ഹരിത രാഷ്ട്രീയം ഖദര്‍ അണിയുമ്പോള്‍

രാജീവ് ശങ്കരന്‍

“അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയെക്കുറിച്ചുള്ള ആകുലതകള്‍ വി എസ്സിനേക്കാള്‍ തീവ്രമായി ഇപ്പോള്‍ പങ്കുവെക്കുന്നത് കോണ്‍ഗ്രസ് എം എല്‍ എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും ഹൈബി ഈഡനും വി ടി ബല്‍റാമുമൊക്കെയാണ്. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതില്‍ മാത്രമല്ല, പച്ചപ്പ് ഇല്ലാതാകുന്നതില്‍, അതുവഴി ഭാവി തലമുറകള്‍ക്ക് വിഭവങ്ങള്‍ അപ്രാപ്യമാകുന്നതില്‍ ഒക്കെ തീവ്രമായ ഉത്കണ്ഠ അവര്‍ പ്രകടിപ്പിക്കുന്നു. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയത് നിയമവിധേയമാക്കിക്കൊടുക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നു.  എന്തിനധികം തോട്ടങ്ങളുടെ 5% ഭൂമി വിനോദ സഞ്ചാര വികസനത്തിന് വേണ്ടി വിട്ടുനല്‍കാനുള്ള നിയമ ഭേദഗതിക്കെതിരെ വരെ ഇവരില്‍ ചിലര്‍ രംഗത്തുവന്നു. ബില്ല് നിയമസഭ അംഗീകരിച്ച് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചതിന് ശേഷമേ എതിര്‍പ്പുന്നയിക്കാന്‍ തയ്യാറായുള്ളൂ എന്നതില്‍ നിന്ന് ഉന്നയിക്കുന്ന വിഷയത്തോടുള്ള ആത്മാര്‍ഥതയും കൂറും മനസ്സിലാക്കാവുന്നതേയുള്ളൂ.”

മാ, മട്ടി, മനുഷ് (അമ്മ, ഭൂമി, സമൂഹം) എന്നതൊരു വലിയ മുദ്രാവാക്യമായിരുന്നു, രണ്ട് കൊല്ലം മുമ്പ്. പശ്ചിമബംഗാളെന്ന ചുവന്ന പരവതാനിയെ അലക്കി വെളുപ്പിക്കുന്നതില്‍ നിര്‍ണായകമായ ഒന്ന്. അതില്‍ ഭൂമിയായിരുന്നു പ്രധാന ഘടകം. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂ സമരങ്ങളും ലാല്‍ഗഢില്‍ ഭൂമിയുടെ അവകാശികള്‍ നടത്തിയ ചെറുത്തുനില്‍പ്പുമായിരുന്നു മമതാ ബാനര്‍ജിയെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ഈ മുദ്രാവാക്യത്തിലേക്ക് എത്തിച്ച പ്രധാന ഘടകങ്ങള്‍. മമതാ ബാനര്‍ജി അധികാരത്തിലേറി ഒന്നേകാല്‍ വര്‍ഷമെത്തുമ്പോഴുയരുന്ന ചോദ്യം ഈ മുദ്രാവാക്യത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചോ എന്നതാണ്? വാഗ്ദാനങ്ങള്‍ക്കപ്പുറത്ത് കര്‍ഷകര്‍ക്ക് വേണ്ടി നിങ്ങളെന്താണ് ചെയ്യുന്നത് എന്ന ചോദ്യം കഴിഞ്ഞ ദിവസമൊരു പൊതുയോഗത്തില്‍ ഉയര്‍ന്നു. ചോദ്യമുന്നയിച്ചയാള്‍ സി പി ഐ (മാവോയിസ്റ്) യുടെ അനുഭാവിയാണെന്ന് ആരോപിച്ച മമതാ ബാനര്‍ജി, അയാളെ അറസ്റ് ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. അധികാരത്തിലേക്കുള്ള പാതയില്‍ മുന്നോട്ടുവെക്കപ്പെട്ട മണ്ണിന്റെ രാഷ്ട്രീയത്തെ അധികാരം അതിവേഗം മറവു ചെയ്യുന്നുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ അതില്‍ ഉറച്ചിരിക്കുന്നതിന് വേണ്ടി ഈ രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ മറ്റൊരു രൂപം കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈ തര്‍ക്കവിതര്‍ക്കങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സമൂഹത്തിന് സഹായകമാകുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പറിച്ചെറിയപ്പെടുന്ന ജനങ്ങളെക്കുറിച്ച് മാത്രമല്ല, ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കൂടി ഇത്തരം പ്രശ്നങ്ങള്‍ മുന്നോട്ടുവെക്കുന്നു. താത്കാലിക നേട്ടങ്ങള്‍ക്കായാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇവയിലേക്ക് ശ്രദ്ധതിരിക്കുന്നത് എങ്കിലും ആശയ പ്രചാരണത്തിന്റെ വേഗത്തെ അത് വര്‍ധിപ്പിക്കുന്നുണ്ട്. ആ ആശയ പ്രചാരണത്തെ വേണ്ട വിധത്തില്‍ വിനിയോഗിക്കാനും വേണ്ടത്ര ഉച്ചത്തില്‍ കേള്‍പ്പിക്കാനും സാധിക്കുന്നുണ്ടോ? അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഭാഗമായി ഉയരുന്ന പ്രശ്നങ്ങളെ അതേ തലത്തില്‍ കൈകാര്യം ചെയ്യുകയാണോ നാം ചെയ്യുന്നത്?

മൂന്നാറിലെ കൈയേറ്റ ഭൂമികളിലേക്ക് ജെ സി ബികള്‍ നിയോഗിക്കപ്പെട്ട കാലത്താണ് വി എസ് അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യാവളനെന്ന് വിശേഷിപ്പിക്കപ്പെട്ടത്. കാലഹരണപ്പെട്ടതല്ല, കാലത്തിന് തീര്‍ത്തും യോജിച്ച പുണ്യവാളനാണ് വി എസ്സെന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ് കേരള സമൂഹം. സാഹിത്യകാരനും ഇത് മനസ്സിലാകുന്നുണ്ടാകണം. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയെക്കുറിച്ചുള്ള ആകുലതകള്‍ വി എസ്സിനേക്കാള്‍ തീവ്രമായി ഇപ്പോള്‍ പങ്കുവെക്കുന്നത് കോണ്‍ഗ്രസ് എം എല്‍ എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും ഹൈബി ഈഡനും വി ടി ബല്‍റാമുമൊക്കെയാണ്. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നതില്‍ മാത്രമല്ല, പച്ചപ്പ് ഇല്ലാതാകുന്നതില്‍, അതുവഴി ഭാവി തലമുറകള്‍ക്ക് വിഭവങ്ങള്‍ അപ്രാപ്യമാകുന്നതില്‍ ഒക്കെ തീവ്രമായ ഉത്കണ്ഠ അവര്‍ പ്രകടിപ്പിക്കുന്നു. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയത് നിയമവിധേയമാക്കിക്കൊടുക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നു. ശേഷിക്കുന്ന വയല്‍ കൂടി നികത്തപ്പെട്ടാല്‍ കേരളം മുന്നില്‍ കാണാവുന്ന ഭഷ്യ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്യുന്നു. എന്തിനധികം തോട്ടങ്ങളുടെ 5% ഭൂമി വിനോദ സഞ്ചാര വികസനത്തിന് വേണ്ടി വിട്ടുനല്‍കാനുള്ള നിയമ ഭേദഗതിക്കെതിരെ വരെ ഇവരില്‍ ചിലര്‍ രംഗത്തുവന്നു. ബില്ല് നിയമസഭ അംഗീകരിച്ച് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചതിന് ശേഷമേ എതിര്‍പ്പുന്നയിക്കാന്‍ തയ്യാറായുള്ളൂ എന്നതില്‍ നിന്ന് ഉന്നയിക്കുന്ന വിഷയത്തോടുള്ള ആത്മാര്‍ഥതയും കൂറും മനസ്സിലാക്കാവുന്നതേയുള്ളൂ.

പിന്നെ എന്തിനാണ് ഇവര്‍, പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനങ്ങളെ വിമര്‍ശിച്ചും തള്ളിപ്പറഞ്ഞും ഭൂമിയില്‍ കണ്ണുവെക്കുന്ന കഴുകന്‍മാരോട് ഏറ്റുമുട്ടുക തന്നെ ചെയ്യുമെന്ന് വീമ്പിളക്കിയും രംഗത്തെത്തുന്നത്? സ്വയം മാര്‍ക്കറ്റ് ചെയ്യേണ്ടത് ഏത് വിധത്തിലാണെന്നും ഏതൊക്കെ വിഷയങ്ങള്‍ ഏറ്റെടുത്താലാണ് ജനങ്ങള്‍ക്ക് മുന്നില്‍ മികച്ച പ്രതിച്ഛായയുണ്ടാകുകയെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഇത് മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിച്ചയാളാണ് വി എസ്. അദ്ദേഹത്തെ കാലത്തിന് തീര്‍ത്തും അനുയോജ്യനായ പുണ്യവാളനായേ കാണാനാകൂ. 2001-06 യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇടുക്കി മതികെട്ടാന്‍ ചോലയിലെ ഭൂമി കൈയേറ്റം വിലയിരുത്താന്‍ വി എസ് അച്യുതാനന്ദന്‍ മല കയറിയത് പി സി ജോര്‍ജിനെ താങ്ങാക്കിയായിരുന്നു. അന്ന് കെ എം മാണിയെക്കാള്‍ വലിയ ശത്രുവില്ലായിരുന്നു ജോര്‍ജിന്. ഇന്ന് നെല്ലിയാമ്പതിയിലെ എസ്റേറ്റുടമകള്‍ക്ക് വേണ്ടി പി സി ജോര്‍ജ് രംഗത്തുവരുമ്പോള്‍, ഈ കര്‍ഷക പുത്രന്റെ നേതാവാണ് മാണി സാര്‍. മാണി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ രണ്ടാമനകാന്‍ അവസരവും മുന്നിലുണ്ട്. പാട്ടക്കരാറിന്റെ ലംഘനമോ പാട്ടഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതോ ഒന്നും തത്കാലം പ്രശ്നമല്ല തന്നെ.
സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കി മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോയ വി എസ് അച്യുതാനന്ദന്‍, നെല്ലിയാമ്പതിയില്‍ എതിരാളികള്‍ വലിയ പഴുതു നല്‍കിയിട്ടും വെട്ടാന്‍ മടിച്ച് നില്‍ക്കുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തയ്യാറാക്കിയ കുറിപ്പില്‍ രണ്ടാം ഭൂപരിഷ്കരണമെന്ന ആശയത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ കാണിച്ച പ്രതികരണ ഊര്‍ജം, തോട്ടഭൂമിയുടെ അഞ്ച് ശതമാനം വിനോദ സഞ്ചാര വികസനത്തിന് വേണ്ടി മാറ്റിവെക്കുമ്പോള്‍ വി എസ്സിന് ഉണ്ടാകുന്നില്ല. പാര്‍ട്ടിയുടെ മുന്‍കൈയില്‍ ആരംഭിച്ച വിസ്മയപാര്‍ക്കിലെ ജലചൂഷണത്തെക്കുറിച്ചുണ്ടായത്ര വ്യാകുലത തണ്ണീര്‍ത്തടങ്ങളുടെ നികത്തല്‍ നിയമവിധേയമാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ വി എസ്സിനില്ല. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്ന കാലത്ത് തന്നെ ചെങ്ങറയില്‍ ഹാരിസണിന്റെ തോട്ടത്തില്‍ കൈയേറ്റം ആരോപിച്ച് സമരം ചെയ്തവര്‍ റബ്ബര്‍ കള്ളന്മാരായിരുന്നു വി എസ്സിന്.

സതീശന്‍, പ്രതാപന്‍ പ്രഭൃതികളുടെ കാര്യമെടുത്താലും വൈരുദ്ധ്യങ്ങള്‍ ധാരാളമാണ്. ഭൂമിയില്‍ കണ്ണുവെക്കുന്ന കഴുകന്‍മാരോട് ഏറ്റുമുട്ടുമെന്ന് വീമ്പിളക്കുന്ന ഇക്കൂട്ടര്‍, അട്ടപ്പാടിയില്‍ ഇടനിലക്കാരിലൂടെ കാറ്റാടിക്കമ്പനിയുടെ കൈവശമെത്തിയ ഭൂമിയില്‍ പാവപ്പെട്ട ആദിവാസികളുടേതുമുണ്ടെന്ന ആരോപണം പഴയതല്ല. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ് വലിയ പ്രാധാന്യം നല്‍കിയ ഒന്ന്. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചെടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്തത്? സതീശനെയും പ്രതാപനെയും പോലുള്ള ആദര്‍ശനിഷ്ഠരായ നേതാക്കള്‍ എന്തുകൊണ്ടാണ് ആ വിഷയം ഏറ്റെടുക്കാതിരിക്കുന്നത്? ഏറ്റെടുത്ത വിഷയങ്ങളില്‍ തന്നെ, എതിര്‍പ്പ് പരസ്യമായി പറയുകയും ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വീറോടെ വാദിക്കുകയും ചെയ്തു ഈ നേതാക്കള്‍. പക്ഷേ, സര്‍ക്കാര്‍ തീരുമാനങ്ങളിലൊന്നും മാറ്റമുണ്ടായില്ല. മാറ്റങ്ങള്‍ ഇവര്‍ ആഗ്രഹിച്ചിരുന്നുവെന്ന് കരുതാനും സാധിക്കില്ല. അങ്ങനെ ആഗ്രഹിച്ചിരുന്നുവെങ്കില്‍ മാറ്റം സാധ്യമാകും വരെ എതിര്‍ക്കേണ്ടിവരുമായിരുന്നു, ചിലപ്പോള്‍ പുറത്തേക്ക് നടക്കേണ്ടിവരുമായിരുന്നു. അതൊന്നുമല്ല, വിശാലമായ ജനാധിപത്യ സമ്പ്രദായം നിലവിലുള്ള പാര്‍ട്ടിയാണെന്ന സൌകര്യം പ്രയോജനപ്പെടുത്തി സ്വയമൊരു വളര്‍ച്ച സാധ്യമാക്കുക എന്ന ലളിത ഉദ്ദേശ്യമേ ഈ പട്ടികയിലുള്ള നേതാക്കള്‍ക്കുള്ളൂ, മാതൃകകളെ തെല്ലിട തെറ്റാതെ പിന്തുടര്‍ന്ന്.

കാര്യസാധ്യം ലക്ഷ്യമിട്ടുള്ള ഇത്തരം തര്‍ക്കങ്ങള്‍ പുതിയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിലയിടങ്ങളിലെങ്കിലും തുറന്നിടുന്നുവെന്നത് വസ്തുതയാണ്. അതുകൊണ്ടാ മാ, മട്ടി, മനുഷ് എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ നിങ്ങള്‍, കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തുവെന്ന ചോദ്യം മമതക്ക് നേര്‍ക്കുയരുന്നത്. ഈ ചോദ്യം മാത്രം മതി തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കാനെന്ന് അറിയാതെയല്ല അത് ഉന്നയിക്കപ്പെടുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തുവെന്ന ചോദ്യം, മമതാ ബാനര്‍ജിയെ പലതും ഓര്‍മിപ്പിക്കും. അത് തന്നെയാണ് പുതുതായി ഉയര്‍ന്ന് വരുന്ന രാഷ്ട്രീയത്തിന്റെ അന്തസ്സത്തയും.
ഇവിടെ അത്രത്തോളം സംഭവിക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. ഹരിത രാഷ്ട്രീയമുള്‍പ്പെടെ ആശയങ്ങളെ മുതലെടുക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയ്യാറാകുന്നു. ഭൂമിയില്‍ കണ്ണുവെക്കുന്ന കഴുകന്‍മാരെക്കുറിച്ച് പറഞ്ഞ് ഇതര രാഷ്ട്രീയ ഭൂമികകളുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഉദ്ദിഷ്ടകാര്യത്തിന് ശേഷം നേതാക്കള്‍ ആശയങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ബംഗാളിലുണ്ടായത് പോലൊരു ചോദ്യം ചെയ്യല്‍ ഇവിടെയുണ്ടാകുന്നില്ല. അങ്ങിനെയുണ്ടാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിച്ഛായാ നിര്‍മിതികള്‍ക്ക് ധൈര്യം ലഭിക്കുന്നത്. അത്തരം നിര്‍മിതികളെ മാതൃകയാക്കാന്‍ ആളുകളുണ്ടാകുന്നതും.

Top