കാട് കത്തുമ്പോള്‍ നാടെരിയുന്നു

  • സുധീഷ്‌ എസ്

ദക്ഷിണേന്ത്യന്‍ വനങ്ങളെ അലട്ടുന്ന ഒരു വലിയ പ്രകൃതി വിപത്താണ് കാട്ടുതീ. കഴിഞ്ഞ എതാനും വര്‍ഷങ്ങളായി കാട്ടുതീ എന്ന വിപത്തിനു പ്രാധാന്യം വര്‍ദ്ധിച്ചുവരുകയാണ് കാരണം പാരിസ്ഥിതികവും, സാമ്പത്തികവും, സാമൂഹികവുമായ ആഘാതം ഇതുമൂലം ഉണ്ടാകുന്നു. പ്രകൃത്യാല്‍ ഉണ്ടാകുന്നതിലുപരി മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളാല്‍ കാട്ടുതീ അനുദിനം വര്‍ദ്ധിച്ചു വരുന്നു, തന്മ്മൂലം കാട്ടുതീ വനസമ്പത്തു മാത്രമല്ല സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു. Forest Survey of India യുടെ കണക്കനുസരിച്ച് രാജ്യത്തില്‍ പകുതിയില്‍ അധികം വനമേഖലയും കാട്ടുതീയാല്‍ ബാധിക്കപ്പെടുന്നു. കൊടുംചൂടും, കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയുടെ തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നാമമാത്രമായ പഠനങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ നാഗാര്‍ജുനാ സാഗര്‍ ശ്രീശൈലം കടുവാസങ്കേതത്തില്‍ (എന്‍ എസ് ടി ആര്‍), നടത്തിയ ഒരു പഠനമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘എന്‍ എസ് ടി ആര്‍’ ഹൈദ്രാബാദില്‍ നിന്നും 130 km തെക്ക് കൃഷ്ണാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. 1978 ല്‍ ഈ മേഖലയെ സംരക്ഷിതമേഖലയായും 1983 ല്‍ കടുവാ സങ്കേതമായും പ്രഖ്യാപിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും ആന്ധ്രാപ്രദേശിലെ ഒരേ ഒരു കടുവാ സങ്കേതവുമാണ് ഇത്. 4347 km 2 വ്യാപ്തി ഉള്ള കടുവാ സങ്കേതത്തില്‍ 89 ജാതി ചിത്രശലഭങ്ങള്‍, 55 ജാതി മത്സ്യങ്ങള്‍, 54 ജാതി ഉരഗങ്ങള്‍, 200 ജാതി പക്ഷികള്‍, 50 ജാതി സസ്തനികളുമുണ്ട്. 1541 സപുഷ്പ്പികള്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ കൂടുതലും ഇലപൊഴിയും വൃക്ഷങ്ങളാണുള്ളത്. 2011 ലെ കണക്കനുസരിച്ച് ഇവിടെ 72 കടുവകള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്ങ് സാറ്റലൈറ്റ് ഡാറ്റാ (IRS P6 AWiFS) ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 2653.9 km2 പ്രദേശം വനനിബിഡമാണെന്നു കണ്ടെത്തി, ഇത് എന്‍ എസ്ടിആറിന്‍റെ  മൊത്തവ്യാപ്തിയുടെ ഏതാണ്ട് 61 ശതമാനമാണ്. 1973 മുതല്‍ 2010 വരെയുള്ള സാറ്റലൈറ്റ് ഡാറ്റാ പഠനത്തില്‍, 1973 ല്‍ 1.90%, 2001 ല്‍ 9.91%, 2005 ല്‍ 10.73 %, 2009 ല്‍ 21.93%, 2010 ല്‍ 10.67 % വും വനം കത്തി നശിക്കപ്പെട്ടതായി വെളിപ്പെടുത്തുന്നു. ഫെബ്രുവരി മുതല്‍ മെയ് വരെ ഉള്ള കാലയളവിലാണു കാട്ടുതീ അധികമായി ഉണ്ടാകുന്നത്. ഏകദേശ കണക്കനുസരിച്ച് 1336.6 ഹെക്ടര്‍ വനത്തെ
ഇവിടെ എല്ലാവര്‍ഷവും  കാട്ടുതീ ബാധിക്കുന്നുണ്ട്.

1973 മുതല്‍ എന്‍എസ്ടിആറിനെ ആവര്‍ത്തിച്ച് അലട്ടുന്ന ഒരു പ്രശ്നമാണു കാട്ടുതീ എന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. ആയതിനാല്‍ ഈ മേഖലയിലെ ജൈവവൈവിധ്യവും വന്യജീവികളേയും സംരക്ഷിക്കാന്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കേരളത്തിലെ വനങ്ങളില്‍ കാട്ടുതീ വ്യാപകമാകുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ്. അടുത്തകാലത്ത് മറയൂര്‍ ചന്ദനക്കാടുകളില്‍ ഉണ്ടായ തീയില്‍ ഏക്കര്‍ കണക്കിനു ചന്ദമരങ്ങളാണു  കത്തിനശിച്ചത്. ഒരു ചെറിയ തീപ്പൊരി വീണാല്‍ അളവറ്റ വനസമ്പത്താണ് ഇല്ലാതാകുന്നത്. കാട്ടുതീ മൂലമുണ്ടാകുന്ന നഷ്ടം നാം കണക്ക്കൂട്ടുന്നതിലും അപ്പുറമാണ്. നമ്മുടെ നദികള്‍ വറ്റി വരളാതിരിക്കണമെങ്കില്‍, നമ്മുടെ വന്യജീവികള്‍ സുരക്ഷിതമായിരിക്കണമെങ്കില്‍, ജനിതക സമ്പത്ത് സംരക്ഷിക്കപ്പെടണമെങ്കില്‍ എന്തു വിലകൊടുത്തും കാട്ടുതീ തടഞ്ഞേ തീരൂ.

 

തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രം പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലാണ് ലേഖകൻ .

Top