ഡോ. എം.എസ്.ജയപ്രകാശിനെ ഓര്‍ക്കുന്നതും മറക്കുന്നതും

2013 മെയ് 10ന് അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശിനെ സ്മരിക്കുന്നതും വിസ്മരിക്കുന്നതും ചരിത്രത്തോട് അദ്ദേഹം പുലര്‍ത്തിയ സമീപനത്തെ മുന്‍നിർത്തിയാണ്. ഒരുപാടു വിഷയങ്ങളില്‍, വിവാദമായ തന്റെ കാഴ്ചപ്പാടുകള്‍, ഒരു കാലിഡോസ്‌കോപ്പിലെന്നവണ്ണം കൗതുകകരമായി തന്റെ അനുവാചകര്‍ക്ക് എംഎസ് കാട്ടിക്കൊടുത്തു പോന്നു. എൻ.എം.സിദ്ദീഖ് എഴുതുന്നു.

ഒരുമാസം മുമ്പ് ഡോ. എം.എസ്. ജയപ്രകാശിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പത്മകുമാരിയാണ് ഫോണെടുത്തത്. ഇങ്ങേത്തലക്കല്‍ ഈയുള്ളവനാണ് എന്നുപറഞ്ഞതും സെല്‍ഫോണ്‍ എംഎസിനു കൈമാറി. കൊച്ചിയില്‍ ഒരു പരിപാടിയ്ക്ക് ക്ഷണിയ്ക്കാനായിരുന്നു വിളി. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള കാഴ്ചമങ്ങലിന് തിരുനെല്‍വേലിയില്‍ ചികില്‍സ കഴിഞ്ഞ വിശ്രമവേളയിലായിരുന്നു എംഎസ് എന്റെ ക്ഷണം നിരസിക്കുവാന്‍ എംഎസിനു മടിയായിരുന്നു. പരിപാടി കൂറച്ചുകൂടി നീട്ടിവെക്കാന്‍ കഴിയുമോ എന്നദ്ദേഹം ആരാഞ്ഞു. പ്രഭാഷണ വേദിയില്‍ കുഴഞ്ഞുവീണ എംഎസ്, തീര്‍ച്ചയായും, മരണം കുറച്ചുകൂടി നീട്ടിവെക്കാന്‍ കഴിയുമോ എന്ന് ഉദ്വിഗ്നായിരുന്നിരിക്കണം. ചിന്താക്കുഴപ്പത്തിലായ ഞാന്‍ അദ്ദേഹത്തിന് വേഗേന രോഗശമനമാശംസിച്ച് സന്ദേഹത്തില്‍ ഫോണ്‍ കട്ടുചെയ്തു. മെയ് 10ന് സന്ധ്യയോടെ എംഎസിന്റെ മരണവാര്‍ത്തയറിഞ്ഞു.

വേദി ആലപ്പുഴ പഴവങ്ങാടി കാര്‍മല്‍ ഹാള്‍. മെയ് 10, വെള്ളിയാഴ്ച. ഫെറോനാ വര്‍ഷാചരണ സമിതി സംഘടിപ്പിച്ച തച്ചില്‍ മാത്തു തരകന്‍ അനുസ്മരണ സെമിനാര്‍. ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം വേദിയില്‍ നിന്ന് യാത്രപറഞ്ഞു പിരിഞ്ഞു. അധ്യക്ഷന്‍, ചരിത്രകാരനായ ഡോ.എം.എസ് ജയപ്രകാശിനെ ‘സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ തച്ചില്‍ മാത്തു തരകന്റെ നിസ്തുല സംഭാവനകള്‍’ എന്ന (അവസാന!) പ്രബന്ധാവതരണത്തിന് ക്ഷണിച്ചു.

‘സംഘാടകര്‍ എനിക്കനുവദിച്ച സമയം 35 മിനിറ്റാണ്’. (പക്ഷേ നിയതി അദ്ദേഹത്തിനനുവദിച്ച സമയം അഞ്ചുമിനിറ്റായിരുന്നു!) ചരിത്രത്തെക്കുറിച്ച് കണിശമായ സമയബോധവും വര്‍ത്തമാനത്തെ, കാലികതയെ നിരീക്ഷിക്കുന്നതില്‍ സദാ കണിശമായ ചരിത്രബോധവും  പുലര്‍ത്തിപ്പോന്നിരുന്നു, എംഎസ് എന്ന് അസ്മാദൃശരില്‍ ചിലര്‍ ചുരുക്കി വിളിക്കുന്ന ഡോ.എം.എസ് ജയപ്രകാശ്. സമയക്കുറവിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും വ്യാകുലനാവുക പതിവാണ്. തന്റെ പ്രഭാഷണ ഖണ്ഡങ്ങള്‍, ദീര്‍ഘകാലം അധ്യാപകനായ അദ്ദേഹത്തിനു പക്ഷേ, ക്ലാസ് അവറിന്റെ ചതുരന്‍ സമയനിഷ്ഠയില്‍ നിർബന്ധിക്കാനാവുമായിരുന്നു. എന്നാല്‍, എപ്പോഴും ‘ഇനിയുമുണ്ടായിരുന്നു ചിലതുകൂടി’ എന്നദ്ദേഹം ഖിന്നനായി.

ഡോ.എം.എസ് ജയപ്രകാശ് പ്രബന്ധാവതരണം തുടങ്ങി. ‘ആധുനിക തിരുവിതാംകൂറിന്റെ ശില്‍പി പല അക്കാദമിക ചരിത്രകാരന്മാരും കരുതിപ്പോരുന്നതുപോലെ, മാര്‍ത്താണ്ഡവര്‍മയല്ല!’. സാമ്പ്രദായിക ചരിത്രവായനയെ നിരാകരിക്കുന്ന എംഎസ് ശൈലി, അനേകം വേദികളില്‍ മലയാളി കൗതുക്കതോടെ കേട്ടുപോന്നതു, ഒരിക്കല്‍ക്കൂടി, അവസാനമായി. തലയിളക്കി, സരസമായ ചിരിവിരിയിച്ച്, ഒരു മ്യൂസിക് കമ്പോസറുടെയെന്നപോലെ അദൃശ്യതരംഗങ്ങളുടെ താളാത്മകതയില്‍ വലതുകൈ ഉയര്‍ത്തി, ഭാവമധുരമായ ശബ്ദത്തില്‍ ഹാളില്‍ എംഎസ് മുഴങ്ങി. മൈക്കിന്റെ ശബ്ദ സ്വീകാര്യ പരിധി ഉല്ലംഘിച്ച് പ്രസംഗിക്കുന്ന എംഎസ് ശരീരഭാഷ, അതിനാല്‍ ശബ്ദതരംഗങ്ങളുടെ വ്യത്യസ്ത മോഡുലേഷനുകളില്‍ ശ്രോതാവിന് അനുഭവേദ്യമായി. തയ്യാറാക്കിയ വിരചിത പ്രബന്ധത്തില്‍ വ്യക്തതയാവശ്യപ്പെടുന്ന ഭാഗം പേപ്പര്‍ മാറ്റിവച്ച് ലളിതമായി വിശദീകരിച്ചു.

സദസ്യര്‍ കാതുകൂര്‍പ്പിച്ചു. ‘മാര്‍ത്താണ്ഡ വര്‍മയല്ല, ഡച്ച് സൈന്യാധിപനായ വലിയ കപ്പിത്താന്‍ ഡിലനോയ് ആണ് തിരുവിതാംകൂറിന്റെ ശില്‍പി എന്ന സ്ഥാനത്തിന് കൂടുതല്‍ അര്‍ഹന്‍!’. എംഎസ് അക്കാദമിക-സവര്‍ണ ചരിത്രകാരന്മാരെ പ്രകോപിപ്പിക്കുകയാണ്. അതിന് തെളിവുമൂല്യങ്ങളുടെ പിന്‍ബലവുമുണ്ടന്ന് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണ ഉപാധികള്‍ സവിശേഷമായിരുന്നു. നൂറ്റാണ്ടുകള്‍ കേരളത്തിന്റെ മണ്ണില്‍ പുതഞ്ഞുകിടുന്ന വിസ്മൃതിയിലായ ബുദ്ധസ്മൃതികള്‍ എംഎസ് പുറത്തുകൊണ്ടുവാന്നു പൊടിതട്ടി വീണ്ടെടുത്തു. അത് ഷോകേസ് ചെയ്ത് വില്‍പ്പന നടത്തി ‘ആളാ’വാനുള്ള അവസരങ്ങള്‍ ‘കളഞ്ഞുകുളിച്ചു’. എംഎസിന്റെ അവസാന പ്രബന്ധം തുടരുന്നു; ‘ആലപ്പുഴ തുറമുഖ പട്ടണമാക്കുക എന്ന ആശയം മുന്നോട്ടുവച്ചതും അത് നടപ്പാക്കിയതും തച്ചില്‍ മാത്തു തരകനായിരുന്നു. ഇതിന്റെ തെളിവാണ് ആലപ്പുഴയിലെ ചുങ്കം മുതല്‍ കടപ്പുറം വരെ നീളുന്ന വാണിജ്യ പ്രാധാന്യമുണ്ടായിരുന്ന തോടിന്റെ പേര് മാത്തു തരകന്‍ തോട് എറിയപ്പെട്ടിരുന്നതു’.

പോര്‍ച്ച്ഗീസുകാരും, ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമായിരുന്നു ഡച്ചുകാരുടെ തകര്‍ച്ചയ്ക്ക് കാരണമായത്, മാര്‍ത്താണ്ഡവര്‍മ്മ ആയിരുന്നില്ല. വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തിന്റെ ശില്‍പ്പിയായിരുന്നു മാര്‍ത്താണ്ഡവര്‍മ. 1924ല്‍പോലും സഞ്ചാരസ്വാതന്ത്ര്യത്തിനായി വൈക്കത്ത് സമരം നടന്ന രാജ്യമാണ് തിരുവിതാംകൂര്‍. എന്നാല്‍, അത് പരാജയപ്പെടുകയായിരുന്നു. ‘ചരിത്രത്തിന് വേറിട്ട’ വായനയും വ്യാഖ്യാനവും സാധിതമാക്കിയ പി.കെ.ബാലകൃഷ്ണന്റെയും സി.കെ.കരീമിന്റെയും എന്‍.കെ.ജോസിന്റെയുമൊക്കെ ഗാലറിയില്‍ വ്യതിരിക്തമായിരുന്നു എംഎസിന്റെ കാഴ്ചപ്പാട്.

ഒരിക്കല്‍ ക്ഷോഭത്തോടെ, വിഷമത്തോടെ, നേരിട്ടു തന്നെ ചോദിച്ചു; ‘എന്തിനാണിങ്ങനെ ഫാര്‍സ്‌ട്രെച്ച്ഡ്, സെക്ടേറിയന്‍ സ്റ്റാന്റെടുക്കുന്നത്? ഇത് നിങ്ങളുടെ ചരിത്രവായനയെ അപോപുലര്‍ ആക്കുന്നില്ലേ?’ 2003ല്‍ ‘മാറാടിന്റെ വഴികള്‍ ‘ എന്ന ഡോക്യുമെന്ററിയ്ക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്ത് ക്യാമറ പായ്ക്കപ്പ് ചെയ്യുമ്പോള്‍, എംഎസിന്റെ വാക്കുകള്‍ , ‘ഇസ്‌ലാം, ഇസ്‌ലാമിനൊരിക്കലും സാമ്രാജ്യത്വ ശക്തികളുമായി സന്ധിചെയ്യാന്‍ കഴിയില്ല’, എന്ന് സൗമ്യമായ ശബ്ദത്തില്‍ അറുത്തുമുറിച്ചു മൊഴിഞ്ഞത്, ഡിവി ക്യാമറയുടെ ചെറിയ മോണിറ്റര്‍ സ്‌ക്രീനില്‍ റീവൈന്റ് ചെയ്ത് കേട്ടപ്പോഴായിരുന്നു അത്. മുസ്‌ലിം അപരത്വം ഭീഷണമായ ഫാഷിസ്റ്റ് പ്രോഗ്രാമിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴൊക്കെ, തന്റെ സുഹൃത്ത് മുകുന്ദന്‍ സി.മേനോനെപ്പോലെ, മതമൗലികവാദികളുടെ മച്ചുനന്‍ എന്ന ഭര്‍ത്സനത്തെ തെല്ലും കൂസാതെ, എംഎസ് ഇസ്‌ലാമികാദര്‍ശത്തോട് ഭൂതദയയും പക്ഷപാതിത്വവും പ്രകടിപ്പിച്ചു.

എംഎസിനു തീര്‍ത്തുവായിക്കാന്‍ കഴിയാതിരുന്ന അവസാന പ്രബന്ധമിങ്ങനെ തുടരുന്നു; ‘ഡച്ചുകാരുമായുള്ള 1741ലെ കുളച്ചല്‍ യുദ്ധം നട കാലത്താണ് മാത്തു തരകന്‍ ജനിക്കുന്നത്. 1729ല്‍ അധികാരമേറ്റ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് പിടിച്ചെടുക്കാന്‍ കഴിയാത്ത പ്രദേശങ്ങള്‍ വലിയ കപ്പിത്താനായി നിയമിതനായ ഡിലനോയിയുടെ പടയോട്ടം കൊണ്ടാണ് പിന്‍കാലത്ത് പിടിചെടുത്തത്. ഡിലനോയിയുടെ ഉറ്റസുഹൃത്തായ മാത്തു തരകനുമായി ചേര്‍ന്നാണ് വൈപ്പിന്‍ തുരുത്ത് മുതല്‍ ആനമല വരെ 30 മൈല്‍ നീളമുള്ള കോട്ടകെട്ടി തിരുവിതാംകൂറിനെ വിദേശാക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ഡിലനോയിയുടെ നേതൃത്വം ഉണ്ടായിരുന്നില്ലെങ്കില്‍ ഇടവാ വരെയുള്ള അതിര്‍ത്തിയില്‍ തിരുവിതാംകൂര്‍ ചുരുങ്ങുമായിരുന്നു’.

പുറത്ത് ലെനിനും അകത്ത് പൂന്താനവുമായി ഇരട്ട ജീവിതം സാധിക്കുന്നവരുടെ ഗണത്തിലായിരുന്നില്ല എംഎസ്. നിലപാടുകളിലും വീക്ഷണങ്ങളിലും അപായകരമാം വിധം സത്യസന്ധത അദ്ദേഹം പുലര്‍ത്തി. എന്റെ അക്ഷമമായ ചോദ്യത്തിന് ശ്രദ്ധാപൂര്‍വ്വം എംഎസ് വിശദീകരിക്കുകയായി, ഇസ്‌ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ, ആവിര്‍ഭാവകാലം മുതലുള്ള ചരിത്രസന്ദര്‍ഭങ്ങളെ മുന്‍നിറുത്തി. സ്വാതന്ത്ര്യ സമരസേനാനി എം.ശ്രീധരപ്പണിക്കരുടെ മകനും മഹാകവി എം.പി.അപ്പന്റെ ചെറുമകനുമായ എംഎസിന് ആ ആര്‍ജ്ജവം ജനിതകമായി കിട്ടിയതാണ്. അവര്‍ണ-പിന്നാക്ക രാഷ്ട്രീയം കേരളത്തില്‍ ഡിബേറ്റാക്കിയതില്‍ എംഎസ് വഹിച്ച ഭാഗധേയം ചെറുതായിരുന്നില്ല. പിന്നാക്കജനതയുടെ സാമൂഹികമുന്നേറ്റേത്തില്‍ പ്രധാന പങ്കു വഹിച്ച നിവര്‍ത്തനപ്രക്ഷോഭം, ‘തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം – സി.കേശവനെ പ്രത്യേകം അടയാളപ്പെടുത്തി’, എന്നതായിരുന്നു പിഎച്ച്ഡിക്ക് എംഎസ് തിരഞ്ഞെടുത്ത വിഷയം.

‘നായാടി മുതല്‍ നമ്പൂരി’ വരെയെന്ന വെള്ളാപ്പള്ളി മോക്കറിയെ കണക്കിനു കളിയാക്കാന്‍ എംഎസിനിഷ്ടമായിരുന്നു. മണ്‍വെട്ടിയെ മണ്‍വെട്ടിയായും വെള്ളാപ്പള്ളിയെ വെള്ളാപ്പള്ളിയായും വിളിക്കാന്‍ എംഎസിനു മടിതോന്നിയില്ല. ശ്രീനാരായണ തത്വചിന്തകരിലും ചരിത്രകാരന്മാരിലും അദ്ദേഹത്തിന്റെ വഴി വേറിട്ടതായിരുന്നു. ഒരുപാടു വിഷയങ്ങളില്‍, വിവാദമായ തന്റെ കാഴ്ചപ്പാടുകള്‍, ഒരു കാലിഡോസ്‌കോപ്പിലെന്നവണ്ണം കൗതുകകരമായി തന്റെ അനുവാചകര്‍ക്ക് എംഎസ് കാട്ടിക്കൊടുത്തു പോന്നു.

തേജസിലോ യുക്തിരേഖയിലോ കേരളശബ്ദത്തിലോ വന്ന തന്റെ ലേഖനം വായിച്ചുവോ എന്നദ്ദേഹം അടുപ്പമുള്ളവരെ അന്നക്കന്നക്ക് വിളിച്ചുചോദിച്ചു. ‘ഈ വീക്ഷണകോണില്‍ ഒന്നുനോക്കൂ’ എന്ന് എംഎസ് പറഞ്ഞുകൊണ്ടേയിരുന്നു. തനിക്ക് യോജിപ്പുള്ളതും അല്ലാത്തതുമായ നിലപാടുകളെഴുതിയ സുഹൃത്തുക്കളായ എഴുത്തുകാരെ പരമാവധി വിളിച്ച് പിന്തുണച്ചും കലഹിച്ചും തന്റെ ചരിത്രവായനയെ എംഎസ് അപ്‌ഡേറ്റ് ചെയ്തു.

ഒടുവില്‍, ആലപ്പുഴയിലും അഞ്ചുമിനിറ്റില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അത് തീര്‍ച്ചയായും അദ്ദേഹം വര്‍ഷങ്ങളായി പറയുന്ന കാര്യങ്ങളായിരുന്നു. നടപ്പു വ്യവഹാരങ്ങളെയും അംഗീകൃത ചരിത്ര വായനയെയും എംഎസ് നിര്‍ദ്ദയം നിരാകരിച്ചു. അതുകൊണ്ടെന്ത്? മുഖ്യധാര എംഎസിനെ അത്രതന്നെ അവഗണിച്ചു.

Top