പൗര സമൂഹം പുരോഗമനപരമെന്ന ധാരണ ശരിയല്ല

December 15, 2011

പൊതുവില്‍ പൗരസമൂഹം എന്ന് പറയുന്നത് ഭരണകൂടത്തിന് വിരുദ്ധമായ പ്രോഗ്രസീവായ ഒരു കാര്യമെന്ന മട്ടിലാണ് പ്രത്യേകിച്ചും കേരളത്തിലും കുറച്ചു കാലമായി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു പ്രവണതയാണ്.

വാസ്തവത്തില്‍ ഇന്ത്യയിലെ പൌരസമൂഹം, ജാതി എന്ന ആശയത്തെക്കുറിച്ചും വളരെ ഭൌതികമായ വിചിന്തനത്തിന് കീഴാള നവോത്ഥാന ചിന്തകരെ പ്രേരിപ്പിച്ചിട്ടുണ്ട്. പൊതുവില്‍ പൌരസമൂഹം എന്ന് പറയുന്നത് ഭരണകൂടത്തിന് വിരുദ്ധമായ പ്രോഗ്രസീവായ ഒരു കാര്യമെന്ന മട്ടിലാണ് പ്രത്യേകിച്ചും കേരളത്തിലും കുറച്ചു കാലമായി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു പ്രവണതയായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം അതിന്റെ പ്രധാനകാരണം കമ്യൂണിസ്റുകള്‍ പ്രത്യേകിച്ച് ഭരണകൂടം എന്നതും സമ്പദ്ഘടന എന്നതിനെ സംബന്ധിച്ച് കമ്യൂണിസ്റുകള്‍ ഉണ്ടാക്കിയ വളരെ തെറ്റായ ധാരണയാണ് ഇന്നു പ്രബലം. ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഭരണകൂടം. ആ ഭരണകൂടത്തിന് എതിരായ പ്രക്ഷോഭത്തില്‍ നമ്മള്‍ സഖ്യകക്ഷികളായി സ്വീകരിക്കേണ്ടത്, അല്ലെങ്കില്‍ ഏറ്റവും പ്രോഗ്രസീവായ തലമാണ് സിവില്‍ സൊസൈറ്റിയും അതിനകത്ത് രൂപം കൊള്ളുന്ന പ്രസ്ഥാനങ്ങളുമെന്ന ബോധമാണ് പൊതുവില്‍ കമ്യൂണിസ്റുകള്‍ സ്വീകരിക്കുന്നത്. ഭരണകൂട വിരുദ്ധ ആശയഗതിയാണ് പൊതുവില്‍ കമ്യൂണിസ്റുകള്‍ കേരളത്തില്‍ പ്രചരിപ്പിച്ചത്. പ്രത്യേകിച്ച് ദളിത് പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പോലും ഏറ്റവും ബ്രൂട്ടലായ എന്ററ്റി എന്നത് ഭരണകൂടമാണ്. മനുഷ്യാവകാശങ്ങള്‍ ഇല്ലാതാകുന്നത് എന്ന ധാരണയും പ്രബലമാണ്. അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം എതിര്‍ക്കപ്പെടേണ്ട ആധുനിക സ്ഥാപനം ഭരണകൂടമാണെന്ന വിചാരം ദളിത് പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പോലുമുണ്ട്.

ഇത് യൂറോപ്പിലെ ഭരണകൂടത്തിന്റെയും പൌരസമൂഹത്തിന്റെയും ചരിത്രവികാസത്തെ സംബന്ധിച്ച ധാരണ യാന്ത്രികമായി ഇന്ത്യന്‍ സമൂഹത്തിലും യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത് കൊണ്ടാണ്. ഇവിടെ ഒരിക്കലും ഭരണകൂടം സ്വതന്ത്രമായ സ്ഥാപനമായിരുന്നില്ല. ഇവിടുത്തെ ഏറ്റവും വലിയ സ്ഥാപനം എന്നും സിവില്‍ സൊസൈറ്റി തന്നെയായിരുന്നു. കാരണം ഇന്ത്യയിലെ സമൂഹവും യൂറോപ്യന്‍ സമൂഹവും തമ്മിലെ പ്രധാന വ്യത്യാസം യൂറോപ്യന്‍ സമൂഹത്തിലെ എക്കാലത്തും ഭരണകൂടത്തില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. കത്തോലിക്കാ മതം പോലും വ്യവഹാരങ്ങളില്‍ കോടതി, പോലീസ് എന്നിവ ആവശ്യമായിരുന്നു. എന്നാല്‍ ജാതി സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അത് ഒരു ഭരണകൂടത്തിന്റെയും ബലപ്രയോഗ ഉപാധികള്‍ ആവശ്യമില്ലാത്ത, സ്വയം പ്രവര്‍ത്തനക്ഷമമായ സ്വയം നിയമം നിര്‍മ്മിക്കാനും നടപ്പാക്കാനും കഴിയുന്ന ആവശ്യമായ ധാര്‍മ്മിക പരിവേഷത്തോടെയാണ് ഇന്ത്യന്‍ ജാതിസമ്പ്രദായം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് വൈദേശികാധിനിവേശവും സാമ്രാജ്യത്വവും മാറിമാറി വരുമ്പോഴും ഇന്ത്യയുടെ മൌലികസ്വഭാവത്തില്‍ മാറ്റമൊന്നും ഉണ്ടാകിതിരുന്നത്. മുഗള്‍ സാമ്രാജ്യം ഇസ്ളാമിന്റെ സാമ്രാജ്യമൊക്കെ വരുമ്പോള്‍ തന്നെ മുകളില്‍ ചില മാറ്റങ്ങള്‍ വരുന്നതല്ലാതെ ഇന്ത്യയില്‍ അടിസ്ഥാനപരമായി ഒന്നും സംഭവിക്കുന്നില്ല. സ്വയംഭരണ ഗ്രാമസമൂഹങ്ങളുടെ സാമൂഹ്യഘടനയില്‍ ഇടപെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജാതിനിയമം നടപ്പാക്കുന്നതിന് പോലീസിന്റെയോ കോടതിയുടെയോ ആവശ്യമില്ലാത്തവണ്ണം സിവില്‍ സമൂഹം തന്നെ ഒരുതരം സെക്കന്റ് സ്റേറ്റായി അല്ലെങ്കില്‍ പ്രച്ഛന്നഭരണകൂടം തന്നെയായിരുന്നു ഇന്ത്യയുടെ ജാതിസമ്പ്രദായം എന്നു പറയുന്നത്. അതുകൊണ്ട് ജാതി സമൂഹഘടനയില്‍ ഹിന്ദുയിസത്തിന് അതിന്റെ ബ്രാഹ്മണാധിപത്യം, ജാതി മേധാവിത്തം ഇതൊക്കെ എന്‍ഫോഴ്സ് ചെയ്യുന്നതിന് ഒരു പോലീസിന്റെയോ കോടതിയുടെയോ ആവശ്യമില്ലായിരുന്നു.

ജാതിനിയമങ്ങള്‍ കര്‍ശനമായി ആന്തരികവല്‍ക്കരിച്ചതുകൊണ്ട് അത് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഇന്ത്യയില്‍ ഒരു സംവിധാനങ്ങളുടെയും ആവശ്യമില്ലായിരുന്നു. അതുകൊണ്ട് ഇന്ത്യന്‍ സിവില്‍ സൊസൈറ്റി എന്നു പറയുന്നതാണ് യഥാര്‍ത്ഥത്തില്‍ അപകടകരമായ ഭരണസംവിധാനം തന്നെയായിരുന്നു. പുജാരി മുതല്‍ താഴോട്ടുള്ളവരെ ബഹുമാനിക്കുന്ന സംസ്കാരം സിവില്‍  സൊസൈറ്റിയുടെ അഭിവാജ്യ ഭാഗം തന്നെയായി വരുന്നു. ദരിദ്രനായ ബ്രാഹ്മണന്‍ പോലും ഏറ്റവും സമ്പന്നനും ശക്തിമാനുമായ ഭരണാധികാരികളെക്കാള്‍ കരുത്തനായി മാറാവുന്ന ഒരു പൌരസമ്പ്രദായമാണ് ഇന്ത്യയില്‍ വികസിച്ചുവന്നത്. അതുകൊണ്ട് ഇന്ത്യന്‍ പൌരസമൂഹം എന്നു പറയുന്നത് അതിന്റെ സാമൂഹ്യമണ്ഡലത്തിന് അകത്താണ് ഈ ജാതി സമ്പ്രദായം പ്രവര്‍ത്തിക്കുന്നത്. എല്ലാക്കാലത്തും ഹൈന്ദവഭരണക്കൂടങ്ങളും രാജാക്കന്മാരുമൊക്കെ തന്നെ ജാതിസമ്പ്രദായവും ബ്രാഹ്മണരും അവരുടെ ധര്‍മ്മശാസ്ത്രവും നടപ്പാക്കുന്ന ഏജന്‍സികള്‍ തന്നെയാണ്. അതുകൊണ്ടാണ് ശ്രീരാമന്‍ മര്യാദപുരുഷോത്തമനാകുന്നത്. ജാതിയുടെ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുന്നതുകൊണ്ടാണ് ശ്രീരാമന്‍ ഉത്തമരാജാവാകുന്നത്. രണ്ടാമത്തെ കാര്യം യൂറോപ്പില്‍ നിയമം നിര്‍മ്മിച്ചത് സിവില്‍ സൊസൈറ്റിയായിരുന്നില്ല. ഭരണകൂടമായിരുന്നു. പക്ഷെ ഇവിടം നിയമം നിര്‍മിക്കാനുള്ള അധികാരം ആദ്യകാലരാജ്യങ്ങള്‍ തൊട്ട് ബ്രിട്ടീഷുകാരുടെ വരവ് വരെ ഒരിക്കലും ഇല്ലായിരുന്നു. അതായത് പൌരസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണരോ സവര്‍ണ്ണരോ ആണ് നിയമം നിര്‍മ്മിക്കുന്നത്. അങ്ങനെയുണ്ടാകുന്ന നിയമം നടപ്പാക്കുക അല്ലെങ്കില്‍ അത് കാര്യമായി പരിപാലിക്കുന്നുണ്ടോ എന്ന് നോക്കുന്ന ധര്‍മം മാത്രമാണ് ഇവിടുത്തെ രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ഉണ്ടായിരുന്നു. ഈ സമ്പ്രദായത്തിന് മാറ്റം വന്നത് ബ്രിട്ടീഷുകാര്‍ വന്നതിനുശേഷമായിരുന്നു. അവര്‍ വന്നതിനു ശേഷമാണ് ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായ നിയമങ്ങളും ജുഡീഷ്യല്‍ സംവിധാനങ്ങളൊക്കെയും കൊണ്ടുവന്നത്. പിന്നെ യൂറോപ്യന്‍ മാതൃകയില്‍ നിയമ സംവിധാനങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കി. കോടതി വ്യവഹാരങ്ങള്‍, സാക്ഷികള്‍, തെളിവുകള്‍ ഇതെല്ലാം അവര്‍ നടപ്പാക്കിയതായിരുന്നു. ഇന്ത്യന്‍ പൌരസമൂഹം പത്തുരണ്ടായിരം വര്‍ഷത്തിലേറെയായി നടപ്പാക്കിയ വളരെ വലിയ ഒരു ആധിപത്യം തകര്‍ന്ന സന്ദര്‍ഭമതായിരുന്നു. ഇതുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയലിസം സവര്‍ണരെ സംബന്ധിച്ച് എതിര്‍ക്കേണ്ട ഒന്നായി മാറിയത്. 1850 കളുടെ ആദ്യം ജാതിനിയമങ്ങള്‍ക്കെതിരെ കാസ്റ് ഡിസേബിലിറ്റി നിയമം കൊണ്ടുവന്നതും ബ്രിട്ടീഷുകാരായിരുന്നു എന്നോര്‍ക്കണം.

ജാതി പരമ്പരാഗത സങ്കല്പമല്ല. അതൊരു ഡിസേബിലിറ്റി ആണ്. അതുകൊണ്ട് ഡിസേബിലിറ്റി അനുഭവിക്കുന്നവര്‍ക്ക് പരിഹാരം കൊടുക്കുന്ന നിയമം കൊണ്ടുവരുന്നതിനു തന്നെ ബ്രിട്ടീഷുകാര്‍ വരുന്നതുവരെ ഇന്ത്യന്‍ സമൂഹത്തിനു കാത്തുനില്‍ക്കേണ്ടിവന്നു.

ഉത്തരകാലം ടീമുമായി എഴുത്തുകാരനായ ജെ രഘു നടത്തിയ സംഭാഷണത്തില്‍ നിന്ന്.

Top