വിദ്യാഭ്യാസവും ജനാധിപത്യവും

ഇന്നുള്ള വിദ്യാഭ്യാസ രീതിശാസ്ത്രം വ്യത്യസ്ത സ്വത്വമുളള ജനതകളെ പുറം തള്ളുന്നു എന്നു വിലയിരുത്തുന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ, ആ ജനതകളുടെ സാമൂഹികോന്നമനം സാദ്ധ്യമാകും വിധം വിദ്യാഭ്യാസ ഉള്ളടക്കത്തില്‍ പങ്കാളിത്തം കിട്ടാതെ വിദ്യാഭ്യാസത്തെ എങ്ങനെയാണ് അവര്‍ക്ക് തങ്ങളുടേത് എന്നു പറയാനാവുക. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ ജനാധിപത്യവത്കരണത്തില്‍ വ്യത്യസ്ത സ്വത്വമുളള ജനതകളുടെ പങ്കാളിത്തം ലഭ്യമാക്കുന്ന ഒരു ജാഗ്രത രൂപപ്പെടുത്തിയെടുക്കണം. ഇവിടെയാണ് വ്യക്തികളോടൊപ്പം സമുദായത്തിനും വിദ്യാഭ്യാസം വേണം എന്നു പറയുന്നതിന്റെ അര്‍ത്ഥം. വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകര്‍ക്കും എക്സ്പേര്‍ട്ടുകള്‍ക്കും മാത്രമേ ഇടപെടാനാകൂ എന്നത് മാറണം. മനുഷ്യനെ മാറ്റാന്‍ സാഹചര്യത്തെക്കൂടി മാറ്റണം എന്നതിവിടെയാണ് പ്രാവര്‍ത്തികമാക്കേണ്ടത്. അതിന് വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യവത്ക്കരണം വേണം എന്നു ചിന്തിക്കാതെ സാധ്യമല്ല, പ്രദീപ്‌ കുളങ്ങര എഴുതുന്നു

സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യമെന്നത് സമ്പത്തിന്റെയും, അവസരത്തിന്റെയും തുല്യത വേണം എന്നാഗ്രഹിക്കുന്നവരുടെ കാഴ്ചപ്പാടാണ്. നാം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നാണ് അത് വികസിച്ചു വരേണ്ടത്. ജനാധിപത്യത്തില്‍ നിന്നു വളരണം എന്നു പറയുമ്പോള്‍ ഇതുവരെ അനുഭവിച്ചതോ അതിന്റെ വിപരീതമോ ആയ സമഗ്രാധിപത്യത്തിലേക്ക് നിപതിക്കുകയല്ല വേണ്ടത്. മനുഷ്യനു മാത്രം ചിന്തിക്കാന്‍ കഴിയുന്ന ‘നീതി’ എന്ന മൂല്യബോധത്തോടെയുള്ള വികസനമാണ് വേണ്ടത്. അതിനെ നവ ജനാധിപത്യ ബോധം എന്നു വിളിക്കുന്നതില്‍ തെറ്റില്ല.

നീതിഎന്നത് വൃദ്ധരെയും, രോഗികളെയും, ഗര്‍ഭിണികളെയും, കുട്ടികളെയും സംരക്ഷിക്കുന്നത് എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലാകും. എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരെയും, ന്യൂനപക്ഷങ്ങളെയും പരിഗണിക്കുന്നതു കൂടിയാണത് എന്നു ചേര്‍ത്തു ചിന്തിക്കുമ്പോഴേക്കും ചില കോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നതുകാണാം. മുഴുവന്‍ മനുഷ്യരേയും മുന്നോട്ട് നയിക്കാനുള്ള ഭാവുകത്വപരമായ വൈവിധ്യങ്ങളും, അവയുടെ സ്വാതന്ത്യ്രവും, സാമൂഹികവത്ക്കരിക്കാനുള്ള അവസരവും ‘നീതി’ എന്നതില്‍ ഉള്‍പ്പെടുന്നു . സ്വത്വപരമായ പുറംതള്ളലനുഭവിക്കുന്നവര്‍ക്ക് കൂടി അതിനെ തിരിച്ചറിയാന്‍ കഴിയാത്തത് മനോമണ്ഡലത്തിലെ പ്രത്യയശാസ്ത്രപരമായ സമഗ്രാധിപത്യം കൊണ്ടാണ്. നീതി എന്ന അവബോധത്തെ ഏതെങ്കിലും സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തില്‍ നിന്നും സ്വതന്ത്രമാക്കുമ്പോള്‍ മാത്രമേ വ്യത്യസ്ത പ്രത്യയശാസ്ത്ര വീക്ഷണമുള്ളവരോടും, സ്വത്വ വൈവിധ്യമുള്ളവരോടും ‘നീതി’ എന്ന മാനുഷിക മൂല്യസംഹിതയുടെ അടിസ്ഥാനത്തില്‍ ഇടപഴകാന്‍ കഴിയും. അപ്പോള്‍ അറകളില്‍ ഒളിച്ചിരിക്കാതെ പ്രത്യയശാസ്ത്രത്തിനു വേണ്ടിയല്ല, ജീവനും ജീവിതത്തിനും നീതിയ്ക്കും വേണ്ടിയാണ് പ്രത്യയശാസ്ത്രം എന്നു ചിന്തിക്കാന്‍ കഴിയും. അതിനാല്‍ സാമൂഹികനീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യം എന്ന കാഴ്ചപ്പാട് ബലപ്രയോഗ ജനാധിപത്യം എന്നതിനേക്കാല്‍ മെച്ചപ്പെട്ടതാണ്.

ഈ അര്‍ത്ഥത്തിലുള്ള ജനാധിപത്യം ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍ മുതല്‍ ഭരണകൂടം വരെയുള്ളതില്‍ ഇത് കാണേണ്ടതുണ്ട്. ഭരണകൂടം പൊഴിഞ്ഞുപോകും എന്ന് കരുതുകയും ഭരണകൂടത്തില്‍ ജനാധിപത്യമേയില്ല എന്നു ചിന്തിക്കുന്നതും തമാശകള്‍ മാത്രമാണിന്ന്. വ്യക്തികളുടേയും, വ്യത്യസ്ത സ്വത്വവിഭാഗങ്ങളുടെയും ജീവിതപ്രശ്നങ്ങളുടെ പരിഹാരത്തിനുളള നിയമനിര്‍മ്മാണവും നിര്‍വ്വഹണവും നടത്താന്‍ ഭരണകൂടം ഒരു ഉപാധി എന്ന നിലയില്‍ ഉണ്ടാവണം. ഭരണകൂട-അധികാര നീതി എന്നതില്‍ അംബേദ്കര്‍ ചിന്തകള്‍ വളരെ പ്രസക്തമാണ്. കോടതി, നിയമനിര്‍മ്മാണം, ഉദ്യോഗഘടന, മാധ്യമം എന്നിവയെ ജനാധിപത്യത്തിനെതിരാക്കാന്‍ തക്കവണ്ണം, പൊയ്മുഖാവരണം ചാര്‍ത്തി വിവിധ തരത്തിലുള്ള സമഗ്രാധിപത്യമാണ് ഇന്നു നടക്കുന്നത് എന്നതില്‍ സംശയമില്ല. ജനാധിപത്യ പൊയ്മുഖം നിലനിര്‍ത്തിക്കൊണ്ട് ഏതെങ്കിലും ജനതക്ക് അതേ രീതിയില്‍ ഭരണകൂടത്തെ ഉപയോഗിക്കാം എന്ന ചിന്തയാണ് വളരുന്നതെങ്കില്‍ സാമൂഹികാവസ്ഥയുടെ വളര്‍ച്ചയില്‍ ഒരു സംഭാവനയും നല്‍കുന്ന കാഴ്ചപ്പാടല്ല അതെന്നെടുത്തു പറയേണ്ടതില്ലല്ലോ. കീഴാളമാക്കപ്പെട്ട ജനതയുടെ ഭരണകൂടാധികാര സമത്വം നീതിപരമായി സമഗ്രാധിപത്യവാദക്കാര്‍ ഭരണകൂടത്തെ നയിക്കുന്നതിനേക്കാള്‍ മെച്ചമായിട്ടല്ലെങ്കില്‍ ഇവിടെയൊരു മാറ്റത്തിന്റെ ആവശ്യമെന്താണ്?

നിശ്ചയമായും സാമൂഹിക വികസനത്തില്‍ ഉത്തരവാദിത്വമുള്ളവര്‍ക്ക് ഇന്നത്തെ സമഗ്രാധിപത്യ രാഷ്ട്രീയ ഘടനയില്‍ നിന്നും വിഭിന്നമായ നവ ജനാധിപത്യം എന്തെന്നു വിശദീകരിക്കാനുള്ള കടമയുണ്ട്. എന്നാല്‍ അത് ഒരു സമൂഹനിര്‍മ്മിതി ആയതിനാല്‍ അതിന്റെ തന്നെ തലത്തില്‍ ഉയര്‍ന്നു വരുകയാണ് വേണ്ടത്. അന്വേഷണത്തിന്റെയും സ്വപ്നങ്ങളുടേയും ചില ദിശകള്‍ അവതരിപ്പിക്കാനും കഴിയും. അത് അഴിമതിരഹിതവും സാമൂഹിക പ്രതിപത്തിപരവും ആയിരിക്കണം എന്നതാണ്. സാമൂഹിക പ്രതിപത്തിപരം എന്നു പറഞ്ഞാല്‍ തന്റെ ജനങ്ങള്‍ക്ക് കൊടുക്കുന്ന വാഗ്ദാനങ്ങളില്‍ നിന്ന് മറ്റ് സങ്കേതങ്ങളിലേക്ക് ഒളിച്ചുപോകാതിരിക്കുക എന്നതും കൂടിയാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് ഭരണകൂടത്തിന്റെ പരമോന്നത നിയമ നിര്‍മ്മാണസ്ഥാനത്തെത്തിക്കഴിഞ്ഞാല്‍ മറ്റ് ഉള്ളവരെ പരിഗണിക്കുന്നതോടൊപ്പം കീഴാള സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുന്നത് നീതിയുള്ള, പ്രതിപത്തിയുള്ള പ്രവര്‍ത്തനമാണ് എന്നു കരുതാനാവില്ല. ഇവിടെ ആണ് വിദ്യാഭ്യാസം വ്യക്തിപരമല്ല സാമൂഹികവും സമുദായപരവുമാണ് എന്നു ചിന്തിക്കേണ്ടയിടം. അതായത് ജാഗ്രതയും മൂല്യബോധവുമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമാണ് മുഖ്യം. പൊതുസമൂഹത്തെ നയിക്കാന്‍ പ്രാപ്തിയില്ലാത്ത വിദ്യാഭ്യാസം വന്ധ്യമാണ്. സ്വന്തം ജനതയെ മുന്നോട്ട് നയിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസം മുരടിച്ചതാണ്.

ഇത് വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം എന്ന് പുഛിച്ചു തള്ളിയിട്ട് കാര്യമില്ല. സ്വന്തം ജനതയെ വികസനദിശയില്‍ നീതിയോടെ നയിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസം ഉപേക്ഷിക്കപ്പെടുക തന്നെ വേണം. വികസനമെന്നാല്‍ സ്വത്ത് വീതം വെയ്ക്കല്‍ എന്ന സാമ്പത്തികാര്‍ത്ഥം മാത്രമല്ല, അതിന് സാമൂഹികവും സ്വത്വപരമായ അര്‍ത്ഥംകൂടി ഉണ്ടാകണമെങ്കില്‍ വിദ്യാഭ്യാസത്തിന് ഒരു രാഷ്ട്രീയം ഉണ്ട് എന്നു ചിന്തിക്കുക തന്നെ വേണം. അത് നീതിയിലധിഷ്ഠിതമായ പൊതുസമൂഹത്തിന്റെ ജനാധിപത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസത്തില്‍ അവസരസമത്വത്തിന്റെ ഭരണപരമായ പങ്കു മാത്രമല്ല, അതിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യവത്കരണം അനിവാര്യമാണ്. വിദ്യാഭ്യാസത്തിലെ ജനാധിപത്യവത്കരണം എന്നതില്‍ മുഖ്യമായി രണ്ട് ഘടകങ്ങളുണ്ട്. അതിന്റെ ഭൌതികഘടനയും, മാനസികഘടനയും അല്ലെങ്കില്‍ ഉള്ളടക്കവും രൂപവും എന്നും പറയാം. അലകും പിടിയും മാറണം എന്നു പറയുന്നതിന്റെ പരിസരം ഇതു തന്നെയാണ്. ഉള്ളടക്കം മാറാതെ ബാഹ്യരൂപത്തിലെ മാറ്റങ്ങള്‍ വെറും പുറംപൂച്ചു മാത്രമാണ്. വിദ്യാഭ്യാസത്തിലെ ഉള്ളടക്കം എന്നത് പാഠ്യപദ്ധതിയും അധ്യാപനരീതിയും അതിന്റെ പരീക്ഷാ സമ്പ്രദായവുമാണ്. ഉള്ളടക്കത്തിലെ ജനാധിപത്യവിരുദ്ധതകള്‍ മാറണം എന്നു ചിന്തിക്കുന്നത് വലിയ പാതകമാണോ? ഇത് വലിയ ചതിയാണെന്നും വിദ്യാഭ്യാസത്തില്‍ സമഗ്രാധിപത്യവും, ജനാധിപത്യവും എന്നത് പ്രവണത മാത്രമല്ലേ എന്നു ചിന്തിക്കുന്നവരും ഉണ്ട്. ജനാധിപത്യം ആഗ്രഹിക്കുന്നവര്‍ സമഗ്രാധിപത്യത്തെ ഒരു പ്രതിഷേധമെന്ന നിലയില്‍ സ്വീകരിക്കുന്നതിലും അപകടം വേറെയുണ്ടോ?

ഇന്ത്യന്‍ പാരമ്പര്യവാദികളുടെ വലിയൊരുവാദമാണ് ഗുരു-ശിഷ്യ ബന്ധം. ഗുരുമുഖത്തു നിന്നും പഠിക്കണം എന്നാണവരുടെ ഏകപക്ഷീയ കടുംപിടുത്തം. എന്നാല്‍ ഗുരുശിഷ്യ ബന്ധത്തോടൊപ്പം ഗുരുവിനോട് സംവാദം നടത്തിയിരുന്ന ഗുരുകുല പാരമ്പര്യത്തെപ്പറ്റി അവര്‍ക്ക് മിണ്ടാട്ടമുണ്ടോ? ഗുരു ശിഷ്യബന്ധത്തിലെ ബ്രാഹ്മണിസ്റ്റ് ഘടന മാറണമെങ്കില്‍ ജനാധിപത്യത്തിന്റെ രീതികള്‍, അഥവാ പരസ്പരാന്വയത്തിന്റെ രീതികള്‍ കൊണ്ടുവന്നേ മതിയാകൂ. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ സാമൂഹിക ഘടനയുടെ മാതൃക പ്രവര്‍ത്തിക്കുന്നുണ്ട് എന്നു നാം വിമര്‍ശിക്കുമ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട സാമൂഹിക ഘടനയുടെ ആവിഷ്കാരമില്ലാതെ എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും?.
ഇന്നുള്ള വിദ്യാഭ്യാസ രീതിശാസ്ത്രം വ്യത്യസ്ത സ്വത്വമുളള ജനതകളെ പുറം തള്ളുന്നു എന്നു വിലയിരുത്തുന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ, ആ ജനതകളുടെ സാമൂഹികോന്നമനം സാദ്ധ്യമാകും വിധം വിദ്യാഭ്യാസ ഉള്ളടക്കത്തില്‍ പങ്കാളിത്തം കിട്ടാതെ വിദ്യാഭ്യാസത്തെ എങ്ങനെയാണ് അവര്‍ക്ക് തങ്ങളുടേത് എന്നു പറയാനാവുക. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലെ ജനാധിപത്യവത്കരണത്തില്‍ വ്യത്യസ്ത സ്വത്വമുളള ജനതകളുടെ പങ്കാളിത്തം ലഭ്യമാക്കുന്ന ഒരു ജാഗ്രത രൂപപ്പെടുത്തിയെടുക്കണം. ഇവിടെയാണ് വ്യക്തികളോടൊപ്പം സമുദായത്തിനും വിദ്യാഭ്യാസം വേണം എന്നു പറയുന്നതിന്റെ അര്‍ത്ഥം. വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകര്‍ക്കും എക്സ്പേര്‍ട്ടുകള്‍ക്കും മാത്രമേ ഇടപെടാനാകൂ എന്നത് മാറണം. മനുഷ്യനെ മാറ്റാന്‍ സാഹചര്യത്തെക്കൂടി മാറ്റണം എന്നതിവിടെയാണ് പ്രാവര്‍ത്തികമാക്കേണ്ടത്. അതിന് വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യവത്ക്കരണം വേണം എന്നു ചിന്തിക്കാതെ സാധ്യമല്ല.

 

Top