന്‍ വാള്‍ട്ടര്‍ സാലസ് ആണ്. ‘ഫോറിലാന്‍ഡ്’ (1996), ‘സെന്‍ട്രല്‍ സ്‌റ്റേഷന്‍’ (1998), വിപ്ലവകാരിയായ ചെ ഗുവേരയുടെ ജീവിതയാത്ര ആവിഷ്‌കരിച്ച ‘ദ മോട്ടോര്‍ സൈക്കിള്‍ ഡയറീസ്’ (2004) തുടങ്ങിയ സിനിമകളിലൂടെ പാതചിത്രങ്ങള്‍ക്കു നവീനമായ ആഖ്യാനരീതി നല്‍കുകയായിരുന്നു അദ്ദേഹം. സ്വന്തം പ്രണയിനിയെ അന്വേഷിച്ചു പോവുന്ന ഫാത്തിഹ് അക്കിനിന്റെ ‘ഐ ആം ജൂലി’ (2000)ആയിരുന്നു ലോക ചലച്ചിത്രവേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു റോഡ് മൂവി. ആ ശ്രേണിയിലേക്കാണ് ഇംതിയാസ് അലിയുടെ ‘ഹൈവേ’യും സഞ്ചരിക്കുന്നത്.  അസ്തിത്വാന്വേഷണങ്ങളെ കുറിച്ചുള്ള സിനിമകളുടെ പട്ടികയില്‍ തീര്‍ച്ചയായും ഈ സിനിമയെയും ഉള്‍പ്പെടുത്താവുന്നതാണ്.
ബിംബങ്ങള്‍, ദൃശ്യങ്ങള്‍, ശബ്ദങ്ങള്‍, സാങ്കേതികത, സംഗീതം എന്നിവയുടെ സമര്‍ഥമായ പ്രയോഗത്തിലൂടെ നമ്മുടെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കുകയും ധൈഷണികതയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. അനില്‍ മേത്തയുടെ മനോഹരമായ കാമറ പ്രേക്ഷകനു ദൃശ്യവിരുന്നൊരുക്കുന്നു. എ.ആര്‍. റഹ്മാന്റെ സംഗീതവും റസൂല്‍പൂക്കുട്ടിയുടെ ശബ്ദമിശ്രണവുമൊക്കെ ‘ഹൈവേ’ക്കു മുതല്‍ക്കൂട്ടാണ്. മഹേഷ് ഭട്ടിന്റെ ഇളയമകള്‍ ആലിയാ ഭട്ട് വീരെന്ന കൗമാരക്കാരിയായി ‘ഹൈവേ’യില്‍ ജീവിക്കുകയാണ്. കച്ചവട മസാല ചിത്രമായ ‘സ്റ്റുഡന്റ് ഓഫ് ദി ഇയറി’ലൂടെ ചലച്ചിത്ര ലോകത്തേക്കു വന്ന ആലിയാഭട്ടിന്റെ കരിയര്‍ ‘ഹൈവേ’ മാറ്റി മറിക്കുകതന്നെ ചെയ്യും.
മഹാബീറെന്ന പരുക്കന്‍ റോളില്‍ രണ്‍ദീപ് ഹൂഡ കഥാപാത്രത്തോടു പൂര്‍ണമായും നീതി പുലര്‍ത്തുന്നുണ്ട്. മീരാനായരുടെ മണ്‍സൂണ്‍ വെഢിങ്ങിലൂടെ ചലച്ചിത്രലോകത്തെത്തിയ ആളാണ് അദ്ദേഹം. പോയ വര്‍ഷം വീണാ ബക്ഷിയുടെ ദ കോഫിന്‍ മേക്കറില്‍ മരണദൂതനായി നസ്‌റുദ്ദീന്‍ ഷായോടൊപ്പം തകര്‍ത്തഭിനയിച്ചതിനു ശേഷം രണ്‍ദീപിനു കിട്ടിയ കാരക്ടര്‍ റോളാണ് മഹാബീര്‍. നാനാ പടേക്കര്‍, ഇര്‍ഫാന്‍ ഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി തുടങ്ങിയ ബോളിവുഡിലെ പ്രഗൽഭരായ ഭാവാഭിനയപ്രതിഭകളോടൊപ്പം രണ്‍ദീപ് ഹൂഡയെയും ചേര്‍ത്തുവയ്ക്കാം.
ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനു ശേഷമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന റോഡ് മൂവിയെന്നാണ് 2013ലെ ബെര്‍ലിന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ‘ഹൈവേ’യുടെ കാറ്റലോഗ് അവകാശപ്പെട്ടത്. പക്ഷേ, ചിത്രത്തിലെവിടെയും ഡല്‍ഹിസംഭവത്തെക്കുറിച്ച് പരാമര്‍ശങ്ങളില്ല. എന്നു മാത്രമല്ല ഡല്‍ഹിസംഭവത്തിലൂടെ ഉയര്‍ന്നുവന്ന ധാരണയെ ഹൈവേ തിരുത്തുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇനിയുമൊരു വിസ്മയമായി മറ്റൊരു റോഡ് മൂവി സംഭവിക്കുംവരേക്കും ഈ സിനിമ പ്രേക്ഷകനെ വിട്ടൊഴിയുകയില്ല.

Top